കുഞ്ഞുസോദരരുടെ യുദ്ധങ്ങള്‍

കുഞ്ഞുസോദരരുടെ യുദ്ധങ്ങള്‍

“ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക്,

ഞാന്‍ ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ്‌ ഒരു വിദേശരാജ്യത്താണ്. പത്തും എട്ടും വയസ്സുവീതമുള്ള ആണ്‍കുട്ടികള്‍ തമ്മില്‍ വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമില്ല എന്നതാണ് ഞാന്‍ നേരിടുന്ന പ്രശ്നം. അനിയന്‍ ജനിച്ചതില്‍പ്പിന്നെ അച്ഛനമ്മമാര്‍ തന്നെ ഗൌനിക്കുന്നേയില്ലെന്നാണ് ചേട്ടന്‍റെ പരാതി. കൂടുതല്‍ വലിപ്പവും വായുസഞ്ചാരവുമുള്ള മുറി തനിക്കുമുമ്പേ ജനിച്ച് ചേട്ടന്‍ കൈവശപ്പെടുത്തി എന്നാണ് അനിയന്‍റെ ആരോപണം. ആദ്യത്തെ ദോശ ആര്‍ക്കു കിട്ടണം, ആരുടെ ഇഷ്ടചാനല്‍ വെക്കണം എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ രണ്ടുപേരും തമ്മില്‍ അടിയും ഇടിയും കൊലവിളിയും ഒക്കെയാണ്. എനിക്ക് ആകെ സമനില തെറ്റാന്‍ തുടങ്ങുന്നതായി തോന്നുന്നു. ഇവര്‍ ഇങ്ങനെയായിപ്പോവാന്‍ എന്താവും കാരണം? ഇവരുടെ ഈ പോരുകള്‍ ഒന്നു നിന്നുകിട്ടാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?“

- ശാലിനി, നീലേശ്വരം.

സഹോദരങ്ങളായ കുട്ടികള്‍ തമ്മില്‍ ഇങ്ങിനെ വഴക്കുകള്‍ അതിരുവിടുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടാവാം. ശാലിനിയുടെ മക്കളില്‍ക്കണ്ടതു പോലെ മറ്റേക്കുട്ടിയുടെയത്ര സ്നേഹമോ പരിഗണനയോ തനിക്കു കിട്ടുന്നില്ല എന്ന തോന്നല്‍, മറ്റേക്കുട്ടി മൂലം തനിക്ക് പല നഷ്ടങ്ങളും നേരിടേണ്ടിവന്നു എന്ന അനുമാനം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. മുതിര്‍ന്നുവരുന്നതിനനുസരിച്ച് തന്‍റെ കഴിവുകളും താല്‍പര്യങ്ങളും സഹോദരങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന തിരിച്ചറിവ് കുട്ടികളില്‍ ജനിക്കുകയും, അക്കാര്യം തന്നെത്തന്നെയും ലോകത്തെയും ബോദ്ധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായി അവര്‍ വാശിയും മത്സരബുദ്ധിയും പ്രകടിപ്പിക്കുകയും, അതൊക്കെ വഴക്കുകളില്‍ ചെന്നൊടുങ്ങുകയും ചെയ്യാം. നല്ല കാര്യങ്ങള്‍ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനോ, സഹോദരങ്ങളുമായി സമാധാനപരമായ കളികള്‍ക്ക് തുടക്കമിടാനോ ഒക്കെയുള്ള പ്രാപ്തി അല്‍പം കുറവുള്ള കുട്ടികളും വഴക്ക് ഒരു പതിവുശീലമാക്കാം. ശാലിനിയുടെ കുടുംബത്തിലേതു പോലെ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലാത്ത കുട്ടികള്‍ക്കിടയിലും ഒരേ ലിംഗത്തില്‍പ്പെട്ട കുട്ടികള്‍ തമ്മിലുമാണ് അമിതവഴക്കുകള്‍ ഏറ്റവും സാധാരണം എന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ചിലപ്പോഴെങ്കിലും ഈയൊരു പ്രശ്നത്തിനു വിത്തിടുന്നത് മാതാപിതാക്കള്‍ തന്നെയുമാവാം. ചെറിയ വല്ല പ്രശ്നങ്ങള്‍ വരുമ്പോള്‍ പോലും പൊട്ടിത്തെറിച്ചും അടിപിടിക്കു മുതിര്‍ന്നും കുട്ടികള്‍ക്ക് തെറ്റായ മാതൃക കാണിച്ചുകൊടുക്കുക, മക്കളില്‍ ചിലരോട് അമിതമായ വിവേചനം കാണിക്കുക, കുട്ടികളുടെ വഴക്കുകളോട് അനുചിതമായ രീതികളില്‍ മാത്രം പ്രതികരിക്കുക തുടങ്ങിയ ശീലങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അടികലശലുകള്‍ പതിവാകാനുള്ള കളമൊരുക്കാം.

