മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

കഠിനഹൃദയരുടെ നിഗൂഢതയഴിക്കാം

psychopathy-malayalam

“കുഞ്ഞിനെയുമെടുത്ത് എങ്ങോട്ടെങ്കിലും പോയി രക്ഷപെട്ടാലോ എന്ന് പല തവണ ആലോചിച്ചതാ... പക്ഷേ എന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്, ലോകത്തേതു നാട്ടില്‍ച്ചെന്നൊളിച്ചാലും അവിടെവന്ന് എന്നെയും കുഞ്ഞിനെയും വെട്ടിനുറുക്കും എന്നാണ്.”
— ഭര്‍ത്താവിന്‍റെ അമിത മദ്യപാനവും ഗാര്‍ഹിക പീഡനങ്ങളും നേരിടുന്ന യുവതി പറഞ്ഞത്.

നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തുന്നവരെ വാര്‍ത്തയിലും സിനിമയിലുമൊക്കെക്കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ, എങ്ങിനെയാണ് ഒരാള്‍ക്ക് ഇത്രയും നിഷ്കരുണം പെരുമാറാനാകുന്നതെന്ന്? വര്‍ഷങ്ങളുടെ ജയില്‍ശിക്ഷ തീര്‍ത്തിറങ്ങി പിന്നെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെപ്പറ്റി സ്വയം ചോദിച്ചിട്ടുണ്ടോ, എന്തു ബോധമില്ലായ്കയാണ് ആ മനുഷ്യര്‍ക്കെന്ന്? ഒരാവശ്യവും ഇല്ലാഞ്ഞിട്ടും പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്ന സഹപ്രവര്‍ത്തകരെയോ, വീട്ടിലുള്ളവരെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അകന്ന ബന്ധുവിനെയോ കുറിച്ച്, എന്താ ഇവരൊക്കെയിങ്ങനെ എന്ന് ജിജ്ഞാസ തോന്നിയിട്ടുണ്ടോ? ഇത്തരം ആളുകളുടെ മനസ്സു പ്രവര്‍ത്തിക്കുന്ന രീതി പരിചയപ്പെടാം.

രണ്ടുതരം പ്രശ്നങ്ങളാണ് മുഖ്യമായും ഇവര്‍ക്കുണ്ടാകാറ്. ആന്‍റിസോഷ്യല്‍ വ്യക്തിത്വം, സൈക്കോപ്പതി എന്നിവയാണവ. മാദ്ധ്യമങ്ങളില്‍ നമുക്കു കാണാന്‍ കിട്ടുന്ന സീരിയല്‍ കില്ലര്‍മാര്‍, ബലാത്സംഗം ചെയ്യുന്നവര്‍, സാമ്പത്തികത്തട്ടിപ്പുകാര്‍, മോഷ്ടാക്കള്‍, തീവ്രവാദികള്‍ തുടങ്ങിയവരില്‍ നല്ലൊരു പങ്ക് ഈ പ്രശ്നങ്ങള്‍ പിടിപെട്ടവരാണ്. അതേസമയം, അത്രയ്ക്കു ഭീകരമായ കൃത്യങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത അനേകര്‍ നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ടു താനും. ജീവിതപരിസരങ്ങളില്‍ ഇക്കൂട്ടരെ തിരിച്ചറിയാനും തക്ക മുന്‍കരുതലുകള്‍ എടുക്കാനും ഇനിപ്പറയുന്ന വിവരങ്ങള്‍ സഹായിക്കും.

വ്യക്തിത്വം വികലമായവര്‍

ആന്‍റിസോഷ്യല്‍ വ്യക്തിത്വക്കാര്‍ നിരന്തരം ദുഷ്പവൃത്തികളും സാമൂഹ്യവിരുദ്ധ നടപടികളും കുറ്റകൃത്യങ്ങളും ചെയ്യും. പഠനം, കുടുബബന്ധങ്ങള്‍, തൊഴില്‍, വിവാഹം എന്നിങ്ങനെ ജീവിതത്തിന്‍റെ നാനാമേഖലകളിലും അവ ദൃശ്യമാകും. അവരുടെ പ്രധാന പെരുമാറ്റവൈകല്യങ്ങള്‍ ഇനിപ്പറയുന്നവയാണ്.

