പ്രവാസികള്‍ക്കിത്തിരി വെക്കേഷന്‍ ടിപ്പുകള്‍

പ്രവാസികള്‍ക്കിത്തിരി വെക്കേഷന്‍ ടിപ്പുകള്‍

ഗൃഹാതുരത്വത്തിലും വിരഹദു:ഖങ്ങളിലും ജോലിസമ്മര്‍ദ്ദങ്ങളിലുമൊക്കെനിന്നു മുക്തിതേടി “നാളികേരത്തിന്‍റെ നാട്ടി”ലേക്കു പുറപ്പെടാനിരിക്കയാണോ? ഇതാ മനസ്സിനെപ്പറ്റി ശ്രദ്ധിക്കാനിത്തിരി കാര്യങ്ങള്‍:

 1. അവധിക്ക് എന്തൊക്കെച്ചെയ്തു, എവിടെയെല്ലാം കറങ്ങി എന്നതിനെയൊക്കെക്കാളും നമുക്കു സന്തോഷമെത്തിക്കാനാവുന്നത് അവധിക്കാലത്തിനായുള്ള കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കുമാണെന്നു പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, തയ്യാറെടുപ്പു ദിവസങ്ങളെയും അറിഞ്ഞാസ്വദിക്കാന്‍ ശ്രദ്ധിക്കുക.
 2. അവധി ഏറെനാള്‍ നീളുന്നതിനനുസരിച്ച് നമുക്കു കൂടുതല്‍ സന്തോഷം ലഭിക്കുന്നൊന്നുമില്ല. പ്രായോഗികമാണെങ്കില്‍, കുറേ മാസങ്ങളുടെ ഒരവധി ഒറ്റയടിക്ക് എടുക്കുന്നതിനെക്കാള്‍ മനസ്സന്തോഷത്തിനുത്തമം ഇടക്കിടെ ചെറിയ ചെറിയ അവധികളെടുക്കുന്നതാവും.
 3. അവധിക്കാലം പ്ലാന്‍ ചെയ്യുന്നേരം പലരും സന്തോഷവശങ്ങള്‍ക്കു മാത്രം നന്നായിത്തയ്യാറെടുക്കുകയും എന്തൊക്കെ പ്രശ്നങ്ങളാണു വന്നേക്കാവുന്നത്, അവയെ നേരിടേണ്ടതെങ്ങിനെയാണ് എന്നതൊക്കെ പരിഗണിക്കാതെ വിടുകയും പതിവാണ്. ഈയബദ്ധം പിണയാതെ നോക്കുക.
 4. ജോലിസ്ഥലത്തു ബാക്കിയുള്ള ഏറെ ഉത്തരവാദിത്തങ്ങളെ യാത്രക്കു തൊട്ടുമുമ്പ് ഓടിപ്പിടിച്ചു മുഴുമിക്കേണ്ട ഗതികേടൊഴിവാക്കുക. അവ ഒതുക്കിയെടുക്കാന്‍ ഒന്നുരണ്ടാഴ്ചകളെങ്കിലും ഉപയോഗപ്പെടുത്തുക. അവധിയുടെ കാര്യം സഹപ്രവര്‍ത്തകരെയും മറ്റും മുന്നേക്കൂട്ടി അറിയിച്ചിടുന്നത് അവസാന നിമിഷങ്ങളില്‍ അവര്‍ ഏറെ ജോലികള്‍ നമ്മുടെ പിടലിയിലിടുന്നതു തടയാന്‍ സഹായിച്ചേക്കും.