മറുവശത്ത്, ആരോഗ്യകരമായ ചില നടപടികള്‍ കൈക്കൊള്ളുക വഴി കലഹങ്ങളെ നിയന്ത്രണവിധേയമാക്കി നിര്‍ത്താനും മാതാപിതാക്കള്‍ക്കു പറ്റും. മക്കളെ തമ്മില്‍ത്തമ്മില്‍ താരതമ്യപ്പെടുത്താതിരിക്കുക. അവരോരോരുത്തര്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ക്കും കഴിവുകള്‍ക്കുമനുയോജ്യമായ ലക്ഷ്യങ്ങള്‍ മാത്രം നിര്‍ണയിക്കുക. അതിനനുസൃതമായ പ്രതീക്ഷകള്‍ മാത്രം ഓരോരുത്തരിലും ചുമത്തുക. അതേസമയം, വിവേചനം കാണിക്കുന്നു എന്ന പരാതിയൊഴിവാക്കാന്‍ എല്ലാ മക്കള്‍ക്കും സര്‍വകാര്യങ്ങളിലും തത്തുല്യപരിഗണന കൊടുക്കാന്‍ തുടങ്ങുന്നതും നല്ല നടപടിയല്ല — ഓരോ കുട്ടിയുടെയും ആവശ്യങ്ങളെയും പരിമിതികളെയും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള സൌകര്യങ്ങള്‍ തന്നെയാണ് ഓരോരുത്തര്‍ക്കും ഒരുക്കിക്കൊടുക്കേണ്ടത്.

കുട്ടികള്‍ ഒത്തൊരുമയോടെ എന്തെങ്കിലും ചെയ്യുന്നതുകാണുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ ഉപേക്ഷ വിചാരിക്കാതിരിക്കുക.

കുട്ടികള്‍ ഒത്തൊരുമയോടെ എന്തെങ്കിലും ചെയ്യുന്നതുകാണുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ ഉപേക്ഷ വിചാരിക്കാതിരിക്കുക. പരസ്പരം ബഹുമാനിക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും വസ്തുവകകള്‍ പങ്കുവെക്കാനുമൊക്കെ നിര്‍ദ്ദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. ഓരോ കുട്ടിയോടൊത്തും മാത്രമായി ഇത്തിരിയൊക്കെ സമയം ഒറ്റക്കു ചെലവിടാന്‍ ശ്രദ്ധിക്കുക. ഒരാള്‍ മറ്റൊരാളെക്കുറിച്ചുള്ള പരാതികള്‍ നിരത്തുമ്പോള്‍ അതിനു കാതുകൊടുക്കുക. അവരുടെ വികാരങ്ങള്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ടെന്നു വ്യക്തമാക്കുക. ദേഷ്യവും സങ്കടവും കുശുമ്പുമൊക്കെ മനുഷ്യസഹജം മാത്രമാണെന്നും, എന്നാല്‍ അവ മനസ്സിലേക്കു വരുമ്പോള്‍ ആരോഗ്യകരമായി മാത്രം പ്രതികരിക്കേണ്ടത് പ്രധാനമാണെന്നും ഓര്‍മിപ്പിക്കുക. ചെറിയചെറിയ പരിഹാസങ്ങളെയും പ്രകോപനങ്ങളെയുമൊക്കെ അവഗണിക്കേണ്ടതിന്‍റെ ആവശ്യം ഊന്നിപ്പറയുക.

