മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പ്രമേഹം മനസ്സിനെത്തളര്‍ത്തുമ്പോള്‍

പ്രമേഹം മനസ്സിനെത്തളര്‍ത്തുമ്പോള്‍

പ്രമേഹം, പ്രത്യേകിച്ചത് അനിയന്ത്രിതമാവുമ്പോള്‍, കണ്ണുകളെയും കാലുകളെയും വൃക്കകളെയുമൊക്കെ തകരാറിലാക്കാമെന്നത് പൊതുവെ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. എന്നാല്‍ പ്രമേഹം മനസ്സിനെയും ബാധിക്കാമെന്നതിനെപ്പറ്റി പലരും അത്ര ബോധവാന്മാരല്ല. 

വൈദ്യശാസ്ത്രവും അനുബന്ധ സാങ്കേതികവിദ്യകളും ഏറെ മുന്നേറിക്കഴിഞ്ഞ ഇക്കാലത്തും പ്രമേഹബാധിതരില്‍ മൂന്നിലൊന്നോളം പേര്‍ക്ക് മതിയാംവണ്ണം രോഗനിയന്ത്രണം പ്രാപ്യമാവുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യവിഷയങ്ങളിലുള്ള വികലമായ കാഴ്ചപ്പാടുകള്‍, സ്വന്തം കഴിവുകളില്‍ വേണ്ടത്ര മതിപ്പില്ലായ്ക, വൈകാരിക പ്രശ്നങ്ങള്‍, സ്വന്തബന്ധങ്ങളുടെ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് പലരുടെയും പ്രമേഹനിയന്ത്രണത്തെ അവതാളത്തിലാക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രമേഹത്തിന്‍റെ ഫലപ്രദമായ നിയന്ത്രണത്തിന് രോഗികളുടെ ഭാഗത്തുനിന്നുള്ള നാനാതരത്തിലുള്ള നിരന്തരശ്രമങ്ങള്‍ — നിര്‍ദ്ദേശാനുസരണം മരുന്നു കഴിക്കുക, നിശ്ചിത ഇടവേളകളില്‍ രക്തപരിശോധന നടത്തുക, ഭക്ഷണവ്യായാമാദികളില്‍ ശ്രദ്ധപുലര്‍ത്തുക എന്നിങ്ങനെ — അനിവാര്യമാണ്. രോഗത്തിന്‍റെ സ്വയംശുശ്രൂഷക്കായി അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്‍ നിഷ്ക്കര്‍ഷിക്കുന്ന കാര്യങ്ങളെല്ലാം ചെയ്തുതീര്‍ക്കാന്‍ പ്രമേഹബാധിതര്‍ക്ക് ദിനേന രണ്ടുമണിക്കൂറോളം വേണ്ടിവരും എന്നാണു കണക്ക്. ഇത്തരമൊരു ദിനചര്യ മുടക്കമേതുമില്ലാതെ ഏറെക്കാലം പാലിച്ചുപോരാന്‍ നല്ല മനോബലവും മാനസികാരോഗ്യവും അത്യന്താപേക്ഷിതവുമാണ്. ഇതിനു വേണ്ടിവരുന്ന പരിശ്രമം പലരുടെയും മനസ്സുകളെ തളര്‍ത്തുകയും മാനസികപ്രശ്നങ്ങള്‍ക്കു നിദാനമാവുകയും ചെയ്യുക സ്വാഭാവികമാണ്. മാനസികാരോഗ്യം ഈ രീതിയില്‍ ദുര്‍ബലമാകുന്നത് പ്രമേഹബാധിതര്‍ക്ക് കൂനിന്മേല്‍ക്കുരുവെന്ന പോലെ അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനു പുറമെ പ്രമേഹചികിത്സയുടെ ഫലപ്രാപ്തിക്കു പോലും തുരങ്കംവെക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ, രോഗികളും കുടുംബാംഗങ്ങളും ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും പ്രതിവിധികളെയും പറ്റി അവബോധമാര്‍ജിക്കേണ്ടത് പ്രധാനമാണ്. പ്രമേഹത്തിന്‍റെ പതിവു മാനസികപ്രത്യാഘാതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

