ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ.) റ്റൂളുകൾ പല കുട്ടികളുടെയും കൗമാരക്കാരുടെയും നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഹോംവർക്കിൽ സഹായിക്കാൻ മാത്രമല്ല, ചങ്ങാത്തം കൂടാനും ഉപദേശം തേടാനും കൗൺസലിംഗ് എടുക്കാനും പോലും അവർ ഈ റ്റൂളുകളെ ഇപ്പോള്‍ ആശ്രയിക്കുന്നുണ്ട്. ഇത്, അവർ ചിന്തിക്കുന്നതും മറ്റുള്ളവരോടു പെരുമാറുന്നതും പ്രതിസന്ധികളെ നേരിടുന്നതും എങ്ങനെ എന്നതിനെ സ്വാധീനിക്കുന്നുമുണ്ട്. കാരണം, വിശേഷിച്ചും കൗമാരം, ഒരാളുടെ വ്യക്തിത്വവും ചിന്താരീതിയും വികാരനിയന്ത്രണ പാടവവും രൂപപ്പെടുന്ന ഘട്ടമാണ്. ഇങ്ങിനെയൊരു പശ്ചാത്തലത്തില്‍, എ.ഐ. റ്റൂളുകൾ ഗുണകരമോ ഹാനികരമോ എന്നതിനുള്ള ഒറ്റവാക്കിലുള്ള ഉത്തരമല്ല, അവ ചെറുപ്രായക്കാരുടെ പഠന നിലവാരത്തെയും വ്യക്തിത്വ വികസനത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്‍റെ വിശദാംശങ്ങള്‍ ആണു പ്രസക്തം.
പഠനം
ഉപയോഗിക്കുന്ന രീതിക്കനുസരിച്ച് എ.ഐ. റ്റൂളുകൾ പഠനത്തിനു സഹായമാവുകയോ തുരങ്കം വെക്കുകയോ ചെയ്യാം.
പല തരത്തിലും പഠനത്തിനു തുണയാവാന്‍ അവയ്ക്കു പറ്റും. കാര്യങ്ങൾ എഴുതിക്കിട്ടാനും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം തേടാനും പഠനത്തിനുള്ള പ്ലാൻ തയ്യാറാക്കാനും സാമ്പിള്‍ ചോദ്യപ്പേപ്പറുകള്‍ ഉണ്ടാക്കാനും അവ ഉപയോഗിക്കപ്പെടുന്നുണ്ട്. ചിത്രങ്ങളിലൂടെയും മറ്റും വിശദീകരണങ്ങൾ ലഭ്യമാക്കി, ബുദ്ധിമുട്ടുള്ള ആശയങ്ങളെ ലളിതമാക്കി, തങ്ങള്‍ക്കുള്ള കഴിവിന് ആനുപാതികമായ വേഗതയിൽ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും അവ വിദ്യാര്‍ത്ഥികളെ സഹായിക്കാം. ഇംഗ്ലീഷ് കീറാമുട്ടിയായവര്‍ക്ക് പദസമ്പത്തും വാചകഘടനയും വ്യാകരണവും മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കാം. പഠന വൈകല്യവും എ.ഡി.എച്ച്.ഡിയും പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക്, ഒരേ ആശയത്തെ വിവിധ രൂപങ്ങളിൽ അവതരിപ്പിച്ച് അവ പഠനം ക്ലേശരഹിതമാക്കാം.
ഇവിടെയൊക്കെ, പാഠവുമായി ആഴത്തിലുള്ള ഇടപെടൽ സാദ്ധ്യമാക്കി പഠനത്തെ ഫലപ്രദമാക്കുകയാണ് എ.ഐ. ചെയ്യുന്നത്. ട്യൂഷനും മറ്റും ചെലവിടാൻ കാശില്ലാത്ത കുട്ടികൾക്ക് ഇത്തരം റ്റൂളുകൾ താരതമ്യേന കുറഞ്ഞ തുകയ്ക്ക് സമാനസഹായങ്ങള്‍ ലഭ്യമാക്കാം.