ഉറങ്ങാന്‍ കിടക്കുമ്പോള്‍, ആഹാരത്തിനു കാത്തിരിക്കുമ്പോള്‍ എന്നിങ്ങനെ നിശ്ചിത സമയങ്ങളില്‍ വഴക്കുകള്‍ കൂടുതലായി കാണപ്പെടാറുണ്ടെങ്കില്‍ എന്താണവിടെ പ്രകോപനമാകുന്നതെന്നു തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുക. എന്തൊരു കാര്യത്തിനും അസഭ്യവര്‍ഷങ്ങള്‍ പുറത്തെടുക്കുന്നവര്‍ക്ക് വികാരങ്ങളെ മാന്യമായ രീതിയില്‍ പ്രകടിപ്പിക്കുന്നതെങ്ങനെ എന്നു പറഞ്ഞുകൊടുക്കുക. ചീത്തവിളി, ശാരീരികോപദ്രവം, സാധനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ വിക്രിയകള്‍ വീട്ടില്‍ യാതൊരു കാരണവശാലും അനുവദനീയമല്ല എന്ന് എല്ലാവരോടും വ്യക്തമാക്കുക. ഈ നിബന്ധന ലംഘിക്കുന്നവര്‍ക്ക് എന്തു ശിക്ഷയാണു കൊടുക്കേണ്ടത് (ഒരു ദിവസം ടിവി കാണാന്‍ സമ്മതിക്കാതിരിക്കുക, പോക്കറ്റ്മണി വെട്ടിച്ചുരുക്കുക എന്നിങ്ങനെ) എന്നത് കുട്ടികളോടു കൂടി ചര്‍ച്ചചെയ്ത് തീരുമാനിക്കുക.

മുന്‍വിധികളൊന്നും കൂടാതെ അവരുടെ വാദങ്ങള്‍ക്കു കാതുകൊടുക്കുക.