രോഗനിര്‍ണയത്തോടുള്ള പ്രതികരണങ്ങള്‍

തനിക്കു പ്രമേഹമുണ്ടെന്ന് ആദ്യമായിത്തിരിച്ചറിയുന്ന വേള പലര്‍ക്കും ഏറെ സംഘര്‍ഷജനകമാവാം. ശാശ്വതപരിഹാരമില്ലാത്ത, ജീവിതാന്ത്യം വരെ വിട്ടുമാറാതെ നിന്നേക്കാവുന്ന ഒരസുഖം തന്നെ പിടികൂടിയിരിക്കുന്നെന്ന ഉള്‍ക്കാഴ്ച പലരിലും കോപനൈരാശ്യങ്ങള്‍ക്കു നിമിത്തമാവാം. ചിലരില്‍ “രോഗമുണ്ടെന്നെല്ലാം വെറുതേ പറയുന്നതാണ്” എന്ന ചിന്താഗതി പോലുള്ള കണ്ണടച്ചിരുട്ടാക്കാനുള്ള പാഴ്ശ്രമങ്ങളും ദൃശ്യമായേക്കാം. രോഗവിവരം സര്‍വരുമറിഞ്ഞാല്‍ എന്താവുമവസ്ഥ, തന്‍റെ പ്രമേഹത്തെപ്പറ്റി ചുറ്റുമുള്ളവരോട് എങ്ങനെയാണ് പറഞ്ഞവതരിപ്പിക്കുക, താന്‍ എന്തിലൂടൊക്കെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നത് അവര്‍ക്കു ബോദ്ധ്യമാവുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഈ ഘട്ടത്തില്‍ സാധാരണമാണ്. സ്വയംമതിപ്പു കുറയുക, വ്യക്തിബന്ധങ്ങളില്‍ പ്രശ്നങ്ങളുടലെടുക്കുക, ജോലിയിലും മറ്റുത്തരവാദിത്തങ്ങളിലും താല്‍പര്യം പോവുക തുടങ്ങിയ പരിണിതഫലങ്ങളും കാണാന്‍കിട്ടാം. കാലങ്ങളായിട്ടു പാലിച്ചുപോന്ന ദിനചര്യകളെ പ്രമേഹനിയന്ത്രണത്തിനായി മാറ്റിയെഴുതേണ്ടി വരുന്നത് മിക്കവര്‍ക്കും വ്യസനഹേതുവാകാം. ഇതൊക്കെ മൂലം ചിലരെങ്കിലും ചികിത്സക്കും ആരോഗ്യകരമായ ജീവിതശൈലിയുടെ പാലനത്തിനുമൊന്നും പ്രത്യേകിച്ചൊരു പ്രാമുഖ്യവും കൊടുക്കേണ്ടതില്ല എന്നങ്ങു തീരുമാനിക്കുകയുമാവാം.

