“നാളെ നാളെ നീളേ നീളേ”ക്കുള്ള മരുന്നുകള്‍

ഒരു സാമ്പിള്‍ക്കഥ

“ഒരു കാര്യവും സമയത്തു ചെയ്യാതെ പിന്നത്തേക്കു മാറ്റിവെച്ചുകൊണ്ടേയിരിക്കുക എന്ന ദുശ്ശീലമാണ് എന്‍റെ പ്രശ്നം.” മോഹന്‍ എന്ന ബിരുദവിദ്യാര്‍ത്ഥി മനസ്സുതുറക്കുന്നു: “എന്തെങ്കിലും പഠിക്കാമെന്നു കരുതി ചെന്നിരുന്നാല്‍ ഉടന്‍ ഒരു വിരക്തിയും അലസമനോഭാവവും കയറിവരും. ‘എന്നാല്‍പ്പിന്നെ നാളെയാവാം’ എന്നും നിശ്ചയിച്ച് അപ്പോള്‍ത്തന്നെ പുസ്തകവുമടച്ചുവെച്ച് എഴുന്നേല്‍ക്കുകയായി. പിന്നെ ടിവികാണലോ വാട്ട്സ്അപ്പ് നോക്കലോ ഒക്കെയായി സമയമങ്ങു പോവും. കോളേജ്ഡേക്ക് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒരു നാടകമവതരിപ്പിക്കാന്‍ പ്ലാനിട്ടിരുന്നെങ്കിലും എന്‍റെ ഭാഗം ഡയലോഗുകള്‍ ബൈഹാര്‍ട്ടാക്കുന്നതില്‍ ഞാന്‍ വീഴ്ചവരുത്തിയതിനാല്‍ അതു ക്യാന്‍സല്‍ചെയ്യേണ്ടി വന്നു…”

ഉദാസീനതയുടെ പ്രത്യാഘാതങ്ങള്‍

മോഹന്‍ വിവരിച്ച പ്രവണത നാട്ടുനടപ്പായിത്തീര്‍ന്ന ഒരു കാലമാണിത്. പരീക്ഷാനാളുകളില്‍ ഹോസ്റ്റലുകളില്‍ രാത്രി മുഴുവന്‍ അണയാതെ കത്തുന്ന വിളക്കുകളും ബില്ലടക്കേണ്ടതിന്‍റെ അവസാന തിയ്യതിയില്‍ ഫോണിന്‍റെയും കറണ്ടിന്‍റെയും ഓഫീസുകളിലെ പൂരത്തിരക്കുമെല്ലാം അടിവരയിടുന്നത് നമുക്കിടയില്‍ നല്ലൊരുപങ്കാളുകള്‍ കാര്യങ്ങള്‍ അവസാനനിമിഷത്തേക്കു മാറ്റിവെക്കുന്ന ശീലക്കാരാണ് എന്നതിനാണ്. ടിവിയും ഇന്‍റര്‍നെറ്റും സ്മാര്‍ട്ട്ഫോണുകളുമൊക്കെ ചുമതലകളില്‍ നിന്നൊളിച്ചോടാനുള്ള പുതുപുത്തനുപാധികള്‍ നമുക്ക് അനുദിനം തന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ — അത് ഹോംവര്‍ക്കോ ജോലിസംബന്ധമായ പ്രൊജക്റ്റുകളോ വീട്ടുവേലകളോ ആവട്ടെ — സദാ നീട്ടിനീട്ടിവെക്കുന്ന പ്രവണത പല ക്ലേശങ്ങള്‍ക്കും നിമിത്തമാവാറുണ്ട്. ഉത്ക്കണ്ഠ, തളര്‍ച്ച, മാനസികസമ്മര്‍ദ്ദം എന്നിവയും അവസാനനിമിഷത്തെ ഓട്ടപ്പാച്ചില്‍നേരത്ത് മറ്റുത്തരവാദിത്തങ്ങളെയും സന്തോഷങ്ങളെയും അവഗണിക്കേണ്ടിവരുന്നതും ഉദാഹരണങ്ങളാണ്. അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ ഇടക്കുകയറിവന്ന് മറ്റു കാര്യങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച മണിക്കൂറുകളെ അപഹരിക്കാം. കാര്യങ്ങള്‍ ധൃതിയില്‍ ചെയ്തുതീര്‍ക്കാന്‍ നോക്കുമ്പോള്‍ പിഴവുകള്‍ക്കുള്ള സാദ്ധ്യത സ്വാഭാവികമായും കൂടാം. കഴിവനുസരിച്ച് പെര്‍ഫോംചെയ്യാനാവാതെ പോവുന്നു എന്ന തിരിച്ചറിവ് നൈരാശ്യത്തിനു വിത്തിടുകയുമാവാം.