വഴക്കു മൂത്തുനില്‍ക്കുന്ന നേരത്ത് നാം ഒച്ചവെക്കുകയോ ഉപദേശങ്ങള്‍ വിളമ്പുകയോ ചെയ്യുന്നതില്‍ കാര്യമില്ല എന്നോര്‍ക്കുക. കൂട്ടത്തിലൊരാള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാദ്ധ്യതയൊന്നും കാണുന്നില്ലെങ്കില്‍ കലഹത്തിനിടയില്‍ക്കയറി ഇടപെടാന്‍ പോവാതിരിക്കുന്നതാവും നല്ലത് — എപ്പോഴും നാം വഴക്കുതീര്‍ക്കാന്‍ ചെന്നാല്‍ അതിന് അസ്വാരസ്യങ്ങള്‍ സ്വയം പരിഹരിച്ചു ശീലിക്കാനുള്ള അവസരം അവര്‍ക്കു നഷ്ടപ്പെടുക, നാം കൂട്ടത്തിലൊരാളുടെ പക്ഷംപിടിച്ചു എന്ന ആരോപണത്തിന് അവസരമൊരുങ്ങുക തുടങ്ങിയ ദോഷഫലങ്ങളുണ്ടാവാം. (എന്നാല്‍ വഴക്കുകള്‍ അവ സ്വയം പരിഹരിക്കാനുള്ള പ്രാപ്തിയായിട്ടില്ലാത്തത്ര ചെറിയ കുട്ടികള്‍ തമ്മിലാണെങ്കില്‍ നാം നേരത്തേതന്നെ ഇടപെടേണ്ടതുണ്ട്.)
അതേസമയം കളി കാര്യമാവുന്നതിന്‍റെ സൂചനകള്‍ കിട്ടുകയാണെങ്കില്‍ രണ്ടാളെയും പിടിച്ചുമാറ്റി വെവ്വേറെ മുറികളിലാക്കി തിരിച്ചു ശാന്തതയിലേക്കു വരാന്‍ അവസരമൊരുക്കുക. അതിനുശേഷം ഇരുവരോടും സ്വന്തം ഭാഗം വിശദീകരിക്കാന്‍ പറയുക. മുന്‍വിധികളൊന്നും കൂടാതെ അവരുടെ വാദങ്ങള്‍ക്കു കാതുകൊടുക്കുക. ഏതെങ്കിലുമൊരു കുട്ടിക്ക് പ്രത്യേകം ഉപദേശങ്ങളോ മുന്നറിയിപ്പുകളോ കൊടുക്കാനുണ്ടെകില്‍ അത് പബ്ലിക്കായിട്ടു ചെയ്യാതിരിക്കുക. എല്ലാം കേട്ടുകഴിഞ്ഞ് കലഹത്തിനു വഴിവെച്ച പ്രശ്നത്തിന്‍റെ ഒരു സംഗ്രഹം അവതരിപ്പിക്കുക (“ചുരുക്കത്തില്‍, അപ്പു ഇരുന്നു വായിക്കുമ്പോള്‍ കുട്ടന്‍ അവന്‍റെ ചെവിയില്‍ കോഴിത്തൂവലിട്ടു തോണ്ടുകയും, പകരം അമ്മു അവനെ ഇടിക്കുകയും ചെയ്തു എന്നതാണു പ്രശ്നം.”). പ്രസ്തുത പ്രശ്നത്തിന് എന്താണ് ഏറ്റവും നല്ല പരിഹാരം എന്ന് അവരോടുതന്നെ നിര്‍ദ്ദേശിക്കാന്‍ പറയുക. അവര്‍ക്കു മറുപടിയില്ലെങ്കില്‍ മാത്രം സ്വന്തമഭിപ്രായം വെളിപ്പെടുത്തുക. വഴക്കുകള്‍ തുടങ്ങിയിടുന്നതില്‍ മിക്കവാറുമെല്ലാത്തവണയും കുട്ടികള്‍ രണ്ടുപേര്‍ക്കും ചെറിയ പങ്കുവീതമെങ്കിലും ഉണ്ടാവും എന്നതിനാല്‍ ഒരാളെ മാത്രമായി കുറ്റക്കാരനെന്നു വിധിക്കാതിരിക്കുക. മുമ്പു നിശ്ചയിച്ചു വെച്ചിരുന്ന ശിക്ഷ ഇരുവര്‍ക്കുമായി ഒരുപോലെ നടപ്പാക്കുക. (ഒരാളെ മാത്രമായിട്ടു ശിക്ഷിക്കുന്നത് കുട്ടികള്‍ തമ്മിലെ പക മൂര്‍ച്ഛിക്കാന്‍ ഇടയൊരുക്കുകയും ചെയ്യാം.)

(2015 മാര്‍ച്ച് 23-ലെ മംഗളം വാരികയില്‍ "മനസ്സും നിങ്ങളും" എന്ന പംക്തിയില്‍ എഴുതിയത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Starlighting Mama

ഓര്‍മകളുണ്ടായിരിക്കണം
ഫേസ്ബുക്ക് അടച്ചുവെക്കാനാവാത്തവര്‍

Related Posts

 

By accepting you will be accessing a service provided by a third-party external to http://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
DMC Firewall is a Joomla Security extension!