 5. ജോലിയെടുക്കുന്ന നാട്ടില്‍ മദ്യത്തിന്‍റെ അലഭ്യതയുള്ളതിനാലും മറ്റും അത്രയുംകാലം കടിച്ചുപിടിച്ചിരുന്നതിന്‍റെ ഖേദംതീര്‍ക്കാന്‍ ഫ്ലൈറ്റില്‍ വെച്ചേ കുടി തുടങ്ങി, വിലയേറിയ അവധിദിവസങ്ങള്‍ മദ്യത്തിനടിപ്പെട്ടും ഡീഅഡിക്ഷന്‍ സെന്‍ററുകളിലും പാഴാക്കേണ്ടി വരുന്നവരുണ്ട്. മുമ്പെന്നെങ്കിലും അമിതമദ്യപാനമുണ്ടായിരുന്നവര്‍ക്ക് ഭാവിയിലുമൊരിക്കലും എപ്പോഴെങ്കിലും ഇത്തിരി മാത്രം കഴിച്ച് നിയന്ത്രണത്തോടെ മുന്നോട്ടു പോവുക സുസാദ്ധ്യമാവില്ലെന്നറിയുക. നാട്ടിലെത്തി ആദ്യ രണ്ടുമൂന്നു ദിവസങ്ങളില്‍ മദ്യത്തില്‍നിന്നു മാറിനില്‍ക്കാനേ ആവുന്നില്ല എന്നു തോന്നിയാല്‍ സമയം പാഴാക്കാതെ ചികിത്സ തേടുന്നത് അഡ്മിറ്റാവേണ്ടി വരുന്നതും മറ്റും ഒഴിവാക്കാന്‍ സഹായിക്കും. അതുപോലെതന്നെ, തിരിച്ചു ഫ്ലൈറ്റില്‍ക്കയറുന്നയതുവരെ കുടിച്ചുകൊണ്ടിരുന്നവര്‍ക്ക് അന്യനാട്ടിലെത്തി മദ്യം കിട്ടാതെവരുമ്പോള്‍ അപസ്മാരവും ഓര്‍മക്കേടും പിച്ചുംപേയും പറച്ചിലും പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുകയും തന്മൂലം ജോലി നഷ്ടമാവുക പോലും ചെയ്തിട്ടുള്ള സംഭവങ്ങളുമുണ്ട്.
 6. അവധിയുടെ ആദ്യനാളുകളില്‍ ചിലര്‍ക്ക്, പ്രത്യേകിച്ച് നാട്ടിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പുവരെ അശ്രാന്തം പണിഞ്ഞുകൊണ്ടിരുന്നവര്‍ക്ക്, ഒരുന്മേഷക്കുറവും സന്തോഷമില്ലായ്കയുമൊക്കെ തോന്നാം. മാനസികസമ്മര്‍ദ്ദത്തിന്‍റെ ഇടനിലവഹിക്കുന്ന കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ് എന്ന ഹോര്‍മോണുകളുടെയളവ് അവധിത്തുടക്കത്തില്‍ കുത്തനെയിടിയുന്നതിന്‍റെ പ്രതിഫലനമാവാം ഇത്. ഇങ്ങനെയൊരു പ്രശ്നം നേരിടാറുള്ളവര്‍ക്ക് അവധിക്കു മുമ്പത്തെ ഒരാഴ്ചക്കാലത്ത് ജോലിഭാരം ക്രമേണ കുറച്ചുകൊണ്ടുവരുന്നതും അവസാന ദിവസം പണികള്‍ തീര്‍ത്ത ശേഷം നന്നായി വ്യായാമം ചെയ്യുന്നതും ഗുണകരമായേക്കും.
 7. അവധിക്കു ചെയ്യാനുള്ള കാര്യങ്ങളെ “എന്തുതന്നെയായാലും ചെയ്തിരിക്കേണ്ടവ”, “സമയം കിട്ടിയാല്‍ ചെയ്യണമെന്നുള്ളവ”, “ചെയ്തില്ലെങ്കിലും വലിയ കുഴപ്പമില്ലാത്തവ” എന്നിങ്ങനെ വേര്‍തിരിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത് പ്രധാന കാര്യങ്ങള്‍ക്കു സമയം കിട്ടാതെ പോവുന്ന ദുരവസ്ഥയുണ്ടാവാതെ കാക്കും.
 8. കുട്ടികളുടെ പഠനവൈഷമ്യങ്ങള്‍ക്കോ പെരുമാറ്റപ്രശ്നങ്ങള്‍ക്കോ തന്‍റെതന്നെ മനക്ലേശങ്ങള്‍ക്കോ കൌണ്‍സലിംഗ് എടുക്കുകയും വേണമെന്ന ഉദ്ദേശത്തോടെ അവധിക്കു വരുന്നവര്‍, കൌണ്‍സലിംഗിനു പലപ്പോഴും ഏറെ സമയം വേണ്ടതുണ്ടാവും എന്നോര്‍ക്കുക. വിദഗ്ദ്ധരെക്കാണുന്നത് അവധിയുടെ അവസാനനാളത്തേക്കു മാറ്റിവെക്കാതിരിക്കുക.