വഞ്ചനാശീലം

കള്ളം പറയുക, ആളുകളെ കൌശലത്തില്‍ സ്വാധീനിക്കുക, ചതിക്കുക എന്നിവ ഏറെ ഭാവനയോടും ആത്മവിശ്വാസത്തോടും അവര്‍ നടപ്പാക്കാം. കാര്യലാഭത്തിനോ ചുമ്മാ നേരമ്പോക്കിനോ അനേകരെ അവര്‍ പറ്റിക്കാം. പിടിക്കപ്പെടുന്നതിനെപ്പറ്റി യാതൊരു കൂസലുമില്ലാതെയാകാം ഇതൊക്കെയും. അഥവാ കള്ളി വെളിച്ചത്തായാലും ലവലേശം ഭാവവ്യത്യാസമോ ചമ്മലോ അവര്‍ കാണിച്ചേക്കില്ല.

എടുത്തുചാട്ടം

ഒരു കാര്യത്തിനു മുതിരുംമുമ്പ് അതിന്‍റെ ഗുണദോഷങ്ങളോ പ്രത്യാഘാതങ്ങളോ അവര്‍ പരിഗണിച്ചേക്കില്ല. എന്തില്‍നിന്നും സന്തോഷമോ ഗുണഫലമോ ഒക്കെ ഉടനടി കിട്ടണമെന്ന മനോഭാവമാകും അവര്‍ക്ക്. നേരിയ പ്രകോപനത്താല്‍പ്പോലും ബന്ധങ്ങളോ ജോലിയോ താമസസ്ഥലമോ അവര്‍ ഉപേക്ഷിക്കാം.

മുന്‍കോപവും അക്രമാസക്തതയും

വിമര്‍ശനങ്ങളോ തിരിച്ചടികളോ നേരിടേണ്ടി വന്നാല്‍ അവര്‍ അസഭ്യവര്‍ഷമോ ഭീഷണികളോ ശാരീരികോപദ്രവമോ പുറത്തെടുക്കാം. തദനന്തരം, അതൊന്നും തെറ്റായിപ്പോയെന്നു വകവെച്ചു തരാതെ, ന്യായം തന്‍റെ ഭാഗത്തായിരുന്നെന്നു സമര്‍ത്ഥിക്കാം. നിരുപദ്രവപരമായ സംഭാഷണശകലങ്ങളെയും പെരുമാറ്റങ്ങളെയുമൊക്കെ അവര്‍ പരിഹാസമോ അധിക്ഷേപമോ ആയി ദുര്‍വ്യാഖ്യാനിക്കുകയും പ്രകോപിതരാവുകയും ചെയ്യാം.

സുരക്ഷയില്‍ ശ്രദ്ധയില്ലായ്ക

തങ്ങള്‍ക്കോ മറ്റുളളവര്‍ക്കോ അപകടം പിണയുന്നതിനെച്ചൊല്ലി യാതൊരു വേവലാതിയും അവരില്‍ കണ്ടേക്കില്ല. ഏറെയളവില്‍ ലഹരിയുപയോഗിക്കുകയും, അമിതവേഗതയിലോ മദ്യപിച്ചോ വണ്ടിയോടിക്കുകയും, മുന്‍കരുതലുകളെടുക്കാതെ പലരോടും വേഴ്ചയില്‍ ഏര്‍പ്പെടുകയുമൊക്കെ അവര്‍ ചെയ്യാം. തങ്ങളുടെ സംരക്ഷണത്തിലുള്ള കുട്ടികളെ അവര്‍ വേണ്ടുംവിധം പരിപാലിച്ചേക്കില്ല.

നിരുത്തരവാദപരത

കടമകള്‍ക്കും ശപഥങ്ങള്‍ക്കുമെല്ലാം അവര്‍ പുല്ലുവിലയേ കല്‍പിക്കൂ. ജോലിസ്ഥലത്തു വല്ലപ്പോഴും മാത്രം ചെല്ലുകയും വാങ്ങിയ കടങ്ങള്‍ തിരിച്ചുകൊടുക്കാതിരിക്കുകയുമൊക്കെ അവരുടെ മുഖമുദ്രകളാണ്.