എന്തുകൊണ്ടിങ്ങനെ?

“ഇന്നിപ്പൊ ഒരുപാടു വൈകി, ഇനി നാളെയാവട്ടെ”, “ഇമെയില്‍ ഒന്നൂടെ നോക്കിയിട്ടാവാം, ജോലി” എന്നൊക്കെപ്പോലുള്ള മുടക്കുചിന്തകളോ “നല്ല മൂഡും പ്രചോദനവുമൊക്കെയുള്ള നേരങ്ങളിലേ ചെയ്യുന്ന ജോലിക്കു തക്ക റിസല്‍റ്റു കിട്ടൂ”, “അവസാന നിമിഷം ഓടിപ്പിടിച്ചു ചെയ്‌താല്‍ ഒത്തിരി സമയം ലാഭിക്കാം” എന്നൊക്കെയുള്ള വികലമനോഭാവങ്ങളോ ആണ് ഉദാസീനതാശീലത്തിനു പൊതുവെ വളമാവാറുള്ളത്. കാര്യം ചെയ്തെടുക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് മുന്നേക്കൂട്ടി അനുമാനിക്കുന്നതില്‍ സദാ പിഴവു പറ്റുക, യഥാര്‍ത്ഥത്തിലുള്ളതില്‍ കൂടുതല്‍ സമയം തന്‍റെ കൈവശമുണ്ട് എന്നെപ്പോഴും തെറ്റായി വിലയിരുത്തുക, അവസാന നിമിഷങ്ങളില്‍ കാര്യം ചെയ്തുമുഴുമിക്കാന്‍ വേണ്ടത്ര ഉന്‍മേഷവും ഉള്‍പ്രേരണയും തനിക്ക് എന്തായാലുമുണ്ടാവുമെന്ന് വെറുതെയങ്ങുറപ്പിക്കുക തുടങ്ങിയ പിഴവുകളും ഈ ശീലക്കാരില്‍ കാണാറുണ്ട്.

ഉള്‍ക്കാഴ്ച എന്ന ആദ്യപടി

ഈ പ്രശ്നത്തില്‍നിന്നു മുക്തിയാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇങ്ങനെയൊരു ദുശ്ശീലം തനിക്കുണ്ട് എന്നു സ്വയം സമ്മതിക്കുകയാണ്. ഇത് ഏറെപ്പേരെ പിടികൂടിയിട്ടുള്ള ഒരു ശീലമാണ്, പലരും അതേപ്പറ്റി ബോധവാന്മാരാവാതെ പോവുന്നതാണ്, ഈ ശീലം തല്‍ക്കാലത്തേക്കു മനസ്സ്വസ്ഥത തന്നേക്കാമെങ്കിലും കാലക്രമത്തിലുണ്ടാക്കുക ദുരിതങ്ങളാണ്‌, ഇതിനെ മറികടക്കാന്‍ ശ്രമിച്ചാല്‍ തുടക്കത്തില്‍ വിഷമതകള്‍ നേരിട്ടാലും ആത്യന്തികമായി സ്വന്തം കാര്യക്ഷമത വര്‍ദ്ധിക്കുകയെന്ന ഗുണമാണു കിട്ടുക എന്നൊക്കെ മനസ്സില്‍പ്പതിപ്പിക്കുന്നത് ഈ ശീലത്തെ അതിജയിക്കാന്‍ പ്രചോദനമേകുകയും ആ പ്രക്രിയ സുഗമമാക്കുകയും ചെയ്യും.

അടുത്തതായി വേണ്ടത്, എന്തൊക്കെ മുടക്കുചിന്തകളും വികലമനോഭാവങ്ങളുമാണ് തന്‍റെ കാര്യത്തില്‍ പ്രസക്തം എന്നു കണ്ടെത്തുകയും അവയോരോന്നിനുമെതിരെ തക്ക പ്രതിരോധ, പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ്.