 9. നല്ല രുചികളും ഗന്ധങ്ങളും ദൃശ്യങ്ങളും ശബ്ദങ്ങളും സ്പര്‍ശങ്ങളുമെല്ലാം സമ്മേളിക്കുന്ന അവധിയനുഭവങ്ങള്‍ തേടുക — അധികമെണ്ണം ഇന്ദ്രിയങ്ങളെ ഉപയോഗപ്പെടുത്തിയുള്‍ക്കൊള്ളുന്ന അനുഭവങ്ങള്‍ ഓര്‍മയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിയും.
 10. നാട്ടിലുള്ളപ്പോള്‍ പ്ലേചെയ്യാന്‍ മുമ്പു കേട്ടിട്ടില്ലാത്ത പാട്ടുകളും അവിടത്തെയുപയോഗത്തിന് മുന്‍പരിചയമില്ലാത്ത സോപ്പോ പെര്‍ഫ്യൂമോ ഒക്കെയും തെരഞ്ഞെടുത്താല്‍ പിന്നീട് പ്രസ്തുത പാട്ടുകളെയോ ഗന്ധങ്ങളെയോ ഉപയോഗപ്പെടുത്തി ആ അവധിക്കാലത്തിന്‍റെ ഓര്‍മ്മകളുണര്‍ത്താനാവും.
 11. ഒരനുഭവത്തില്‍ പൂര്‍ണമായി ഇഴുകിച്ചേരാതെ ശ്രദ്ധയെ അനാവശ്യമായി വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുന്നത് അതിന്‍റെ ആസ്വാദ്യത നശിപ്പിക്കുകയും അത് ഓര്‍മയില്‍ നന്നായി കോറിയിടപ്പെടാതെ പോവാന്‍ ഇടയൊരുക്കുകയും ചെയ്യും. കുടുംബാംഗങ്ങളോടൊത്തിരിക്കുമ്പോഴാണെങ്കിലും വിനോദയാത്രാവേളകളിലാണെങ്കിലും ഇടക്കിടെ ഫേസ്ബുക്കും വാട്ട്സപ്പും പരിശോധിക്കാതിരിക്കുക. ഇ-മെയിലില്‍ ഓട്ടോ റിപ്ലൈ സെറ്റ്ചെയ്യുക. ജോലിസംബന്ധമായ കോളുകള്‍ വരാറുള്ള നമ്പര്‍, പ്രായോഗികമെങ്കില്‍, ആവുന്നത്ര ഓഫ്ചെയ്തിടുക. പിക്നിക്കുകളിലും മറ്റും സെല്‍ഫിയും മറ്റു ഫോട്ടോകളും എടുക്കുന്നതിനല്ല, നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉള്ളഴിഞ്ഞു മുഴുകുന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്.
 12. സമയത്തിന്‍റെയോ പണത്തിന്‍റെയോ പങ്കുചോദിച്ചുവരുന്ന സര്‍വരോടും യെസ്സു മൂളാതിരിക്കുക. Assertiveness എന്ന പ്രതികരണരീതി പഠിച്ചുവെക്കുക. “പറ്റില്ല” എന്നു പറയുമ്പോള്‍ ശ്രോതാവിന്‍റെ മുഖത്തുതന്നെ നോക്കാനും, ആ വ്യക്തിയെ താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കാനും, അധികം വലിച്ചുനീട്ടാതെ സ്വന്തം ഭാഗം ചുരുങ്ങിയ വാക്കുകളിലവതരിപ്പിക്കാനും, ഒപ്പം യോജിച്ച ശരീരഭാഷ കൂടി ഉപയോഗിക്കാനുമൊക്കെയാണ് ഈ രീതി അനുശാസിക്കുന്നത്.
 13. ഏതൊരനുഭവത്തിന്‍റെയും ഏറ്റവും നല്ലതും ഏറ്റവും മോശവും ഏറ്റവും ആദ്യത്തേതും ഏറ്റവും അവസാനത്തേതുമായ കാര്യങ്ങളാണ് പിന്നീടു നാം നന്നായോര്‍ത്തിരിക്കുക. അതുകൊണ്ടുതന്നെ, അവധിയുടെ അവസാന നാളുകള്‍ വീട് അടുക്കുംചിട്ടയാക്കാനും മറ്റും ചെലവിടാതെ ഏറ്റവും ആനന്ദദായകമായ കാര്യങ്ങള്‍ക്കായി മാറ്റിവെക്കുക.