കുറ്റബോധമില്ലായ്മ

സ്വന്തം ചെയ്തികള്‍ ഇതരരുടെ ജീവിതം കുട്ടിച്ചോറാക്കുന്നതിനെപ്രതി അവര്‍ക്ക് ഒട്ടും അപരാധബോധം കണ്ടേക്കില്ല. (“അന്നു രാത്രി ഞാന്‍ ആകെയൊരു ചൊറിഞ്ഞ മൂഡിലായിരുന്നെന്ന് ആര്‍ക്കും കണ്ടാല്‍ മനസ്സിലാകുമായിരുന്നു. എന്നിട്ടും വെറുതേ വകുപ്പും പറഞ്ഞു പിറകേ കൂടിയിട്ടല്ലേ എനിക്കയാളെ കുത്തേണ്ടി വന്നത്?”)

നിയമലംഘനോത്സുകത

സാമാന്യമര്യാദകളോ നിയമങ്ങളോ തെല്ലുമേ പാലിക്കാതെ, പൊതുമുതല്‍ നശീകരണവും ലഹരിവില്‍പനയും മോഷണവുമെല്ലാം അവര്‍ നിര്‍ബാധം നടത്താം. അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കുക പരിചയമുള്ള രീതിയല്ല എന്നതിനാല്‍ത്തന്നെ അവര്‍ തുടരെത്തുടരെ അറസ്റ്റും ജയില്‍വാസവും നേരിടാം.

ഇപ്പറഞ്ഞതൊക്കെ അവര്‍ ബോധപൂര്‍വം ചെയ്യുന്നതല്ലേ, പിന്നെങ്ങിനെ ആന്‍റിസോഷ്യല്‍ വ്യക്തിത്വം മനോരോഗങ്ങളുടെ ഗണത്തില്‍വരും എന്നു ചിലരെങ്കിലും സന്ദേഹിക്കാം. ഈ സ്വഭാവ സവിശേഷതകള്‍ തലച്ചോറിലെ ചില വ്യതിരിക്തതകളുടെ സൃഷ്ടിയായതിനാല്‍, എന്നാണതിനുത്തരം. അതേസമയം, ഈ ദുഷ്പ്രവൃത്തികളെല്ലാം അഴിച്ചുവിടുന്നത് തികച്ചും സുബോധത്തിലാണ് എന്നതിനാല്‍ നിയമത്തിനു മുന്നില്‍ ഒരു മനോരോഗിക്കു ലഭിച്ചേക്കാവുന്ന ഒരു പരിഗണനയും അവര്‍ക്കു കിട്ടില്ല താനും.

അതിലും ക്രൂരര്‍

സൈക്കോപ്പതി എന്ന രണ്ടാമത്തെ പ്രശ്നം, ആന്‍റിസോഷ്യല്‍ വ്യക്തിത്വത്തെക്കാളും തീവ്രമാണ്. ആന്‍റിസോഷ്യല്‍ വ്യക്തിത്വത്തിന്‍റെ മേല്‍വിവരിച്ച ലക്ഷണങ്ങള്‍ക്കു പുറമേ താഴെപ്പറയുന്ന പ്രവണതകളുംകൂടി സൈക്കോപ്പതി ബാധിതര്‍ കാണിക്കാം.

കാമ്പില്ലാത്ത വാചാലത

ഭംഗിയായി സംസാരിക്കാനും തമാശയടിക്കാനും ആകര്‍ഷണീയമായി പെരുമാറാനും അങ്ങിനെ ആളുകളെ കയ്യിലെടുക്കാനുമുള്ള പാടവം അവര്‍ക്കു സമൃദ്ധമായിരിക്കും. നാനാ വിഷയങ്ങളെപ്പറ്റി ഉപരിപ്ലവമായി പലതും പറഞ്ഞുപോകുമെങ്കിലും ഒന്നിനെക്കുറിച്ചും ഗഹനമായ ധാരണ അവര്‍ക്കുണ്ടായേക്കില്ല.