മുടക്കുചിന്തകളെ തടുക്കാം

ജോലികള്‍ വല്ലതും തുടങ്ങാനുള്ളപ്പോള്‍ ഇത്തരക്കാരില്‍ തലപൊക്കാറുള്ള ചില മുടക്കുചിന്തകളും അവയെ ദുര്‍ബലപ്പെടുത്താന്‍ തദവസരങ്ങളില്‍ അവര്‍ക്കു സ്വയമുന്നയിക്കാവുന്ന മറുവാദങ്ങളും താഴെപ്പറയുന്നു:

വല്ലാത്ത ക്ഷീണം. ഒന്നു വിശ്രമിച്ചിട്ടാവാം ജോലി.
- അല്‍പനേരം ജോലിചെയ്യാന്‍ നോക്കാം. വല്ലാതെ തളര്‍ച്ച തോന്നുകയും ജോലി തുടരാനാവാതെ വരികയും ചെയ്‌താല്‍ അപ്പോള്‍ വേണമെങ്കില്‍ വിശ്രമിക്കാം.

ഒരു മൂഡില്ല. നാളെയാവട്ടെ.
- നാളെയാണെങ്കിലും ജോലി ഞാന്‍തന്നെ വേണം ചെയ്യാന്‍. എന്‍റെയീ ദുഷ്ചിന്താഗതി നാളത്തേക്ക് മായാജാലത്തിലെന്ന പോലെ മാഞ്ഞുപോവുമെന്നൊന്നും പ്രതീക്ഷിക്കാനാവില്ല. വല്ല അടിയന്തിരപ്രശ്നങ്ങളും കയറിവന്നാല്‍ നാളെ ഈ ജോലിക്കു സമയം കിട്ടിയേക്കില്ല.

തീരെ പ്രചോദനം തോന്നുന്നില്ല.
- ജോലി തുടങ്ങിയിടാം; പ്രചോദനം വഴിയെ വന്നോളും. കുറച്ചു ജോലി ചെയ്തല്ലോ എന്ന ആശ്വാസം അതിന്‍റെ ബാക്കിയും മുഴുമിക്കാനുള്ള പ്രചോദനമുണര്‍ത്തിയേക്കും.

പണി തുടങ്ങാന്‍ വേണ്ട എല്ലാ സാധനങ്ങളും ഇപ്പോള്‍ എന്‍റെ പക്കലില്ല.
- കയ്യിലുള്ള വസ്തുവകകള്‍ വെച്ച് പറ്റുന്നത്ര ജോലി ചെയ്തിടുന്നതിന് തടസ്സമൊന്നുമില്ല.

എമ്പാടും സമയമുണ്ട്. ജോലി പിന്നെച്ചെയ്താലും മതി.
- മറ്റ് അടിയന്തിരപ്രശ്നങ്ങള്‍ വല്ലതുമോ, അസുഖങ്ങള്‍ പോലുള്ള അപ്രതീക്ഷിത വിഘ്നങ്ങളോ എപ്പോഴാണ് കയറിവരിക എന്നു പറയാനാവില്ല.

ഈ നേരത്തു പഠിക്കാന്‍ തുടങ്ങിയാല്‍ ഇപ്പോഴീ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിന്‍റെ രസം പോവും.
- അല്‍പം പഠിക്കാം. അതുകഴിഞ്ഞിട്ട്, അതിനു സ്വയം നല്‍കുന്ന ഒരു സമ്മാനമെന്ന നിലക്ക് ഈ രസമുള്ള കാര്യത്തിന് സമയമനുവദിക്കാം.

വേറെയും കുറേ കാര്യം ചെയ്യാനുണ്ട്. അതെല്ലാം തീര്‍ത്തിട്ട് ഇതിലേക്കു കടക്കാം.
- മറ്റു കാര്യങ്ങള്‍ പക്ഷേ ഇത്ര പ്രധാനപ്പെട്ടതല്ല.