അവയെ പഠനത്തിന് ഒരു കുറുക്കുവഴിയോ ബദലോ ആയിക്കാണുന്നതു പക്ഷേ പ്രശ്നമാണ്. എ.ഐ. തരുന്ന ഉത്തരങ്ങളെ ആശയം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഉപയോഗിച്ചാല്‍ അവ ഓർമ്മയിൽ പതിഞ്ഞേക്കില്ല. അത്തരം ഉപയോഗം ഒരു ശീലമാക്കിയാല്‍ വിഷയത്തെപ്പറ്റി കാര്യകാരണബന്ധം മനസ്സിലാക്കി എഴുതാനോ സംസാരിക്കാനോ കഴിയാതാവാം. കടുപ്പമുള്ള പാഠഭാഗങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോള്‍ അവ ഓർമ്മയിൽ ദീർഘനാളത്തേക്ക്, നന്നായി പതിയാം. മറിച്ച് എ.ഐ. ലളിതമാക്കിത്തരുന്ന വിശദീകരണങ്ങളെ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ അവ ഓര്‍മയില്‍ നിന്നേക്കില്ല.
നിലവില്‍ എ.ഐ. പലപ്പോഴും വസ്തുതാ വിരുദ്ധമായ, എന്നാല്‍ ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നിക്കുന്ന, ഉത്തരങ്ങള്‍ ആധികാരികത ധ്വനിക്കുന്ന ഭാഷയില്‍ വെച്ചുനീട്ടാം. ഇതു തിരിച്ചറിയാനാകാത്തവര്‍ സ്വയമറിയാതെ തെറ്റായ വിവരങ്ങൾ പഠിച്ചുവെക്കുകയോ അദ്ധ്യാപകർക്കു സമർപ്പിക്കുകയോ ചെയ്യാം. വസ്തുനിഷ്ഠത കൂടുതൽ പ്രധാനമായ ശാസ്ത്രവും ചരിത്രവും പോലുള്ള വിഷയങ്ങളിൽ ഇതു കൂടുതൽ പ്രസക്തമാണ്. എ.ഐ. വെച്ചുനീട്ടുന്ന ഉത്തരങ്ങള്‍ എവിടെനിന്നോ കോപ്പിയടിക്കപ്പെട്ടവയാണ് എന്നതിലും, എ.ഐ. എഴുതിത്തരുന്നതിൽ ഒരു മാറ്റവും വരുത്താതെ മേലെ സ്വന്തം പേരു വെക്കുന്നതിലും നൈതികപ്രശ്നവും ഉണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
- എ.ഐ. റ്റൂളുകളുടെ റോള്‍ പഠനത്തിനു കൂട്ടു നില്‍ക്കാനാവണം, അല്ലാതെ പകരം നില്ക്കാനാവരുത് എന്നു ബോദ്ധ്യപ്പെടുത്തുക.
- എ.ഐ. ഉപയോഗിക്കുന്ന കുട്ടിയോട്, അതിനു ശേഷം, ഇപ്പോൾ എന്തൊക്കെയാണു പഠിച്ചത് എന്നു തിരക്കുക.
- ഭാഷ മെച്ചപ്പെടുത്താനും ആശയങ്ങൾ ലഭിക്കാനും വ്യക്തത വരുത്താനുമൊക്കെ മാത്രം എ.ഐ. ഉപയോഗിച്ച് ബാക്കി പഠനം സ്വന്തമായി നടത്താൻ പ്രോത്സാഹിപ്പിക്കുക.
- പ്രധാന വസ്തുതകൾ ആധികാരിക സ്രോതസ്സുകൾ കൂടി പരിശോധിച്ച് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിക്കുക.
- എഴുതിയ ഉത്തരങ്ങൾ വിശദീകരിക്കാനാവാതെ വരിക പോലുള്ള, എ.ഐ.യുടെ മേലുള്ള അമിത ആശ്രിതത്വത്തിന്റെ സൂചനകള്‍ തിരിച്ചറിയുക.
- കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ എ.ഐ. ഉപയോഗത്തെക്കുറിച്ചുള്ള നയം അറിഞ്ഞുവെക്കുക.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാൻ
- ഹോംവർക്കിന് പൂർണ്ണമായി എ.ഐ.യെ ആശ്രയിക്കാതിരിക്കുക. പെട്ടെന്നു മുഴുമിപ്പിക്കുന്നതല്ല, ആശയം ശരിക്കും മനസ്സിലാക്കുന്നതാണു പ്രധാനവും പ്രയോജനപ്രദവും.
