“പ്രിയ ഡോക്ടര്‍, ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള ഒരു യുവാവാണ്. ഒരു ഐ.ടി.കമ്പനിയില്‍ ജോലിചെയ്യുന്നു. ഫേസ്ബുക്ക്നോട്ടം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. അഞ്ചുമിനിട്ടില്‍ ഒരിക്കലെങ്കിലും ഫോണ്‍ എടുത്ത് ഫേസ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. മറ്റൊന്നിനും എനിക്ക് സമയംകിട്ടാതായിരിക്കുന്നു. വേറൊരു കാര്യവും ചെയ്യാന്‍ ശ്രദ്ധ കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടക്കുംമുമ്പ് എന്‍റെ ന്യൂസ്ഫീഡ് ഒരാവര്‍ത്തികൂടി നോക്കും. ഉണര്‍ന്നാല്‍ ഏറ്റവുമാദ്യം ചെയ്യുന്നത് രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്‍റുകള്‍ വന്നു എന്നൊക്കെ പരിശോധിക്കുകയാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടൊത്ത് ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിലെന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും യാതൊരുത്സാഹവും തോന്നാതായിരിക്കുന്നു. എങ്ങിനെയെങ്കിലും എന്നെ ഇതില്‍ നിന്നൊന്നു രക്ഷപ്പെടുത്തിത്തരണം.”

- ആനന്ദ്, കാക്കനാട്.

നിമിഷനേരം കൊണ്ട് വിശേഷങ്ങളും അഭിപ്രായങ്ങളും ഫോട്ടോകളുമൊക്കെ ആയിരക്കണക്കിന് ആളുകളിലേക്കെത്തിക്കാനും, എന്തിനേറെ, വിപ്ലവങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പോലും, പലരും ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ തരുന്ന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും പക്ഷേ ചിലര്‍ക്കെങ്കിലും ഇത്തരം സൈറ്റുകള്‍ പകരം നല്‍കുന്നത് മന:ക്ലേശവും അനാരോഗ്യവുമാണ്. അക്കൂട്ടത്തിലൊരാളാണ് ആനന്ദും. ഫേസ്ബുക്ക് അഡിക്ഷന്‍ എന്ന “ന്യൂജനറേഷന്‍ പ്രശ്ന”ത്തിന്‍റെ ഏതാനും മുഖ്യലക്ഷണങ്ങളാണ് ആനന്ദ് എണ്ണിപ്പറഞ്ഞത്. ഇവക്കുപുറമെ മുമ്പേയുദ്ദേശിച്ചതിലും വല്ലാതെകൂടുതല്‍ സമയം എഫ്ബിയില്‍ ചെലവഴിച്ചുപോവുക, ഏറെനാളായി അടുത്തറിയാവുന്നവരെക്കാളും പ്രാധാന്യം എഫ്ബിഫ്രണ്ട്സിനു കൊടുക്കാന്‍ തുടങ്ങുക, മറ്റു സന്തോഷങ്ങളും താല്‍പര്യങ്ങളും ഉത്തരവാദിത്തങ്ങളും അവഗണിക്കപ്പെടുകയും ജീവിതം എഫ്ബിക്കുള്ളില്‍ മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്യുക തുടങ്ങിയവയും ഈ പ്രശ്നത്തിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള അമിതമായ ഫേസ്ബുക്കുപയോഗം ആരോഗ്യം, പഠനനിലവാരം, കാര്യക്ഷമത, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയെ തകിടംമറിക്കുന്നുണ്ടെന്നതിന് ഏറെ തെളിവുകളുണ്ട്.