ഈ പട്ടികയില്‍ ഇല്ലാത്ത ചിന്തകള്‍ വല്ലതുമാണ് ആര്‍ക്കെങ്കിലും വിഘാതമാവുന്നത് എങ്കില്‍ ഇതേ ലൈനില്‍ ചിന്തിച്ചാല്‍ അവക്കുള്ള മറുപടികളും ലഭിച്ചേക്കും. അതു ഫലിച്ചില്ലെങ്കില്‍, “സുഹൃത്തുക്കളാരെങ്കിലും ഇത്തരമൊരു ചിന്താഗതി തന്നോടു വെളിപ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ക്കു താന്‍ അതിന്‍റെ പൊള്ളത്തരം എങ്ങിനെ വിശദീകരിച്ചു കൊടുത്തേനെ?” എന്ന രീതിയില്‍ ആലോചിക്കുന്നത് ഗുണകരമാവാം. നല്ല ഒരു കൌണ്‍സിലറെക്കണ്ട് സ്വന്തം മുടക്കുചിന്തകള്‍ ചര്‍ച്ചക്കെടുക്കുകയും ചെയ്യാം.

മനോഭാവങ്ങള്‍ മാറ്റാം

ഒരു ജോലിയെ “ഇന്നയിന്ന ശല്യങ്ങളില്‍ നിന്നു വിടുതികിട്ടാന്‍ വേണ്ടിച്ചെയ്യുന്നു” എന്ന നിലയില്‍ നോക്കിക്കാണാതെ “ഇതുചെയ്‌താല്‍ എനിക്ക് ഇന്നയിന്ന പ്രയോജനങ്ങളുണ്ടാവും” എന്ന രീതിയില്‍ സമീപിക്കുന്നതു നല്ല നടപടിയാണ്. ഉദാഹരണത്തിന്, നല്ല മാര്‍ക്കു വാങ്ങിയില്ലെങ്കില്‍ അച്ഛനമ്മമാര്‍ കോപിഷ്ടരാവും, അദ്ധ്യാപകര്‍ പരിഹസിക്കും എന്നൊക്കെയുള്ള ഭീതികളാല്‍ പ്രേരിതരായാണ് പഠിക്കാന്‍ചെന്നിരിക്കുന്നത് എങ്കില്‍ ഉള്‍ഭീതികളും വിരക്തിയും അവയുളവാക്കുന്ന ഏകാഗ്രതയില്ലായ്മയും ഒക്കെയാവും ഫലം. മറിച്ച്, നല്ല മാര്‍ക്കു കിട്ടിയാല്‍ തനിക്ക് ആത്മസംതൃപ്തിയും സന്തോഷവും തോന്നും, തന്‍റെ ഭാവിക്ക് നല്ലൊരു മുതല്‍ക്കൂട്ടാവും എന്നൊക്കെയുള്ള പോസിറ്റീവ് വശങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പിക്കുന്നത് എങ്കില്‍ പഠനം അനായാസകരവും കൂടുതല്‍ ഫലദായകവും ആവും.

“ഇതു ചെയ്യാതെ ഒരു നിര്‍വാഹവുമില്ല” എന്ന മനോഭാവത്തോടെ ആരോ ഉന്തിത്തള്ളിച്ചെയ്യിക്കുന്നതെന്ന മട്ടില്‍ ജോലികളെ സമീപിക്കുന്നത് ഉദാസീനതക്കിടയാക്കുന്നെങ്കില്‍ പകരം “ഇപ്പോള്‍ ഇതു ചെയ്തുതീര്‍ക്കണമെന്നത് ഞാന്‍ സ്വയമെടുത്ത തീരുമാനമാണ്” എന്നു മാറിച്ചിന്തിക്കുന്നത് ഫലംചെയ്തേക്കും.

“ടെന്‍ഷന്‍ തലയില്‍ക്കയറിക്കഴിഞ്ഞാലേ എനിക്കു വല്ലതും പഠിക്കാനോ ചെയ്യാനോ ആവൂ” എന്നു പ്രഖ്യാപിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ പൊതുവെ ഇങ്ങിനെയൊരനുമാനത്തില്‍ ചുമ്മാ അങ്ങെത്തുകയാണ് ചെയ്യാറ്; അല്ലാതെ, അതേ ജോലി ടെന്‍ഷനൊന്നുമില്ലാത്ത നേരത്തും ഒരിക്കലെങ്കിലും ചെയ്തുനോക്കി, എന്നിട്ട്‌ അതിനു കിട്ടുന്ന ഫലത്തെ അവസാനനിമിഷം തിരക്കുപിടിച്ചു ചെയ്യുമ്പോള്‍ കിട്ടുന്ന ഫലവുമായി താരതമ്യപ്പെടുത്തിയിട്ടൊന്നുമല്ല ഇത്തരം നിഗമനങ്ങളിലെത്താറ്. ജൈവശാസ്ത്രപരമായി നോക്കിയാല്‍ ഒരു പരിധിയിലധികം ടെന്‍ഷന്‍ ശരീരത്തിലുള്ളപ്പോള്‍ നമ്മുടെ കാര്യക്ഷമത കൂടുകയല്ല, കുറയുകയാണ് ചെയ്യുക.