ഏതൊരു പ്രശ്നത്തെയും നേരിടാന്‍ നമുക്കവലംബിക്കാവുന്ന നല്ല മാര്‍ഗങ്ങളെ വിദഗ്ദ്ധര്‍ രണ്ടായിത്തിരിച്ചിട്ടുണ്ട്: ഒന്ന്, ആ പ്രശ്നത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നാഴത്തില്‍ പഠിച്ച് അവയെ പൂര്‍ണമായും ഇല്ലാതാക്കുകയോ അതു പ്രായോഗികമല്ലെങ്കില്‍ ആ കാരണങ്ങളുടെ തീവ്രത മയപ്പെടുത്താന്‍ ശ്രമിക്കുകയെങ്കിലുമോ ചെയ്യാം. രണ്ട്, നമുക്കു നിയന്ത്രിക്കാനേ പറ്റാത്ത തരത്തിലുള്ളവയാണ് പ്രസ്തുത കാരണങ്ങള്‍ എങ്കില്‍ തോറ്റു പിന്മാറാതെ ആ പ്രശ്നത്തോടു നാം പ്രതികരിക്കുന്ന രീതിയെ കഴിവത്ര ആരോഗ്യകരമാക്കി പ്രശ്നത്തിനു നമ്മുടെ മേലുള്ള സ്വാധീനത്തെ ലഘൂകരിക്കാന്‍ നോക്കാം. (ആദ്യരീതി Problem-focused coping എന്നും രണ്ടാംരീതി Emotion-focused coping എന്നുമാണ് അറിയപ്പെടുന്നത്.) വിദഗ്ദ്ധസഹായം വഴിയോ ആധികാരിക പുസ്തകങ്ങള്‍ വായിച്ചോ ഇരുരീതികളെയും പറ്റി അറിവു സ്വായത്തമാക്കി യഥാനുസരണം അവ രണ്ടും മാറിമാറിയുപയോഗിച്ച് “പ്രമേഹം പിടിപെട്ടുപോയല്ലോ” എന്ന ചിന്തയുളവാക്കുന്ന മനസ്സംഘര്‍ഷങ്ങളെ അതിജീവിക്കാവുന്നതേയുള്ളൂ.

ഉത്ക്കണ്ഠ

{xtypo_quote_left}ഷുഗര്‍നില എപ്പോഴൊക്കെയാണ് കൂടുകയോ കുറയുകയോ ചെയ്യുക, മക്കള്‍ക്കും പ്രമേഹം പാരമ്പര്യമായി ലഭിച്ചേക്കുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഇവരില്‍ സാധാരണമാണ്.{/xtypo_quote_left}അടിസ്ഥാനമില്ലാത്ത ആകുലതകള്‍ തൊട്ട് തീവ്രമായ ഉത്ക്കണ്ഠാരോഗങ്ങള്‍ വരെ പ്രമേഹരോഗികളില്‍ കാണപ്പെടാറുണ്ട്. ഷുഗര്‍നില എപ്പോഴൊക്കെയാണ് കൂടുകയോ കുറയുകയോ ചെയ്യുക, മക്കള്‍ക്കും പ്രമേഹം പാരമ്പര്യമായി ലഭിച്ചേക്കുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഇവരില്‍ സാധാരണമാണ്. രോഗം സാമാന്യം നിയന്ത്രണവിധേയമായി നില്‍ക്കുന്നവര്‍ പോലും കാഴ്ച പൊയ്പ്പോയേക്കുമോ, കാലു മുറിക്കേണ്ടതായി വരുമോ എന്നൊക്കെ വൃഥാ വ്യാകുലപ്പെടാം. ഇത്തരം അമിതോത്ക്കണ്ഠകള്‍ എപ്പിനെഫ്രിനും കോര്‍ട്ടിസോളും പോലുള്ള ഹോര്‍മോണുകളുടെ അളവു കൂടാനും അതുവഴി ഷുഗര്‍നില വഷളാവാനും കളമൊരുക്കാം. ഇന്‍സുലിന്‍ സ്വയം കുത്തുന്നതിനെയും പരിശോധനക്കായി രക്തമെടുക്കുന്നതിനെയുമൊക്കെ വല്ലാതെ ഭയക്കുന്നവര്‍ ഇതിനോടെല്ലാം വിമുഖത പുലര്‍ത്തുകയും അങ്ങിനെ പ്രമേഹം ഗുരുതരമാവാന്‍ വഴിയൊരുങ്ങുകയും ചെയ്യാം. സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ പ്രമേഹനിയന്ത്രണം കാര്യക്ഷമമല്ലാതെ പോയേക്കുമോ, കുഞ്ഞിനു കുഴപ്പം വല്ലതും പറ്റിയേക്കുമോ എന്നൊക്കെയുള്ള ആകാംക്ഷകളും നിലനില്‍ക്കാം. ഷുഗറിന്‍റെയളവ് വല്ലാതെ താഴ്ന്നുപോയി ബോധക്കേടും മറ്റും നേരിടേണ്ടിവന്നിട്ടുള്ളവര്‍ ആകെപ്പേടിച്ച് ഷുഗര്‍ ഇനിയൊരിക്കലും കുറയുകയേ ചെയ്യരുത് എന്ന വാശിയോടെ പെരുമാറാന്‍ തുടങ്ങുന്നത് ഷുഗര്‍ സദാ ക്രമാതീതമായി നിലനില്‍ക്കാന്‍ ഇടയാക്കാം. അമിതോത്ക്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, വിറയല്‍, അമിതവിയര്‍പ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവയെ രോഗിയും ബന്ധുക്കളും ചികിത്സകരും ഷുഗര്‍ താഴുന്നതിന്‍റെ സൂചനകളായി തെറ്റിദ്ധരിച്ചു പോവുന്നത് പ്രശ്നം യഥാസമയം തിരിച്ചറിയുന്നതിനും വേണ്ട പ്രതിവിധികള്‍ നടപ്പിലാക്കുന്നതിനും വിഘാതമാവുകയും ചെയ്യാം.