- എ.ഐ. തരുന്ന ഉത്തരങ്ങളെ സ്വന്തം ഭാഷയിൽ മാറ്റിയെഴുതുക—അത്, ആശയം മനസ്സിലാവാൻ സഹായിക്കും.
- എ.ഐ. ലളിതമാക്കിത്തന്ന പോയിന്റുകള്‍ ഉടനെ ഓര്‍മയില്‍ നന്നായിപ്പതിയും എന്നു വിചാരിക്കരുത്. ആവശ്യത്തിനു റിവിഷന്‍ നടത്തേണ്ടതു പ്രധാനമാണ്.
- എ.ഐ. പറയുന്നതിനെ അവസാന വാക്കായി കണക്കാക്കാതെ ആ വിഷയത്തെപ്പറ്റി സ്വന്തം ആലോചന തുടങ്ങാനുള്ള ഒരു പ്രചോദനം മാത്രമായി എടുക്കുക.
- എ.ഐ.യുടെ മറുപടികളെ വിമർശനബുദ്ധിയോടെ വിലയിരുത്തുന്ന ശീലം വളർത്തുക. ഇത് യുക്തിക്കും വസ്തുതക്കും നിരക്കുന്നതാണോ, ഇതിനു തെളിവെന്താണ് എന്നൊക്കെ സ്വയം ചോദിക്കുക.
- എ.ഐ.യെ മുഴുവനായി മാറ്റിനിർത്തുകയോ അല്ലെങ്കിൽ ഒരു മറുചോദ്യവും ഉയര്‍ത്താതെ കേട്ടുകൊണ്ടിരിക്കുകയോ അല്ല വേണ്ടത്. സ്വന്തം കഴിവുകൾ നിലനിർത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ അതിനെ ഉപയോഗിക്കുകയാവും ഉചിതമായ സമീപനം.
സൗഹൃദം
പഠനാവശ്യത്തിനു പുറമെ ചുമ്മാ സംസാരിച്ചിരിക്കാനും ഉപദേശങ്ങൾ തേടാനും ആരോഗ്യ വിവരങ്ങൾ ചർച്ച ചെയ്യാനുമെല്ലാം ചെറുപ്രായക്കാർ എ.ഐ.യെ ആശ്രയിക്കുന്നുണ്ട്. കേവലം ഒരു ഉപകരണം എന്നതിൽനിന്നു വിട്ട് അവരുടെ സാമൂഹിക പരിസരത്തിന്‍റെ ഒരു പ്രധാന അംശം എന്ന സ്ഥാനത്തേക്ക് ചില എ.ഐ. റ്റൂളുകൾ, പ്രത്യേകിച്ചും നോവലുകളിലെ കഥാപാത്രങ്ങളോടു സംവദിക്കാന്‍ സഹായിക്കുന്നവ, മാറിയിട്ടുമുണ്ട്.
സംസാരത്തിനുള്ള കൂട്ടാളികള്‍ എന്ന നിലയ്ക്ക് എ.ഐ. ചാറ്റ്ബോട്ടുകള്‍ക്കു ചില മെച്ചങ്ങൾ ഉണ്ട്. ഏതു നേരത്തും സമീപിക്കാം, എപ്പോഴും ഉടനടി മറുപടി തരും, നമ്മെ വിലയിരുത്തുന്ന രീതിയിൽ സംസാരിക്കില്ല, അതുകൊണ്ടുതന്നെ എന്തു കാര്യങ്ങളും തുറന്നു പറയാം എന്നതൊക്കെ ഇതിൽപ്പെടുന്നു. ഏകാന്തതയോ സഭാകമ്പമോ ഉള്ളവർക്ക് അവ ഒരു താൽക്കാലികാശ്വാസമാകാം. സഭാകമ്പം ഉള്ളവർക്ക് മറ്റുള്ളവരോട് ഇടപഴകി ശീലിക്കാനുള്ള ഒരു ഭയം വേണ്ടാത്ത മാര്‍ഗമായും അവയെ ഉപയോഗിക്കാം.
