പ്രണയരോഗങ്ങള്‍

പ്രണയരോഗങ്ങള്‍

“ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.” – ജര്‍മന്‍ പഴമൊഴി

വിവാഹത്തിലാണെങ്കിലും പ്രേമബന്ധത്തിലാണെങ്കിലും, ഒരു പങ്കാളിയുമായി ആത്മാര്‍ത്ഥവും ഗാഢവുമായ പ്രണയമുണ്ടാവുന്നത് മാനസികാരോഗ്യത്തിന് ഏറെ സഹായകവും പല മനോരോഗങ്ങള്‍ക്കുമെതിരെ നല്ലൊരു പ്രതിരോധവും ആണ്. എന്നാല്‍ മറുവശത്ത്, പല മാനസികപ്രശ്നങ്ങളും മനോരോഗ ലക്ഷണങ്ങളും പ്രണയവുമായി ബന്ധപ്പെട്ടു നിലവിലുണ്ടു താനും. അവയില്‍ച്ചിലതിനെ അടുത്തറിയാം.

പ്രണയത്തെ ഭയക്കുന്നവര്‍

പ്രണയിക്കാന്‍ പേടി തോന്നുന്നതിനെ “ഫിലോഫോബിയ” എന്നുവിളിക്കുന്നു. ഇതു ബാധിച്ചവര്‍ പ്രണയമേല്‍പിച്ചേക്കാവുന്ന ഉത്തരവാദിത്തങ്ങളെയും വൈകാരികാഘാതങ്ങളെയും പെരുപ്പിച്ചുകാണുകയും ഭയക്കുകയും തന്മൂലം ഗാഢബന്ധങ്ങളില്‍നിന്ന് ഓടിയൊളിക്കുകയും ചെയ്യാം. പ്രണയത്തിലേര്‍പ്പെടുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോള്‍പ്പോലുമോ അവര്‍ക്ക് അതിവെപ്രാളവും നെഞ്ചിടിപ്പും കൈവിറയലുമൊക്കെ അനുഭവപ്പെടാം. പ്രണയത്തില്‍പ്പെട്ടുപോയേക്കുമോ എന്ന ആശങ്കയാല്‍ അവര്‍ എതിര്‍ലിംഗക്കാരുമായി അധികം സംസാരിക്കാന്‍പോലും വൈമുഖ്യം കാണിക്കാം. ഒരു ബന്ധത്തില്‍ വല്ല വിധേനയും അകപ്പെട്ടുപോയവര്‍ പങ്കാളിയോടു വൈകാരിക അകലം സൂക്ഷിക്കുകയും അതു സാധിക്കാനായി ലൈംഗികതക്ക് ഏറെ പ്രാമുഖ്യം കൊടുക്കുകയും ചെയ്യാം.

ഫിലോഫോബിയക്കു പൊതുവെ വിത്താവാറുള്ളത് ചുറ്റുവട്ടങ്ങളിലോ ദൃശ്യമാധ്യമങ്ങളിലോ കണ്ടുശീലിച്ച തരം സംഘര്‍ഷഭരിത ബന്ധങ്ങള്‍ തന്‍റെ ജീവിതത്തിലും സംഭവിച്ചേക്കുമോ, മുന്‍ബന്ധങ്ങളിലെ ദുരനുഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിച്ചേക്കുമോ എന്നൊക്കെയുള്ള ആകുലതകളാണ്. പ്രേമബന്ധങ്ങളെപ്പറ്റി മാതാപിതാക്കള്‍ കുത്തിവെക്കുന്ന വികലചിത്രങ്ങളും, “ഒരാളുടെ പ്രേമത്തിനു പാത്രമാവാനുള്ള യോഗ്യതയൊന്നും തനിക്കില്ല” എന്ന തരത്തിലുള്ള സ്വയംമതിപ്പുകുറവും, “വികാരങ്ങളുടെയും ജീവിതത്തിന്‍റെയും കടിഞ്ഞാണ്‍ മറ്റൊരാള്‍ക്കു കൈമാറുകയോ?” എന്ന ഉള്‍പ്പേടിയും ഫിലോഫോബിയയുടെ മറ്റു കാരണങ്ങളാണ്.