പ്രമേഹത്തെയും അതിന്‍റെ സങ്കീര്‍ണതകളെയും പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങള്‍ പരമാവധി സ്വായത്തമാക്കുന്നത് തെറ്റിദ്ധാരണകളെയും അനാവശ്യ ആശങ്കകളെയും ദൂരീകരിക്കാന്‍ പ്രയോജനകരമാവും.

വിഷാദം

പ്രമേഹമുള്ളവരില്‍ പകുതിയോളം പേര്‍ക്ക് വിഷാദരോഗം പിടിപെടാമെന്നും ഇതിനിരകളാവുന്നത് കൂടുതലും സ്ത്രീകളാണെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരിലെ വിഷാദവും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവാം. വിഷാദത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികവിരക്തി തുടങ്ങിയവ പ്രമേഹം അനിയന്ത്രിതമായതിന്‍റെ സൂചനകളായും, വിഷാദസഹജമായ വിട്ടുമാറാത്ത നൈരാശ്യവും ദുഃഖചിന്തകളുമൊക്കെ പ്രമേഹത്തോടുള്ള “സ്വാഭാവിക” പ്രതികരണങ്ങളായും അവഗണിച്ചു തള്ളപ്പെടാം. പലവിധ ശാരീരികപ്രയാസങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുക, എന്നാല്‍ ദേഹപരിശോധനകളിലും ബ്ലഡ്ടെസ്റ്റുകളിലും കുഴപ്പങ്ങളൊന്നും കണ്ടുകിട്ടാതിരിക്കുക എന്ന സാഹചര്യം സത്യത്തില്‍ വിഷാദത്തിന്‍റെ സൂചനയാവാം.