മറുഭാഗത്ത് ഇത്തരം “സൌഹൃദ”ങ്ങൾക്ക് ചില ദൂഷ്യവശങ്ങളും ഉണ്ട്. ആത്യന്തികമായി അവ മെഷീനുകള്‍ മാത്രമാണ്. സഹാനുഭൂതിയോടെ സംസാരിക്കുമെങ്കിലും, നമ്മെ ശരിക്കും അറിഞ്ഞ് ഉൾക്കൊള്ളാനോ അതുകഴിഞ്ഞു മാത്രം സാദ്ധ്യമാവുന്ന തരം കാമ്പുള്ള പ്രതികരണങ്ങള്‍ തരാനോ അവയ്ക്കാവില്ല. അത്തരം ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന ഊഷ്മളത ഒരു മിഥ്യ മാത്രമാണ്. ചില റ്റൂളുകൾ മനുഷ്യരുടെ പേരും രൂപവും സ്വീകരിക്കുന്നതും ഒരു വ്യക്തിയാണ് അപ്പുറത്തുള്ളത് എന്ന മിഥ്യാധാരണ ജനിപ്പിക്കാനാണ്.
ചിലർ, വിശേഷിച്ചും പ്രതിസന്ധിഘട്ടങ്ങളിൽ, എ.ഐ.യോട് വൈകാരിക അടിമത്തം കാണിക്കാം. എ.ഐ.യോടുള്ള അമിതമായ ആശ്രിതത്വം കാലം ചെല്ലുംതോറും മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറയാന്‍ നിമിത്തമാകാം. വ്യക്തിബന്ധങ്ങളില്‍ സ്വാഭാവികമായ വിയോജിപ്പുകളും അതിര്‍വരമ്പുകളും എ.ഐ.യുമായുള്ള സംഭാഷണങ്ങളില്‍ ദൃശ്യമാകാത്തത്, ആളുകളില്‍നിന്നു കൂടി അത്തരമൊരു പൂര്‍ണ വിധേയത്വത്തോടെയുള്ള സമീപനം പ്രതീക്ഷിക്കാന്‍ കാരണമാകാം. ഇതൊക്കെ, അസ്വാരസ്യങ്ങളെ നേരിടാനുള്ള പാടവത്തെ ദുര്‍ബലമാക്കിയും മറ്റും, സമൂഹവുമായി ഇടപഴകാനുള്ള കഴിവിന്‍റെ വികാസത്തിനു തടസ്സമാകാം. എ.ഐ.യോടുള്ള അടുപ്പം ഗാഢമാകുന്നത്, അതിനോടുള്ള ഇടപഴകല്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്നവരോട് അസഹിഷ്ണുതയോടെയോ അതികഠിനമായോ പ്രതികരിക്കുന്നതിനു വഴിയൊരുക്കാം.
അനാരോഗ്യകരമായ ചിന്തകളെ എ.ഐ. പ്രോത്സാഹിപ്പിക്കാറുമുണ്ട്. മതപരമോ രാഷ്ട്രീയമോ ആയ തീവ്രനിലപാടുകള്‍ തൊട്ട് ആത്മഹത്യക്കോ കൊലപാതകത്തിനോ ഉള്ള പദ്ധതികള്‍ വരെ അതില്‍പ്പെടുന്നു.
പതിനാലു വയസ്സിനു താഴെയുള്ളവർക്ക് യഥാർത്ഥവും അല്ലാത്തതുമായ ബന്ധങ്ങൾ വേർതിരിച്ചറിയുക കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ത്തന്നെ അവര്‍ക്ക് എ.ഐ.യോട് വൈകാരിക ആശ്രിതത്വം രൂപപ്പെടാന്‍ സാദ്ധ്യത കൂടുതലാണ്. 11-12 വയസ്സിനു താഴെയുള്ളവര്‍ക്ക്, എ.ഐ.യ്ക്ക് സ്വന്തമായൊരു ചേതനയില്ല, അതു കാണിക്കുന്ന അനുകമ്പ ആത്മാർത്ഥമല്ല എന്നൊന്നും മനസ്സിലാക്കാനായേക്കില്ല. അതുകൊണ്ടുതന്നെ ഉപദ്രവകരമായ മറുപടികൾ അവരെ കൂടുതലായി ബാധിച്ചേക്കാം. പതിനാലു തികയാത്തവര്‍ ഇത്തരം റ്റൂളുകൾ മാതാപിതാക്കളുടെ മേൽനോട്ടത്തില്‍ മാത്രം ഉപയോഗിക്കുന്നതാവും ഉചിതം.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
- എ.ഐ. ഉപയോഗത്തെപ്പറ്റി തുറന്ന, മുൻവിധികളോ വിലയിരുത്തലുകളോ ഇല്ലാത്ത, ചര്‍ച്ചകൾ നടത്തുക. എ.ഐ.യുമായുള്ള കൂട്ടുകെട്ട് പൂർണമായി വിലക്കാതിരിക്കുക.
- കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും കളികളിലും മറ്റും ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക.
- ഒരു പ്രതിസന്ധി വരുമ്പോൾ കുട്ടി സമീപിക്കുന്ന ഏക അഭയം എ.ഐ. ആണ് എന്ന സാഹചര്യം വരാതെ നോക്കുക.
- കുട്ടി ഏതെങ്കിലും പ്രത്യേക റ്റൂള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് പ്രായസംബന്ധിയായ നിബന്ധനകള്‍ ഉണ്ടോ, ഉള്ളടക്കത്തെ കുറിച്ചുള്ള പോളിസി എന്താണ് എന്നതൊക്കെ അറിഞ്ഞുവെക്കുക. എല്ലാ റ്റൂളുകളും കുട്ടികൾക്ക് അനുയോജ്യമോ സുരക്ഷിതമോ അല്ല.
ചെറുപ്രായക്കാർ ശ്രദ്ധിക്കാൻ
- മുഴുവന്‍ പേര്, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വിലാസം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ എ.ഐ.യോടു പങ്കുവെക്കാതിരിക്കുക.
- അസ്തിത്വമോ വികാരങ്ങളോ ഇല്ലാത്ത എ.ഐ.യുടെ സംസാരങ്ങൾ കൃത്രിമമാണ്. എ.ഐ.ക്ക് നമ്മെ അർത്ഥവത്തായോ ആത്മാർത്ഥമായോ ശ്രദ്ധിക്കാനോ അറിയാനോ ഓർത്തുവെക്കാനോ സംരക്ഷിക്കാനോ സാധിക്കില്ല.
- ഏതു ചെറിയ കാര്യത്തിനും എ.ഐ.യുടെ അഭിപ്രായം തേടുന്നത് അതിനോട് ആശ്രിതത്വം രൂപപ്പെടുത്താം. നമ്മുടെ ഭൂതകാലത്തെയും ഇഷ്ടാനിഷ്ടങ്ങളെയും മൂല്യങ്ങളെയും ജീവിത പരിസരങ്ങളെയും കണക്കിലെടുക്കുന്ന ഉത്തരങ്ങള്‍ തരിക എ.ഐ.യ്ക്ക് അസാദ്ധ്യവുമാണ്.
- ആഴമില്ലാത്ത ചര്‍ച്ചകള്‍ക്കു മാത്രം എ.ഐ. റ്റൂളുകളെ സമീപിക്കുക. വൈകാരിക സാന്ത്വനത്തിന് അവയെ ആശ്രയിക്കാതിരിക്കുക. വ്യക്തികളോടുള്ള ബന്ധങ്ങൾക്കു പകരമായി അവയെ ഉപയോഗിക്കാതിരിക്കുക. പുറംലോകത്ത് സൌഹൃദങ്ങളും പ്രശ്നങ്ങള്‍ വരുമ്പോള്‍ സമീപിക്കാവുന്ന ആളുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
വിദഗ്ദ്ധ സഹായം
മാനസിക പ്രശ്നങ്ങളെപ്പറ്റി അറിവു നേടാനും അവ പിടിപെട്ടാല്‍ ഒരു കൈത്താങ്ങിനും നിർദ്ദേശങ്ങൾക്കും പലരും എ.ഐ. റ്റൂളുകളെ സമീപിക്കുന്നുണ്ട്. മനശ്ശാസ്ത്ര ചികിത്സക്കായി പ്രത്യേകം രൂപപ്പെടുത്തപ്പെട്ട ചാറ്റ്ബോട്ടുകളും രംഗത്തുണ്ട്. ഏതുനേരത്തും ലഭ്യമാണ്, സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെയും സ്വകാര്യമായും സഹായം തേടാം, ചെലവു കുറവാണ് എന്നതൊക്കെ, വിശേഷിച്ചും കൌമാരക്കാര്‍ക്ക്, അവയെ ആകർഷകമാക്കുന്നുണ്ട്.