സ്വതവേ ആകുലചിത്തരായവരോ ആളുകളോട് ഇടപെടാനുള്ള കഴിവ് സ്വല്‍പം കുറഞ്ഞവരോ ഒക്കെയാണ് കൂടുതലായും ഇങ്ങിനെ ഫേസ്ബുക്കിന് അടിമകളായിപ്പോവുന്നത്. ദൈനംദിനജീവിതത്തിലെ ഏകാന്തതയില്‍ നിന്നോ ഉത്ക്കണ്ഠകളില്‍ നിന്നോ ഒക്കെ ഒളിച്ചോടാനായി എഫ്ബിയില്‍ അഭയംപ്രാപിക്കുന്നവര്‍ക്ക് അവിടെ താല്‍ക്കാലികമായ ഒരാശ്വാസം കൈവരികയും അതവര്‍ക്ക് ആ സൈറ്റില്‍ കൂടുതല്‍ക്കൂടുതല്‍ സമയം ചെലവഴിക്കാനുള്ള പ്രോത്സാഹനമാവുകയും ചെയ്യാം. ചെറുപ്പക്കാര്‍, സ്ത്രീകള്‍, വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് വേണ്ടത്രയില്ലാത്തവര്‍, ഏകാന്തജീവിതം നയിക്കുന്നവര്‍, വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഫേസ്ബുക്ക് അഡിക്ഷന്‍ രൂപപ്പെടാന്‍ സാദ്ധ്യത കൂടുതലുണ്ട്. ഈയൊരു പ്രശ്നത്തില്‍ നിന്നു പുറത്തുകടക്കാന്‍ പ്രയോജനപ്പെടുത്താവുന്ന പല വിദ്യകളും വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഏറ്റവും പ്രയോജനകരമായ ഏതാനും കാര്യങ്ങള്‍ക്കു മാത്രമായി നിശ്ചിത സമയം മാത്രമേ ഓരോ ദിവസവും ഫേസ്ബുക്കില്‍ ചെലവിടൂ എന്നു നിശ്ചയിക്കുക.

എന്തൊക്കെക്കാര്യങ്ങള്‍ക്കായാണ് ഫേസ്ബുക്കില്‍ സമയം ചെലവാക്കുന്നത് എന്നു ശ്രദ്ധിച്ച് ഒരാഴ്ചക്കാലത്തേക്ക് ഈ വിവരം ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെക്കുക. ഫേസ്ബുക്കില്‍ ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തികള്‍ വ്യക്തിപരമോ ജോലിസംബന്ധമോ ആയ എന്തെങ്കിലും ഗുണങ്ങള്‍ തരുന്നുണ്ടോ എന്നു പരിശോധിക്കുക. ഏറ്റവും പ്രയോജനകരമായ ഏതാനും കാര്യങ്ങള്‍ക്കു മാത്രമായി നിശ്ചിത സമയം മാത്രമേ ഓരോ ദിവസവും ഫേസ്ബുക്കില്‍ ചെലവിടൂ എന്നു നിശ്ചയിക്കുക.

കൂട്ടുകാരുടെ എണ്ണത്തിലല്ല, ഉള്ളവരുമായുള്ള ബന്ധത്തിന് വേണ്ടത്ര ആഴമുണ്ടോ എന്നതിലാണ് കാര്യം.