“സ്റ്റാര്‍ട്ടിംഗ് ട്രബിള്‍” പരിഹരിക്കാം

ജോലിയൊന്നു തുടങ്ങിക്കിട്ടാനുള്ള പാടാണ് ചിലരുടെ പ്രശ്നം — അതില്‍ വിജയിച്ചാല്‍പ്പിന്നെ കാര്യം മുഴുമിപ്പിച്ചെടുക്കാന്‍ അവര്‍ക്കു പ്രയാസമുണ്ടാവില്ല. “ഇത്തിരി നേരത്തേക്കെങ്കിലും, ചെറിയ തോതിലാണെങ്കിലും ആ ജോലിയങ്ങ് കണ്ണുമടച്ചു ചെയ്യാം” എന്നു നിശ്ചയിക്കുന്നത് ഇത്തരക്കാര്‍ക്കു സഹായകമാവും. ഉദാഹരണത്തിന്, ഒരു പാഠം വായിച്ചുതുടങ്ങാന്‍ തീരെ മൂഡു തോന്നുന്നില്ല എങ്കില്‍ “വലിയ ആഴത്തിലൊന്നും പോയില്ലെങ്കിലും കുഴപ്പമില്ല” എന്നു മുന്‍‌കൂര്‍ നിശ്ചയിച്ച് ചുമ്മാ പലതവണ പേജുകള്‍ മറിച്ച് തലക്കെട്ടുകളും പെട്ടെന്നു കണ്ണില്‍പ്പെടുന്ന ഭാഗങ്ങളും മാത്രം പാതിശ്രദ്ധയോടെയെങ്കിലും നോക്കാം. പിന്നീടൊരിക്കല്‍ ആ പാഠം സീരിയസായി വായിക്കുമ്പോള്‍ ആദ്യത്തെയാ “ലഘുവായന” പകര്‍ന്ന പരിചിതത്വം കാര്യങ്ങള്‍ നന്നായുള്‍ക്കൊള്ളാനൊരു കൈത്താങ്ങാവും.

“ഏറ്റവും പെര്‍ഫക്റ്റായ രീതിയിലേ ഏതൊരു പണിയും ഞാന്‍ ചെയ്യൂ” എന്ന ദുര്‍വാശി പുതിയൊരു ജോലിക്കു തുടക്കമിടുന്നതിന് സദാ വിഘാതമാവുന്നു എങ്കില്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ അനാരോഗ്യകരമാണെന്നും എല്ലാ ജോലികളും കുറ്റമറ്റ രീതിയില്‍ മാത്രം ചെയ്യുക മനുഷ്യസാദ്ധ്യമല്ലെന്നും സ്വയമോര്‍മിപ്പിക്കുക.

ഒരു ജോലി സമയത്തു തീര്‍ത്താല്‍ തനിക്കു കിട്ടിയേക്കാവുന്ന നേട്ടങ്ങളെയോ തനിക്കും പ്രിയപ്പെട്ടവര്‍ക്കും ഉളവായേക്കാവുന്ന സന്തോഷചാരിതാര്‍ത്ഥ്യങ്ങളെയോ ഒന്നു മനക്കണ്ണില്‍ സങ്കല്‍പിക്കുന്നത് അതുചെയ്തുതുടങ്ങാനുള്ള പ്രചോദനം തരും. കണ്മുമ്പിലുള്ള ജോലി കുറച്ചു ഭീമാകാരമാണ് എങ്കില്‍ അതിനെ പല ചെറുഭാഗങ്ങളായി വിഭജിച്ച്, “ആയിരം നാഴിക വഴിക്കും അടിയൊന്നാരംഭം” എന്ന പഴഞ്ചൊല്ലൊന്നോര്‍ത്ത്, അതില്‍ ഒരുഭാഗം ചെയ്യാനാരംഭിക്കുന്നത് പ്രയോജനകരമാവും.