ചെറിയൊരു പക്ഷം രോഗികളേ വിഷാദോത്ക്കണ്ഠകളെപ്പറ്റി ഉറ്റവരോടോ ചികിത്സകരോടോ മനസ്സു തുറക്കാറുള്ളൂവെന്നും നാമോര്‍ക്കേണ്ടതുണ്ട്. എന്നാല്‍ അവരുടെ പെരുമാറ്റരീതികളില്‍ വരുന്ന ചില മാറ്റങ്ങളില്‍നിന്ന്‍ നമുക്ക് ഇത്തരം പ്രശ്നങ്ങളുടെ ചില ലാഞ്ഛനകളെ ഗ്രഹിച്ചെടുക്കാനായേക്കും. ആഹാരനിയന്ത്രണകാര്യത്തിൽ മുമ്പില്ലാത്തൊരു അലംഭാവം പ്രകടമാവുക, ഇന്‍സുലിനെടുക്കാന്‍ കൂടെക്കൂടെ വിട്ടുപോവുക, രക്തം പരിശോധിക്കുന്ന കാര്യത്തില്‍ അനവധാനത കാണിക്കാന്‍ തുടങ്ങുകയോ അല്ലെങ്കിലതു പൂര്‍ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുക, ഷുഗര്‍ കൂടുന്നതിന്‍റെയോ കുറയുന്നതിന്‍റെയോ സൂചനകളെ അവഗണിക്കാന്‍ തുടങ്ങുക, മദ്യത്തിലേക്കും പുകവലിയിലേക്കും മറ്റും തിരിയുക തുടങ്ങിയവ മാനസികാരോഗ്യം ഈവിധം ദുര്‍ബലപ്പെട്ടു തുടങ്ങിയതിന്‍റെ സൂചനകളാവാം.

പ്രമേഹചികിത്സയുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന ക്ലേശങ്ങളെയും പ്രതിബന്ധങ്ങളെയും കുറിച്ച് ചികിത്സകരോടു മനസ്സുതുറന്ന് ചര്‍ച്ച ചെയ്യുന്നത് ഇത്തരം വൈഷമ്യങ്ങളെ മറികടക്കാന്‍ ഏറെ സഹായിക്കും. റിലാക്സേഷന്‍ വിദ്യകളെയും ഉറക്കത്തെ സഹായിക്കുന്ന പൊടിക്കൈകളെയുമൊക്കെപ്പറ്റി അറിഞ്ഞെടുത്ത് അവയൊരു ശീലമാക്കുന്നതും ആശ്വാസദായകമാവും. ചിട്ടയായ ശാരീരികവ്യായാമം പ്രമേഹത്തോടൊപ്പം വിഷാദത്തിനെതിരെയും നല്ലൊരൌഷധമാണ്. ലഘുവായ പ്രശ്നങ്ങള്‍ മാത്രമുള്ളവര്‍ക്ക് കൌണ്‍സലിംഗ് മതിയായേക്കും — എന്നാല്‍ വിഷാദം തീവ്രമാവുകയോ ആകുലതകള്‍ ഉത്ക്കണ്ഠാരോഗങ്ങളായി വളരുകയോ ചെയ്തവര്‍ക്ക് ഒപ്പം മരുന്നുകളും ആവശ്യമായേക്കാം. ഇത്തരം മരുന്നുകളില്‍ ചിലവ ശരീരവണ്ണം കുറച്ചും ഷുഗര്‍നില താഴ്ത്തിയും പ്രമേഹശമനത്തിനും കൈത്താങ്ങാവും എന്ന ഗുണവുമുണ്ട്.

മടുപ്പ്

രോഗത്തുടക്കത്തില്‍ ചികിത്സാക്കാര്യത്തിലും ഭക്ഷണക്രമീകരണത്തിലുമൊക്കെ ഏറെ ജാഗരൂകരായിരുന്നവര്‍ക്ക് കാലക്രമത്തില്‍ ഇതിലൊക്കെ മടുപ്പു തോന്നിത്തുടങ്ങാം. (Diabetes burnout എന്നാണ് ഇതിനെ വിളിക്കാറുള്ളത്.) വല്ലാതെ ഒറ്റപ്പെട്ടുപോയതായിത്തോന്നുക, രോഗം തന്നെയങ്ങു കീഴ്പ്പെടുത്തിക്കളഞ്ഞെന്ന ചിന്ത ജനിക്കുക, പ്രമേഹത്തെപ്പറ്റി കഴിവതും ആലോചിക്കാതിരിക്കാന്‍ ശ്രമിക്കുക, രോഗത്തോട് അതിയായ ദേഷ്യം ജനിക്കുക, താനെടുക്കുന്ന മുന്‍കരുതലുകള്‍ പര്യാപ്തമല്ലെന്ന തോന്നലുളവാകുക തുടങ്ങിയവ ഈയൊരു മടുപ്പിന്‍റെ ഭാഗമാവാം. ഇതിനു തടയിടാനുപയോഗിക്കാവുന്ന ചില മാര്‍ഗങ്ങളിതാ:

  • അമിതപ്രതീക്ഷകള്‍ ഒഴിവാക്കുക. എത്രതന്നെ പരിശ്രമിച്ചാലും ഷുഗര്‍നിലയില്‍ ഒരിക്കലും ഏറ്റക്കുറച്ചിലുകള്‍ വരാതെ കാക്കുക അസാദ്ധ്യമാണെന്നോര്‍ക്കുക.
  • കിണഞ്ഞു ശ്രമിച്ചിട്ടും ഷുഗര്‍ നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ അതെന്തുകൊണ്ടായിരിക്കാമെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. ശീലങ്ങളിലോ ജീവിതസാഹചര്യങ്ങളിലോ കൂടുതല്‍ മാറ്റങ്ങള്‍ വല്ലതും വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുക.
  • രക്തപരിശോധനാഫലങ്ങളെ പരീക്ഷാറിസല്‍റ്റുകളെയെന്ന പോലെ സമീപിക്കാതിരിക്കുക. റിപ്പോര്‍ട്ട് അഥവാ നോര്‍മലല്ലെങ്കില്‍ അതിനെ വ്യക്തിപരമായ വീഴ്ചയായി വിലയിരുത്താതിരിക്കുക.

വിഷാദത്തെയും അമിതോത്ക്കണ്ഠയെയും മടുപ്പിനെയുമൊക്കെ ഫലപ്രദമായി നേരിടാന്‍ കുടുംബാംഗങ്ങളുടെ വൈകാരിക പിന്തുണയും ചെറുകൈസഹായങ്ങളും രോഗികള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാവും.

ലഹരിയുപയോഗം

പുകവലിയോ അമിതമദ്യപാനമോ ആവാം ചിലരില്‍ പ്രമേഹത്തിനു വിത്തിടുന്നതു തന്നെ എങ്കില്‍ മറ്റു ചിലര്‍ പ്രമേഹമുളവാക്കുന്ന മനോവൈഷമ്യങ്ങള്‍ക്കുള്ള സ്വയംചികിത്സയായി ഇത്തരം ലഹരികളില്‍ അഭയം തേടാം. ഇതിലേതു തരത്തിലാണെങ്കിലും ലഹരിയുപയോഗങ്ങള്‍ പ്രമേഹനിയന്ത്രണത്തെ തകിടംമറിക്കുകയും പ്രമേഹത്തിന്‍റെ വിവിധ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

{xtypo_quote_right}ലഹരിയുപയോഗങ്ങള്‍ പ്രമേഹനിയന്ത്രണത്തെ തകിടംമറിക്കുകയും പ്രമേഹത്തിന്‍റെ വിവിധ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.{/xtypo_quote_right}മദ്യത്തെ ദഹിപ്പിക്കുന്ന തിരക്കില്‍ കരളിന് ഗ്ലൂക്കോസിനെ രക്തത്തിലേക്കു സ്രവിപ്പിക്കാന്‍ തക്കം കിട്ടാതെ പോവുകയും അങ്ങിനെ ഷുഗര്‍ ക്രമാതീതമായിക്കുറയാന്‍ അവസരമൊരുങ്ങുകയും ചെയ്യാം. മദ്യലഹരിയിലുള്ളവര്‍ ഷുഗര്‍ താഴുന്നതിന്‍റെ സൂചനകളെ ശ്രദ്ധിക്കാതെ വിടുന്നതും പ്രശ്നമാവാം. മറുവശത്ത്, വൈനിലും ബിയറിലുമൊക്കെയുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ വിഘടിച്ച് ഗ്ലൂക്കോസായി ഷുഗര്‍നില വഷളാക്കാം. ഇക്കാരണത്താല്‍ത്തന്നെ പ്രമേഹബാധിതര്‍, പ്രത്യേകിച്ച് പ്രഷറോ കാഴ്ചാപ്രശ്നങ്ങളോ നാഡീക്ഷയമോ ഉള്ളവര്‍, മദ്യം തീര്‍ത്തും വര്‍ജിക്കുന്നതാവും നല്ലത്. മദ്യം നാഡികള്‍ക്കു പ്രമേഹം വരുത്തുന്ന കേടുപാടുകള്‍ക്ക് ആക്കം കൂട്ടുകയും കൈകാലുകളിലെ ചുട്ടുപൊള്ളലും വേദനയുമൊക്കെ വഷളാക്കുകയും ചെയ്യാം. കണ്ണിന്‍റെ പ്രശ്നങ്ങളെ കൂടുതല്‍ മോശമാക്കുക, പ്രമേഹമരുന്നുകളുടെ കാര്യശേഷി ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദുഷ്ഫലങ്ങളും മദ്യം സൃഷ്ടിക്കാം.