ചങ്ങാതിമാരാരെങ്കിലും എഴുന്നേറ്റു ഗുഡ് മോണിംഗ് പറഞ്ഞോ, പുതുതായി ഫ്രണ്ട്റിക്വസ്റ്റയച്ചവരുടെ കൂട്ടുകാര്‍ എത്തരക്കാരാണ് എന്നൊക്കെ നോക്കാന്‍ ഇടക്കിടെ എഫ്ബിയില്‍ കയറുന്ന ശീലം ദീര്‍ഘകാലാടിസ്ഥാനത്തില്‍ യാതൊരു സന്തോഷമോ സാഫല്യമോ കൊണ്ടുത്തരാന്‍ പോവുന്നില്ല എന്നോര്‍ക്കുക. പ്രൊഫൈല്‍പിക്കും കവര്‍ഇമേജും പെട്ടെന്നുപെട്ടെന്നു മാറ്റുന്നതും, തൊട്ടതും പിടിച്ചതുമൊക്കെ സ്റ്റാറ്റസായി പങ്കുവെക്കുന്നതുമൊക്കെ നമ്മുടെയും പ്രസ്തുത പോസ്റ്റുകള്‍ കാണുന്നവരുടെയും സമയം വെറുതേ പാഴാവാനും അവര്‍ക്ക് നമ്മെപ്പറ്റിയുള്ള അഭിപ്രായം മോശമാവാനും മാത്രമേ ഉപകരിക്കൂ. സാധിക്കുന്നത്ര “ഫ്രണ്ട്സി”നെ കുന്നുകൂട്ടാനുള്ള ത്വര നിയന്ത്രിക്കുക — കൂട്ടുകാരുടെ എണ്ണത്തിലല്ല, ഉള്ളവരുമായുള്ള ബന്ധത്തിന് വേണ്ടത്ര ആഴമുണ്ടോ എന്നതിലാണ് കാര്യം. നേരിട്ടു പരിചയമില്ലാത്ത കുറേയാളുകളുടെ സന്തോഷനിമിഷങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ നിരന്തരം കാണുന്നത് അപകര്‍ഷതാബോധത്തിനും വിഷാദത്തിനുമൊക്കെ വഴിവെക്കുകയും ചെയ്യാം.

ഫേസ്ബുക്ക് പകരുന്ന സന്തോഷം ജീവിതത്തിലെ മറ്റു സന്തോഷങ്ങളുമായി സമതുലിതമാണോ എന്നു പരിശോധിക്കുക. എഫ്ബിയാണ് ജീവിതത്തിലെ മുഖ്യ സന്തോഷസ്രോതസ്സ് എന്ന അവസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ ആഹ്ലാദജനകവും ആരോഗ്യദായകവുമായ മറ്റു പ്രവൃത്തികളിലും ശ്രദ്ധചെലുത്താന്‍ തുടങ്ങുക. ഉത്സവങ്ങളോ ആഘോഷങ്ങളോ മറ്റോ വരുമ്പോള്‍ ഞാന്‍ ഇന്ന തിയ്യതി വരെ ഫേസ്ബുക്കിലുണ്ടാവില്ല എന്ന് അവിടത്തെ ഫ്രണ്ട്സിനെ മുന്‍‌കൂട്ടിയറിയിച്ച് അത്രയും ദിവസത്തേക്ക് സൈറ്റില്‍ നിന്ന് അവധിയെടുക്കുക. തിരിച്ച് ഫേസ്ബുക്കില്‍ കയറുന്നതിനു മുമ്പ് എങ്ങിനെയവിടെ കുറച്ചു കൂടി ഫലപ്രദവും ദോഷരഹിതവുമായ രീതിയില്‍ ഇടപെടാം എന്നൊന്നു വിചിന്തനം നടത്തുക. ഏതൊക്കെ പ്രശ്നങ്ങളില്‍ നിന്ന്‍ ഒളിച്ചോടാനാണോ എഫ്ബിയെ ആശ്രയിക്കുന്നത്, അവയെ തിരിച്ചറിഞ്ഞ് പരിഹരിക്കുക. വ്യക്തിപരവും സാമൂഹ്യവും ജോലിസംബന്ധവുമൊക്കെയായ പല പ്രയോജനങ്ങളും ഫേസ്ബുക്ക് കൊണ്ട് ഇക്കാലത്ത് കിട്ടാം എന്നതിനാല്‍ സൈറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുപോരുക എന്നത് തുടക്കത്തിലേ പരിഗണിക്കേണ്ട ഒരു പ്രതിവിധിയല്ല. എന്നാല്‍ മുകളില്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ പലവുരു ശ്രമിച്ചിട്ടും പ്രശ്നത്തിനു പരിഹാരമാവുന്നില്ല എങ്കില്‍ അക്കൌണ്ട് ഡിലീറ്റ്‌ ചെയ്യുന്ന കാര്യവും ആലോചിക്കുക.

(2015 മാര്‍ച്ച് 16-ലെ മംഗളം വാരികയില്‍ "മനസ്സും നിങ്ങളും" എന്ന പംക്തിയില്‍ എഴുതിയത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.