മറ്റു നടപടികള്‍

ഓരോ ദിവസവും ജോലി തുടങ്ങുമ്പോള്‍ അന്നു ചെയ്യാനുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള കാര്യം ഏറ്റവുമാദ്യം ചെയ്യുന്നത് ആത്മവിശ്വാസം കിട്ടാനും ബാക്കി ജോലികള്‍ ടെന്‍ഷനില്ലാതെ ചെയ്തുതീര്‍ക്കാനാവാനും സഹായിക്കും.

ഓരോ മണിക്കൂറിലും ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കാനും അത് കര്‍ശനമായി പിന്തുടരാനും ടൈം മാനേജ്മെന്‍റ് വിദ്യകളുടെ ഭാഗമായി പൊതുവെ നിര്‍ദ്ദേശിക്കപ്പെടാറുണ്ടെങ്കിലും നീട്ടിവെക്കല്‍ശീലക്കാരില്‍ പക്ഷേ ഇത്തരം നടപടികള്‍ സൃഷ്ടിക്കുക വിപരീതഫലമാവാം — തീര്‍ക്കാനുള്ള ചുമതലകളുടെ ഒരു വന്‍മല കണ്മുമ്പിലുണ്ടാവുന്നത് അവരില്‍ മാനസികസമ്മര്‍ദ്ദമുളവാക്കുകയും തന്മൂലമവര്‍ മുഴുവന്‍ പട്ടികയെയും അനിശ്ചിതമായി അവഗണിക്കുകയും ചെയ്യാം. പട്ടിക ഉണ്ടാക്കരുത് എന്നല്ല; മറിച്ച് ചെയ്തെടുക്കാനായേക്കുമെന്നു തോന്നുന്ന ജോലികള്‍ മാത്രം അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിച്ചും അവ ഇന്ന സമയത്തിനുള്ളില്‍ത്തന്നെ മുഴുമിച്ചിരിക്കണം എന്നു കര്‍ശനനിബന്ധനകള്‍ വെക്കാതെയും ഉള്ള ഒരു സമീപനമാവും കൂടുതല്‍ പ്രായോഗികം. പട്ടികയില്‍നിന്ന് ഒരു കാര്യം ചെയ്തുപൂര്‍ത്തീകരിച്ചാല്‍ സ്വല്‍പം ടിവി കാണാനോ ഇഷ്ടഭക്ഷണം കഴിക്കാനോ ഒക്കെ സ്വയമനുവദിച്ച് തന്നത്താന്‍ പ്രോത്സാഹിപ്പിക്കാനും ഇനിയഥവാ ജോലി നേരത്തോടുനേരം തീര്‍ന്നില്ലെങ്കില്‍ ഒരു ദിവസത്തേക്കു നെറ്റില്‍ കയറില്ലെന്നുവെച്ചോ മുമ്പു തീരുമാനിച്ച പിക്നിക്കില്‍ നിന്നു പിന്മാറിയോ ഒക്കെ സ്വയം ശിക്ഷിക്കാനും നിശ്ചയിക്കാവുന്നതും അത്തരം പ്രതിഫലങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും വിശദാംശങ്ങള്‍ പട്ടികയില്‍ത്തന്നെ ഉള്‍പ്പെടുത്താവുന്നതും ആണ്.

 

കാലങ്ങളായി പിന്തുടര്‍ന്നു പോന്ന ഒരു ദുശ്ശീലത്തില്‍നിന്നു പിന്‍വാങ്ങി പുതിയൊരു നല്ല ശീലത്തിലേക്കു മാറാന്‍ സമയവും ക്ഷമയും പരിശ്രമവും വേണ്ടിവരുമെന്നു മറക്കാതിരിക്കുക. പൂര്‍ത്തീകരിക്കുക ക്ലേശകരമായത്ര ഭീമമായ ഉത്തരവാദിത്തങ്ങള്‍ തുടക്കത്തിലേ സ്വന്തംമേല്‍ അടിച്ചേല്‍പ്പിച്ച് നൈരാശ്യത്തെ ക്ഷണിച്ചുവരുത്താതിരിക്കുക. അല്‍പം പാടുപെട്ടാണെങ്കിലും ഉദാസീനതാശീലം ദൂരീകരിക്കാനായാല്‍ അത് ഭാവിയിലേക്കു ഗുണമേ ആവൂ എന്ന് സ്വയം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക.

(2016 മാര്‍ച്ച് ലക്കം ആരോഗ്യപ്പച്ച മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: FireCaster