അഹന്താധാര്‍ഷ്ട്യങ്ങള്‍

സ്വന്തം വിലയെയും പ്രാധാന്യത്തെയും സംബന്ധിച്ച് അതിരുകടന്ന കാഴ്ചപ്പാടുകള്‍ അവര്‍ പുലര്‍ത്താം — താന്‍ എല്ലാവര്‍ക്കും മുകളിലാണ്, ലോകത്തിന്‍റെ കേന്ദ്രബിന്ദുവാണ് എന്നൊക്കെപ്പോലെ. താന്‍തന്നെ രൂപപ്പെടുത്തിയ നിയമങ്ങള്‍ മാത്രം താന്‍ അനുസരിച്ചാല്‍ മതി, മറ്റുളളവര്‍ക്കു മേല്‍ ശക്തിയും അധികാരവും പയറ്റുക തന്‍റെ ജന്മാവകാശമാണ് എന്നെല്ലാം അവര്‍ ധരിച്ചുവശാവാം.

സമഷ്ടിസ്നേഹരാഹിത്യം

മറ്റു മനുഷ്യര്‍ക്കും മനോവികാരങ്ങളും കാഴ്ചപ്പാടുകളുമുണ്ട് എന്നൊരു ബോദ്ധ്യം അവര്‍ക്കു കാണില്ല. അപരരുടെ വികാരങ്ങളോ വേദനകളോ അവകാശങ്ങളോ ഉള്‍ക്കൊള്ളുകയോ വകവെച്ചുകൊടുക്കുകയോ അവരുടെ പ്രകൃതവുമല്ല. “ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം സൂര്യമണ്ഡലം” എന്ന കവിവചനത്തിന്‍റെ പൊരുള്‍ അവര്‍ക്കു പരിചിതമേയാവില്ല.

വൈകാരിക ദാരിദ്ര്യം

നാടകീയമായ വികാരപ്രകടനങ്ങള്‍ സന്ദര്‍ഭാനുസൃതം പുറത്തെടുക്കാമെങ്കിലും ഉള്ളിന്‍റെയുള്ളില്‍ അവര്‍ക്കു വികാരങ്ങളൊന്നും തക്ക തീവ്രതയോടെ അനുഭവവേദ്യമായേക്കില്ല. ഭയവിഹ്വലതകളുടെ വേളകളില്‍ ഹൃദയമിടിപ്പു കൂടുകയും മറ്റും മനുഷ്യസഹജമാണെങ്കിലും സൈക്കോപ്പതി ബാധിതരില്‍ അത്തരം ശാരീരികമാറ്റങ്ങള്‍ ബലഹീനമായിരിക്കും. പ്രേമവും കാമവും തമ്മിലും ബോറടിയും നിരാശയും തമ്മിലുമൊക്കെ വേര്‍തിരിച്ചറിയാന്‍ അവര്‍ക്കു ക്ലേശമുണ്ടാകാം.

ആന്‍റിസോഷ്യല്‍ വ്യക്തിത്വമുള്ളതില്‍ മൂന്നിലൊന്നോളം പേരില്‍ ഒപ്പം സൈക്കോപ്പതിയും സന്നിഹിതമാണ്. അങ്ങിനെയുള്ളവര്‍ കൂടുതല്‍ ഹീനവും വൈവിദ്ധ്യപൂര്‍ണവുമായ കുറ്റകൃത്യങ്ങള്‍ കാട്ടാം.

ബന്ധങ്ങളെ ബാധിക്കുന്നത്

അവരുടെ വാഗ്സാമര്‍ത്ഥ്യത്തിലും ഹൃദ്യമായ പെരുമാറ്റത്തിലും വിശ്വസനീയത ചാലിച്ച കള്ളങ്ങളിലും പങ്കാളികള്‍ ഞൊടിയില്‍ വീണുപോകാം. പ്രേമബന്ധത്തെ വിവാഹത്തിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ തിടുക്കം കൂട്ടാം. എന്നാല്‍, ക്രമേണ, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അരങ്ങുപിടിച്ചുപറ്റാം. ഭീതി വിതറി പങ്കാളിയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തുക അവരുടെയൊരു മുഖ്യായുധമാണ്. ഇതിനെല്ലാം സാഹചര്യമൊരുങ്ങുന്നതു പലപ്പോഴും ലഹരിയുപയോഗം വര്‍ദ്ധിക്കുമ്പോഴോ ഭാര്യ ഗര്‍ഭവതിയാകുമ്പോഴോ പ്രസവശേഷമോ വിവാഹേതര ബന്ധങ്ങള്‍ ലഭ്യമാകുമ്പോഴോ ഒക്കെയാണ്.