സഭാകമ്പം പ്രേമക്കമ്പത്തിനു വിനയാകുമ്പോള്‍

ആളുകള്‍ക്കിടയില്‍ ഇറങ്ങിപ്പെരുമാറുമ്പോള്‍ അതിസംഭ്രമമനുഭവപ്പെടുന്ന “സോഷ്യല്‍ ഫോബിയ” എന്ന രോഗത്തിന്‍റെയൊരു വകഭേദമാണ്, അമിതമായ ഉത്ക്കണ്ഠ ഇഷ്ടം തുറന്നുപറയുന്നതിനും പ്രണയത്തില്‍ മുഴുകുന്നതിനും വിഘാതമാകുന്ന “ലൌ ഷൈനസ്സ്” എന്ന പ്രശ്നം. എതിര്‍ലിംഗക്കാരുടെ സാമീപ്യത്തില്‍ “എനിക്കൊരു കഴിവുമില്ല” “എന്നെയാര്‍ക്കും ഇഷ്ടമാവില്ല” എന്നൊക്കെയുള്ള ചിന്തകള്‍ മൂടുന്നതും സര്‍വധൈര്യവും ചോര്‍ന്നുപോവുന്നതും ഇതിന്‍റെ ലക്ഷണമാവാം. പ്രേമം തുറന്നുപറയാന്‍ മുന്‍കയ്യെടുക്കാറുള്ളത് മിക്കപ്പോഴും പുരുഷന്മാരാണ് എന്നതിനാല്‍ ലൌ ഷൈനസ്സ് കൂടുതലായി ബാധിക്കാറുള്ളതും അവരെയാണ്. ചെറുപ്പത്തില്‍ കൂട്ടുകാരുടെ വികൃതികള്‍ക്കും പരിഹാസങ്ങള്‍ക്കും വല്ലാതെ ഇരയായവരിലും പ്രേമത്തിനു മാതാപിതാക്കള്‍ കര്‍ശനവിലക്കു പ്രഖ്യാപിച്ചിരുന്നവരിലും ഇതു കൂടുതലായി കാണാറുണ്ട്.

അടിസ്ഥാനകാരണങ്ങളായ വികലധാരണകളെ സ്വയമോ വിദഗ്ദ്ധസഹായത്തോടെയോ പൊളിച്ചെഴുതുകയാണ് ഫിലോഫോബിയക്കും ലൌ ഷൈനസ്സിനുമുളള പരിഹാരം. ഉത്ക്കണ്ഠ കുറയാനുള്ള മരുന്നുകളും ഉപകാരപ്രദമാവാം.

തിരിച്ചുകിട്ടാത്ത പ്രണയം…

പ്രേമാഭ്യര്‍ത്ഥന തിരസ്കരിക്കപ്പെട്ടാലത് മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യക്കും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയാക്കാറുണ്ട്. ഇത്തരം കുഴപ്പങ്ങളിലേക്കു നീളാതെ കാക്കാന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവലംബിക്കാവുന്ന ചില നടപടികളിതാ:

 • “തന്‍റെ കുറവുകളും പിഴവുകളും കൊണ്ടാണ് ഇങ്ങിനെ പറ്റിപ്പോയത്” എന്ന അനുമാനത്തിലെത്തി വൃഥാ സ്വയം കുറ്റപ്പെടുത്താതിരിക്കുക. പ്രണയക്ഷണങ്ങള്‍ നിരസിക്കപ്പെടുന്നത് ഒരാളുടെ വ്യക്തിഗത പോരായ്മകള്‍കൊണ്ടു തന്നെയാവണമെന്നില്ല, മറ്റേയാളുടെ താല്‍പര്യങ്ങളോ സാഹചര്യങ്ങളോ വ്യത്യസ്തമായതിനാലോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങള്‍ മൂലമോ ആവാമെന്നതും പരിഗണിക്കുക.
 • ആ വ്യക്തിയെപ്പറ്റി കൂടുതലറിയുക. പ്രണയാന്ധതയില്‍ പല പോരായ്മകളും ദുശ്ശീലങ്ങളും വിഭിന്നതകളും കണ്ണില്‍പ്പെടാതെ പോയിട്ടുണ്ടാവാം. ഒരു പൂര്‍ണചിത്രം തെളിഞ്ഞുകിട്ടുന്നത് നഷ്ടം അത്ര ഭീമമൊന്നുമല്ലെന്ന ആശ്വാസം തന്നേക്കാം.
 • “ഇതെന്തേ ഇങ്ങിനെയായിപ്പോയി?!” എന്നതിനു കൃത്യമായ ഒരുത്തരം കിട്ടിയേതീരൂവെന്നു ദുര്‍വാശി പിടിക്കാതിരിക്കുക.
 • ഓരോരോ അപ്രസക്ത കാര്യങ്ങളെ “ആള്‍ക്ക് ശരിക്കും എന്നോടു താല്പര്യമുണ്ട്” എന്നതിന്‍റെ സൂചനകളായി ദുര്‍വ്യാഖ്യാനംചെയ്ത് കാലക്ഷേപം കഴിക്കാന്‍ പോവാതിരിക്കുക.