പക്ഷേ അവ മരുന്നുകളെയോ മെഡിക്കൽ ഉപകരണങ്ങളെയോ പോലെ പഠനങ്ങളിലൂടെ ഫലസിദ്ധി തെളിഞ്ഞവയോ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം അനുമതി നല്‍കപ്പെട്ടവയോ അല്ല. അവയുടെ ഉള്ളടക്കം മാനസികാരോഗ്യ വിദഗ്ദ്ധരുടെ മേൽനോട്ടത്തില്‍ തയ്യാറാക്കിയതുമല്ല. അതുകൊണ്ടുതന്നെ അവയുടെ കാര്യപ്രാപ്തിയെയും സുരക്ഷിതത്വത്തെയും പറ്റി അവ്യക്തതയുണ്ട്.
വിഷമതകളെക്കുറിച്ച് പ്രൊഫഷണലുകളെപ്പോലെ ആഴത്തിൽ ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവിന്‍റെയും പരിചയത്തിന്‍റെയും അഭാവം സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങൾക്ക് അവയെ അനുചിതമാക്കുന്നുണ്ട്. എ.ഐ.യെ ഏറെ ആശ്രയിക്കുന്നത് വിദഗ്ദ്ധ സഹായം വൈകാനും പ്രശ്നം മൂര്‍ച്ഛിക്കാനും ഇടയാക്കാം.
പ്രൊഫഷണലുകളെപ്പോലെ ആത്മാർത്ഥമായ സഹാനുഭൂതി കാണിക്കുകയും അവയ്ക്ക് അസാദ്ധ്യമാണ്. വൈകാരിക പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ എ.ഐ. ചിലപ്പോൾ അനുയോജ്യമല്ലാത്തതോ മുൻവിധിയോടെയുള്ളതോ ചോദ്യകര്‍ത്താവിന്‍റെ നാടിന്‍റെ സംസ്കാരത്തോടു ചേര്‍ന്നുപോകാത്തതോ ആയ മറുപടികൾ തരാം. അവയോടു വെളിപ്പെടുത്തുന്ന വ്യക്തിവിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്, വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കുമോ എന്നതിലൊന്നും വ്യക്തതയില്ല.
ആത്മഹത്യാ പ്രവണത പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പ്രശ്നം എത്രത്തോളം തീവ്രവും അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നതുമാണ് എന്നൊക്കെ കൃത്യമായി അനുമാനിക്കുന്നതില്‍ അവ പിന്നാക്കമാണ്.
എങ്ങനെ സ്വയം ഉപദ്രവിക്കാം, തെരഞ്ഞെടുത്ത ആത്മഹത്യാമാര്‍ഗം ഫലപ്രദമാണോ എന്നൊക്കെ പറഞ്ഞുകൊടുത്ത് അവ ചെറുപ്രായക്കാരുടെ ആത്മഹത്യയ്ക്കു വളംവെച്ച സംഭവങ്ങളുമുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നവർക്ക് ഹെൽപ് ലൈനുകളുടെയും മറ്റും നമ്പർ കൊടുക്കുക പോലുള്ള നല്ല നടപടികൾ അവയുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകാറില്ല താനും.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന കോമണ്‍സെന്‍സ് മീഡിയ എന്ന സംഘടന സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് 2025 നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത്, ചെറുപ്രായക്കാരുടെ ഒരു മാനസികപ്രശ്നത്തിനും എ.ഐ. ചാറ്റ്ബോട്ടുകള്‍ സുരക്ഷിതമല്ല എന്നാണ്.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
- വൈകാരിക വൈഷമ്യങ്ങളെ നേരിടാൻ എ.ഐ.യെ അമിതമായി ആശ്രയിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുക.
- പ്രതിസന്ധിഘട്ടങ്ങളിൽ എവിടെ, ആരെ കോൺടാക്ട് ചെയ്യണമെന്ന് കുട്ടിക്കറിയാം എന്നുറപ്പുവരുത്തുക.