 14. ഓഫീസിലും മറ്റും ജോലിയെടുക്കുന്നവര്‍ അവധി കഴിഞ്ഞു തിരിച്ചുകയറാന്‍ തിങ്കളാഴ്ച പോലുള്ള തിരക്കേറിയ ദിവസങ്ങള്‍ക്കു പകരം ബുധനാഴ്ചയോ മറ്റോ തെരഞ്ഞെടുക്കുന്നത് അവധിയുടെ ആലസ്യത്തില്‍നിന്ന് ജോലിയുടെ അതികഠിനതകളിലേക്ക് എടുത്തെറിയപ്പെടുന്നെന്ന ഫീലിംഗ് ഒട്ടൊക്കെ ഒഴിവാകാന്‍ സഹായിക്കും.
 15. അവധിക്കു ശേഷമുള്ള ആദ്യനാളുകളില്‍ വൈകുന്നേരവും മറ്റും ഉല്ലാസപ്രദമായ കാര്യങ്ങളില്‍ മുഴുകുന്നത് “ഹോളിഡേ മൂഡ്‌” കുറച്ചുകൂടി നീണ്ടുകിട്ടാന്‍ വഴിയൊരുക്കും. അവധിക്കാലത്തെടുത്ത ഫോട്ടോകള്‍ സ്ക്രീന്‍സേവറായും മറ്റും വെക്കുന്നതും അവധിയാത്രയില്‍ പുതുതായിപ്പരിചയപ്പെട്ടവരുമായി ബന്ധംപുലര്‍ത്തിക്കൊണ്ടിരിക്കുന്നതും ഇതേ ഫലം തരും.
 16. അവധിയാസ്വദിച്ചു മടങ്ങിയെത്തുമ്പോളനുഭവപ്പെടുന്ന ആഹ്ളാദോന്മേഷങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കുമോ? മിക്ക പഠനങ്ങളും തരുന്ന ഉത്തരം “ഇല്ല” എന്നാണ്. തിരിച്ചു ജോലിയില്‍ക്കയറി ഒരു മാസത്തോളം തികയുമ്പോഴേക്കും മാനസികാവസ്ഥ പൂര്‍വസ്ഥിതി പ്രാപിക്കുന്നുണ്ട്! ഇതിന്‍റെയര്‍ത്ഥം, ജീവിത സന്തോഷത്തിനായി പ്രത്യേകം അടയാളപ്പെടുത്തിവെച്ച “അവധിക്കാലങ്ങളെ” മാത്രമാശ്രയിക്കാതെ, ദിവസങ്ങളോരോന്നിനെയും തന്നെയും സന്തോഷത്തിന്‍റെ സ്രോതസ്സുകളാല്‍ നിറക്കുന്നതാവും ഉത്തമമെന്നാണ്. രാവിലെ നീന്താന്‍ പോവുക, ഊണിന്‍റെ ഇടവേളയില്‍ സഹപ്രവര്‍ത്തകരുമായി ബോര്‍ഡ് ഗെയിമുകളോ മറ്റോ കളിക്കുകയോ നാട്ടിലുള്ള ബന്ധുമിത്രാദികളുമായി ബന്ധപ്പെടുകയോ ചെയ്യുക, വൈകിട്ട് പാര്‍ക്കിലോ ബീച്ചിലോ നടക്കാനിറങ്ങുക എന്നിങ്ങനെ അവധിക്കാലത്തിന്‍റെ ചേരുവകളെ ദൈനംദിനജീവിതത്തിന്‍റെ ഭാഗമാക്കുന്നതു പരിഗണിക്കുക.

(2016 ജൂലായില്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു സപ്ലിമെന്‍റില്‍ ഈ ലേഖനം ഉള്‍പ്പെടുത്തപ്പെട്ടിരുന്നു.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: The Moonstone

വായന: ന്യൂജനും പഴഞ്ചനും
ഷെയറിങ്ങിലെ ശരികേടുകള്‍
 

By accepting you will be accessing a service provided by a third-party external to http://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
Our website is protected by DMC Firewall!