മക്കളെ അവര്‍ അവഗണിക്കുകയോ പീഡിപ്പിക്കുകയോ നിയമവിരുദ്ധ കാര്യങ്ങള്‍ക്കു നിര്‍ബന്ധിക്കുകയോ ചെയ്യാം. ദാമ്പത്യകലഹങ്ങള്‍, സാമ്പത്തികപ്രശ്നങ്ങള്‍, നിരന്തരമുള്ള വീടുമാറലുകള്‍ എന്നിവയും കുട്ടികള്‍ക്കു ദോഷകരമാകാം.

പ്രായലിംഗഭേദങ്ങള്‍

ഈ സ്വഭാവവൈകല്യങ്ങള്‍ സാന്നിദ്ധ്യമറിയിച്ചു തുടങ്ങുക കുട്ടിക്കാലത്തോ കൌമാരത്തുടക്കത്തിലോ ആണ്. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ വളരാന്‍ അവസരം ലഭിക്കുന്ന ചിലരില്‍ മുതിരുന്നതോടെ അവ അപ്രത്യക്ഷമാകാം. അല്ലാത്തവരില്‍ ഒരു നാല്‍പതു വയസ്സുവരെയൊക്കെ അവ നിലനില്‍ക്കാറുണ്ട്. അതിനുശേഷം, വിശേഷിച്ചും അക്രമാസക്തത, നേര്‍ത്തില്ലാതാവുകയാണു പതിവ്. ലഹരിയുപയോഗവും അപകടങ്ങളില്‍പ്പെടാനുള്ള അമിത സാദ്ധ്യതയും ചിലര്‍ക്ക് അകാലചരമം തീര്‍ക്കാറുമുണ്ട്.

ഈ പ്രശ്നങ്ങള്‍ സ്ത്രീകളേക്കാളും എട്ടിരട്ടി പുരുഷന്മാരെ ബാധിക്കുന്നുണ്ട്. അതിനര്‍ത്ഥം, വിരളമായെങ്കിലും സ്ത്രീകളിലും ഇവ കാണാമെന്നാണ്. എന്നാല്‍ അവരില്‍ ലക്ഷണങ്ങള്‍ വ്യത്യസ്തമാകാം. ഉദാഹരണത്തിന്, ആളുകളെ മയക്കാന്‍ അവരവലംബിക്കുന്ന ഉപായം ലൈംഗികമായ പ്രലോഭനങ്ങളാകാം.

എന്തുകൊണ്ടു സംഭവിക്കുന്നു?

തലച്ചോറിന്‍റെ വിവിധ ഭാഗങ്ങളിലെ അപാകതകളാണ്‌ ഈ പ്രശ്നങ്ങള്‍ക്ക് ഇടനിലയാകുന്നത്. ആസൂത്രണപാടവവും നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവും നമുക്കു തരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്, വികാരോത്പാദനത്തില്‍ മുഖ്യപങ്കു വഹിക്കുന്ന അമിഗ്ഡാല എന്നിവയില്‍ ഇത്തരക്കാരില്‍ അസ്വാഭാവികത്വം ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കു നിദാനമാകുന്നത്, ആ ഭാഗങ്ങളെ നിയന്ത്രിക്കുന്ന ജീനുകളില്‍ പാരമ്പര്യമായി വരുന്ന വൈകല്യങ്ങളോ, ബാല്യശൈശവങ്ങളില്‍ ഏല്‍ക്കുന്ന അവഗണനയും പീഡനങ്ങളുമോ ആകാം.