പ്രണയശ്രമങ്ങളില്‍ നിരന്തരം പരാജയപ്പെടുന്നവര്‍ വിദഗ്ദ്ധാഭിപ്രായം തേടുന്നതു നന്നാവും.

പ്രണയശ്രമങ്ങളില്‍ നിരന്തരം പരാജയപ്പെടുന്നവര്‍ വിദഗ്ദ്ധാഭിപ്രായം തേടുന്നതു നന്നാവും. ഉദാഹരണത്തിന്, കുഞ്ഞുപ്രായങ്ങളില്‍ ആവശ്യങ്ങള്‍ സാധിച്ചുതരാന്‍ അച്ഛനമ്മമാരിലാരെങ്കിലും താല്‍പര്യമെടുക്കാതിരുന്ന അനുഭവമുള്ളവര്‍ മുതിര്‍ന്നുകഴിഞ്ഞു ബന്ധങ്ങള്‍ക്കു ശ്രമിക്കുമ്പോള്‍ “എന്നെ സ്നേഹിക്കാനേ കൊള്ളില്ല” എന്നൊരു മുന്‍വിധി മനസ്സില്‍ക്കിടക്കുകയും പെരുമാറ്റങ്ങളില്‍ പ്രതിഫലിക്കുകയും നേടാന്‍ ശ്രമിക്കുന്ന പങ്കാളികളെ അകറ്റുന്നതിനു നിമിത്തമാവുകയും ചെയ്യാം. ഇത്തരം പ്രവണതകളെ തിരിച്ചറിഞ്ഞു പരിഹരിക്കാന്‍ മനശ്ശാസ്ത്രചികിത്സകളാല്‍ കഴിഞ്ഞേക്കും.

ബന്ധത്തകര്‍ച്ചകളെ അതിജീവിക്കാം

മറ്റേയറ്റത്ത്, ഏര്‍പ്പെട്ടുകൊണ്ടിരുന്നൊരു ബന്ധം ദുഷിച്ചുതകര്‍ന്നുപോയാല്‍ അതും മനോവൈഷമ്യങ്ങള്‍ക്ക് ഹേതുവാകാം. ബന്ധത്തകര്‍ച്ചയുടെ പ്രത്യാഘാതം മയപ്പെടുത്താന്‍ താഴെപ്പറയുന്ന നടപടികള്‍ ഉതകിയേക്കും:

 • മുന്‍പങ്കാളിയെപ്പറ്റി ഓര്‍മപ്പെടുത്തുന്ന വസ്തുവകകളില്‍നിന്നു കഴിവതും ഒഴിഞ്ഞുനില്‍ക്കുക. പഴയ കത്തുകളും ഫോട്ടോകളുമൊക്കെ തിരിച്ചുംമറിച്ചും നോക്കി ഓര്‍മകളെ സജീവമാക്കി നിര്‍ത്താതിരിക്കുക.
 • ആ ബന്ധത്തിനുണ്ടായിരുന്ന പത്തു പോരായ്മകള്‍ കണ്ടുപിടിക്കുക — ബന്ധം അത്ര സ്വപ്നസമാനമൊന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് ദു:ഖത്തിന് ആയാസം തരും.
 • മനസ്സിലേക്ക് ആവര്‍ത്തിച്ചു തള്ളിത്തികട്ടിവന്ന് വ്യസനമുളവാക്കിക്കൊണ്ടിരിക്കുന്ന ചിന്തകള്‍ ശരിക്കും അടിസ്ഥാനമുള്ളവയോ എന്ന് സ്വയമോ വിദഗ്ദ്ധസഹായത്തോടെയോ പരിശോധിച്ചു മനസ്സിലാക്കുക.
 • മുന്നോട്ടുള്ള ജീവിതത്തില്‍ പ്രാധാന്യം കല്‍പിക്കാനുള്ള കാര്യങ്ങള്‍ തിരിച്ചറിയുക. അവ കൈവരിക്കാന്‍ ശ്രമംതുടങ്ങുക.