പ്രമേഹം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമൊക്കെ സാദ്ധ്യതയേറ്റുന്നത് ഹൃദയത്തിലെയും മറ്റും രക്തക്കുഴലുകളില്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ്. ഇതേ നാശനഷ്ടങ്ങള്‍ പുകവലി മൂലവും വരാമെന്നതിനാല്‍ പുകവലിക്കാരായ പ്രമേഹബാധിതര്‍ക്ക് കൂടുതല്‍ “വലിയ വില” കൊടുക്കേണ്ടതായി വരാം. ഇത്തരക്കാര്‍ക്ക് ലൈംഗികപ്രശ്നങ്ങള്‍, നേത്രരോഗങ്ങള്‍, നാഡീക്ഷയം, കാലുകളിലെ വിട്ടുമാറാത്ത വ്രണങ്ങള്‍ തുടങ്ങിയവ വന്നുകൂടാനുള്ള സാദ്ധ്യതയും ഏറുന്നുണ്ട്.

പുകവലിയോ മദ്യപാനമോ പെട്ടെന്നു നിര്‍ത്തുമ്പോള്‍ തലപൊക്കുന്ന അസ്വാസ്ഥ്യങ്ങള്‍, ലഹരിയുപയോഗത്തിലേക്കു പിന്നെയും തിരിച്ചുപോവണമെന്ന അടങ്ങാത്ത ത്വര തുടങ്ങിയവ കൌണ്‍സലിംഗുകളുടെയും മരുന്നുകളുടെയും സഹായത്തോടെ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

ലൈംഗികപ്രശ്നങ്ങള്‍

പ്രമേഹബാധിതരായ പുരുഷന്മാരില്‍ പകുതിയോളം പേര്‍ക്ക് ഉദ്ധാരണപ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന്‍റെ മുഖ്യകാരണം പ്രമേഹം നാഡികളിലും രക്തക്കുഴലുകളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാവാമെങ്കിലും അമിതോത്ക്കണ്ഠയും സ്വയംമതിപ്പു നഷ്ടമാവലും പോലുള്ള മനശ്ശാസ്ത്ര ഘടകങ്ങള്‍ക്കും ഇവിടെയൊരു പങ്കുണ്ടാവാം. അങ്ങിനെയുള്ളപ്പോള്‍ ലൈംഗികശേഷി പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ ആളുടെ മാനസികാരോഗ്യത്തിനു കൂടി തക്ക പരിചരണം ലഭിക്കേണ്ടതായി വരും.

(2015-ലെ ആരോഗ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: More Art Please

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

പഠനം സാദ്ധ്യമാക്കുന്നത് മനസ്സിലെയീ പണിമേശയാണ്
ലൈംഗികപരിജ്ഞാനം അളക്കാം

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62531 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41899 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26397 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23151 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21056 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.