കുടുംബാംഗങ്ങള്‍ക്കു ചെയ്യാവുന്നത്

  • മേല്‍പ്പറഞ്ഞ തരം ലക്ഷണങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ സദാ കാണിക്കുന്നെങ്കില്‍ ഈ പ്രശ്നങ്ങളെപ്പറ്റി കൂടുതല്‍ വായിച്ചറിയുക.
  • ഒരു സൈക്ക്യാട്രിസ്റ്റിനോടോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോടോ കാര്യം ചര്‍ച്ച ചെയ്യുക.
  • വിദഗ്ദ്ധ പരിശോധനകള്‍ക്കു സഹകരിക്കാന്‍ ആ വ്യക്തിയെ പ്രേരിപ്പിക്കുക. ആന്‍റിസോഷ്യല്‍ വ്യക്തിത്വത്തിനോ സൈക്കോപ്പതിക്കോ ശാസ്ത്രീയ പഠനങ്ങളില്‍ ഫലപ്രാപ്തി തെളിഞ്ഞ ചികിത്സകള്‍ അധികമില്ല. അതേസമയം മുന്‍കോപം, എടുത്തുചാട്ടം, അമിത മദ്യപാനം, വിഷാദരോഗം തുടങ്ങിയ ഏറെ ദുരിതജനകമായ അനുബന്ധപ്രശ്നങ്ങള്‍ക്ക് മരുന്നാലും മനശ്ശാസ്ത്ര ചികിത്സകളാലും നല്ല ശമനം കിട്ടാം. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിശോധനകള്‍ക്കും പരിഹാരശ്രമങ്ങള്‍ക്കും എന്ന രീതിയില്‍ വേണം വിദഗ്ദ്ധസന്ദര്‍ശനത്തിനു ക്ഷണിക്കാന്‍.
  • “ചികിത്സയ്ക്കു സഹകരിച്ചില്ലെങ്കില്‍ വിവാഹമോചനം” എന്നൊക്കെ നിര്‍ബന്ധം പിടിക്കുന്നത് ശാരീരികോപദ്രവത്തില്‍ കലാശിച്ചേക്കാം, നടപ്പിലാക്കാത്ത ഭീഷണികള്‍ അവരുടെ വീര്യവും ധൈര്യവും വര്‍ദ്ധിപ്പിക്കും എന്നൊക്കെ ഓര്‍ക്കുക.
  • മക്കളാണു പ്രശ്നം കാണിക്കുന്നത് എങ്കില്‍ അവരുടെ വാശികള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങിക്കൊടുത്തു ശീലിപ്പിക്കാതിരിക്കുക. ഇത്തരം കുട്ടികളെ നേരിടാനും നേരെയാക്കാനും മാതാപിതാക്കളെ സജ്ജരാക്കുന്ന “പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ്” എന്നൊരു ഫലപ്രദമായ മനശ്ശാസ്ത്ര ചികിത്സ ലഭ്യമായുണ്ട്.
  • ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ പലരും നിന്നുസഹിക്കാറുണ്ട്. ഇതിലേക്കു നയിക്കാറ്, പ്രതികാരഭീതിയും അടിസ്ഥാനരഹിതമായ ചില അനുമാനങ്ങളുമൊക്കെയാണ് (ഉദാ: “പതിയെ മാറ്റം വന്നോളും” “തെറ്റ് എന്‍റെ ഭാഗത്തുമുണ്ട്” “ഇതൊക്കെ ഞാന്‍ അര്‍ഹിക്കുന്നതാണ്” “എല്ലാ വീട്ടിലും ഇങ്ങിനെയൊക്കെത്തന്നെയാണ്”). യാതൊരു കാരണവശാലും പീഡനങ്ങള്‍ക്കു നിന്നുകൊടുക്കാതിരിക്കുക. താമസം മാറുന്നതും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ അടക്കമുള്ളവരുടെ സഹായം ആവശ്യാനുസരണം ഉപയുക്തമാക്കുന്നതും പരിഗണിക്കുക.

(2021 മേയ് രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Ted

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ബുള്ളിയിംഗിനെ നേരിടാം
ഓഫീസുകളിലെ മനസ്സമ്മര്‍ദ്ദം

Related Posts

 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62531 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41899 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26397 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23151 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21056 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.