- കടുത്തതോ വിട്ടുമാറാത്തതോ ആയ പ്രശ്നങ്ങൾക്ക് പ്രൊഫഷണലുകളെ സമീപിക്കാൻ പ്രേരിപ്പിക്കുക. അവരുടെ സഹായത്തിന്റെ കൂടെ രണ്ടാമതൊരു സപ്പോർട്ട് എന്ന സ്ഥാനം മാത്രം എ.ഐ.ക്കു കൊടുക്കാം.
ചെറുപ്രായക്കാർ ശ്രദ്ധിക്കാൻ
- പൊതുവായ മാർഗനിർദേശങ്ങൾക്കോ നേരിയ മാനസിക സമ്മർദ്ദം പരിഹരിക്കുന്നതിനോ മാത്രം എ.ഐ.യെ ആശ്രയിക്കുക.
- കടുത്ത വൈകാരിക ബുദ്ധിമുട്ടുകളോ പ്രതിസന്ധി ഘട്ടങ്ങളോ വരുമ്പോള്‍ എ.ഐ.യെ ആശ്രയിക്കാതെ വിശ്വാസമുള്ള വ്യക്തികളോട് കാര്യം പങ്കുവെക്കുക.
- രഹസ്യങ്ങളോ ഏറെ വ്യക്തിപരമായ വിവരങ്ങളോ എ.ഐ.യെ അറിയിക്കാതിരിക്കുക. അവയെ എ.ഐ. എങ്ങിനെയൊക്കെ ഉപയോഗിക്കും എന്നു വ്യക്തമല്ല.
- നിത്യജീവിതത്തെ ബാധിക്കുന്നത്ര തീവ്രമായ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും സ്വയം ഉപദ്രവിക്കാനോ ആത്മഹത്യയ്ക്കോ ഉള്ള പ്രേരണ വന്നാലും ഒരു കാരണവശാലും എ.ഐ.യെ മാത്രമായി ആശ്രയിക്കാതിരിക്കുക. മുതിർന്നവരെയോ ഹെൽപ് ലൈനുകളെയോ പ്രൊഫഷണലുകളെയോ സമീപിക്കുക.
പൊതുവായി ഓര്‍ക്കാന്‍
- ഗെയിമുകളോട് അഡിക്ഷനോ അനിയന്ത്രിതമായ ഫോണ്‍ ഉപയോഗമോ ഉള്ളവര്‍ എ.ഐ.യെ അമിതമായി ആശ്രയിക്കാന്‍ സാദ്ധ്യത കൂടുതലാണ്.
- പല എ.ഐ. റ്റൂളുകളും ഉപയോക്താക്കൾ വിചാരിക്കുന്നതിലും അധികം വിവരങ്ങൾ അവരെക്കുറിച്ച് ശേഖരിച്ചു സൂക്ഷിക്കുന്നുണ്ട്.
- എ.ഐ. റ്റൂളുകള്‍ നിര്‍ദോഷമായ സംഭാഷണങ്ങളെപ്പോലും ലൈംഗികമോ അക്രമപൂരിതമോ ആയ ദിശകളിലേക്കു തിരിക്കാം.
- ഉപയോക്താക്കൾ കൂടുതൽ സമയം അവിടെ ചെലവിടണം എന്ന ഗൂഢോദ്ദേശത്തോടെ രൂപകല്പന ചെയ്തവയാണ് മിക്ക റ്റൂളുകളും. അതുകൊണ്ടാണ് അവ ഏറെ തുടർച്ചോദ്യങ്ങൾ ഉയര്‍ത്തുന്നത്.
- എ.ഐ. പ്രവർത്തിക്കുന്നത് എങ്ങനെയാണ്, അതിന്റെ പരിമിതികൾ എന്തൊക്കെയാണ്, എ.ഐ.യെ ഉപയോഗിക്കേണ്ടതും അതിന്റെ ഉത്തരങ്ങളെ വിലയിരുത്തേണ്ടതും വിമർശനബുദ്ധിയോടെ മറുചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും എങ്ങനെയാണ് എന്നൊക്കെ മനസ്സിലാക്കിക്കൊണ്ടിരിക്കേണ്ടത് ഇനിയുള്ള കാലത്തു സുപ്രധാനമാണ്. ചെറുപ്രായക്കാര്‍ക്ക് ഇത്തരം വിവരങ്ങൾ പകർന്നു കൊടുക്കേണ്ടത് അവരുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനിവാര്യവുമാണ്.
(2026 ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.