ലേഖകനെപ്പറ്റി ഒരല്‍പം

dr shahul ameenഡോ. ഷാഹുല്‍ അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും, മനശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുന്‍നിരസ്ഥാപനങ്ങളില്‍ ഒന്നായ റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവര്‍ഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ സീനിയര്‍ റെസിഡന്റായും രണ്ടുവര്‍ഷം കട്ടപ്പന സെന്‍റ്ജോണ്‍സ് ഹോസ്പിറ്റലില്‍ സൈക്ക്യാട്രിസ്റ്റായും ജോലിചെയ്തു. 2009 ജൂലൈ മുതല്‍ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്‍റ് സൈക്ക്യാട്രിസ്റ്റാണ്.

വിവിധ അന്താരാഷ്ട്ര സൈക്ക്യാട്രി ജേര്‍ണലുകളില്‍ പത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ എഡിറ്റര്‍ എന്ന നിലയില്‍ മലയാളം പോര്‍ട്ടലായ മാനസികാരോഗ്യം.കോം, സംഘടനയുടെ ജേര്‍ണല്‍ ആയ കേരള ജേര്‍ണല്‍ ഓഫ് സൈക്ക്യാട്രി എന്നിവയുടെ എഡിറ്റര്‍ ആയിരുന്നു. 2013-ല്‍ അഹമ്മദാബാദില്‍ വെച്ചു നടന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സൈക്ക്യാട്രിയുടെ ദേശീയസമ്മേളനത്തില്‍ മികച്ച കേസ് പ്രസന്‍റേഷനുള്ള അവാര്‍ഡ് ലഭിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് സൈക്ക്യാട്രിക്ക് അസോസിയേഷന്‍സ് 2013-ല്‍ കൊളംബോയില്‍ വെച്ചു നടത്തിയ "ഏര്‍ളി കരിയര്‍ സൈക്ക്യാട്രിസ്റ്റ് പ്രോഗ്രാ"മിന് ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പത്ത് യുവസൈക്ക്യാട്രിസ്റ്റുമാരില്‍ ഒരാളായിരുന്നു. അതേവര്‍ഷം കുമരകത്തു നടന്ന ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ സമ്മേളനത്തിന്‍റെ ജോയിന്‍റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന ചുമതല വഹിക്കുകയും ചെയ്തു. 2015-ല്‍ റുമാനിയയിലെ ബുക്കാറെസ്റ്റില്‍ വെച്ചു നടന്ന വേള്‍ഡ് സൈക്ക്യാട്രിക്ക് അസോസിയഷന്‍റെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിലെ "യംഗ് ഹെല്‍ത്ത് പ്രൊഫഷണല്‍സ് ട്രാക്ക്റ്റി"ല്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പുരുഷപ്രതിനിധിയായി ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി നാമനിര്‍ദ്ദേശം ചെയ്തു. 2017 മുതല്‍, ഇന്ത്യന്‍ സൈക്ക്യാട്രിക് സൊസൈറ്റി ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെ ജേര്‍ണല്‍ ആയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആണ്. ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി 2018-ല്‍ പ്രസിദ്ധീകരിച്ച A Primer of Research, Publication and Presentation എന്ന പുസ്തകത്തിന്‍റെ കോ-എഡിറ്റര്‍ ആയിരുന്നു.

1990-ല്‍ കാസര്‍കോട്ടു നടന്ന സംസ്ഥാന സ്കൂള്‍യുവജനോത്സവത്തില്‍ കഥാരചനയില്‍ എ ഗ്രേഡ് ലഭിച്ചു. 'പോസ്റ്റ്‌മോര്‍ട്ടം' എന്ന കഥക്ക് 1999-ല്‍ കോഴിക്കോട്ടെ ബാങ്ക്ജീവനക്കാരുടെ സംഘടനയായ നവതരംഗം നടത്തിയ സംസ്ഥാനതല മിനിക്കഥാമത്സരത്തില്‍ ഒന്നാംസ്ഥാനം കിട്ടി. 'പ്രണയം' എന്ന ചെറുകഥ അതേവര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ വിഷുപ്പതിപ്പ് കോളേജുവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെറുകഥാമത്സരത്തില്‍ രണ്ടാംസമ്മാനം നേടി. 'പോക്കുവെയിലില്‍ കുറച്ചു രംഗങ്ങള്‍' എന്ന തിരക്കഥ 2007-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വെളിപാടുകള്‍' എന്ന വീഡിയോചിത്രം 2008-ല്‍  കേരള ഫിലിം ഓഡിയന്‍സ് കൌണ്‍സിലിന്‍റെ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 'ഗോഡ് ഓഫ് ഡ്രീംസ്' എന്ന തിരക്കഥ 2012-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ കേരള ഘടകം നടത്തിയ തിരക്കഥാമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി.

DMC Firewall is a Joomla Security extension!