പ്രണയക്ഷണം നിരസിക്കപ്പെട്ട സാഹചര്യങ്ങളിലും ബന്ധങ്ങള്‍ തകര്‍ന്നുപോയ വേളകളിലും ഒരുപോലെ ആശ്വാസത്തിനെത്താവുന്ന ചില വിദ്യകളുണ്ട്. ആ വ്യക്തിയെ നിത്യജീവിതത്തിലോ സോഷ്യല്‍ മീഡിയയിലോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ പിന്തുടരുകയോ ചെയ്യാതിരിക്കുക. ആ വ്യക്തിക്കു “കാണിച്ചുകൊടുക്കുക”യെന്ന ഏക ഉദ്ദേശവുംവെച്ച് ഉടനടി മറ്റൊരു ബന്ധത്തിലേക്ക് മുന്‍പിന്‍നോക്കാതെ എടുത്തുചാടാതിരിക്കുക. മനോവേദനക്കു പരിഹാരംതേടി പുകവലിക്കാനോ മദ്യപിക്കാനോ അമിതമായി ആഹാരം കഴിക്കാനോ തുടങ്ങാതിരിക്കുക. ഒഴിവുനേരങ്ങളിലൊക്കെ സന്തോഷപ്രദമായ വല്ല കാര്യങ്ങളിലും മുഴുകുക. വ്യായാമം ചെയ്യുക. വിഷമങ്ങള്‍ ഒന്നു മയപ്പെട്ട ശേഷം, വ്യക്തിത്വത്തിലോ ജീവിതരീതികളിലോ എന്തെങ്കിലും പരിഷ്കരണങ്ങള്‍ നടത്തുന്നതു ഗുണകരമാവുമെന്നു തോന്നുന്നെങ്കില്‍ അതിനു ശ്രമിക്കുക.

പ്രണയമാണ്, പ്രണയത്തോട്

പ്രണയം പക്വമെന്നും അപക്വമെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. പങ്കാളിയുടെ വിശ്വാസ്യതയെയും ബന്ധത്തിന്‍റെ കെട്ടുറപ്പിനെയും ചൊല്ലിയുള്ള ഒടുങ്ങാത്ത സന്ദേഹങ്ങളും, പങ്കാളിയുടെ മേല്‍ പറ്റിക്കൂടിയിരിക്കാനും ആ വ്യക്തിയുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കാനുമുളള അതിരുവിട്ട പ്രവണതകളും അപക്വപ്രണയത്തിന്‍റെ മുഖമുദ്രകളാണ്. അപക്വപ്രണയം ഒരാളുടെ ദൈനംദിന ജീവിതത്തിലാകെ വ്യാപിച്ച് അതിനെ അവതാളത്തിലാക്കുന്ന സ്ഥിതിവിശേഷം “ലൌ അഡിക്ഷന്‍” എന്നറിയപ്പെടുന്നു. ഇതധികം കാണാറുള്ളത് സ്വയംമതിപ്പു കുറഞ്ഞവരിലും എടുത്തുചാട്ടം ശീലമായുള്ളവരിലും വിഷാദമോ അമിതോത്ക്കണ്ഠയോ പോലുള്ള മാനസികപ്രശ്നങ്ങളുള്ളവരിലുമാണ്.

ലഹരിപദാര്‍ത്ഥങ്ങള്‍ അഡിക്ഷനായവരുടേതിനു സമാനമായ പല ലക്ഷണങ്ങളും ലൌ അഡിക്ഷന്‍ ബാധിതരും കാണിക്കാം.

ലഹരിപദാര്‍ത്ഥങ്ങള്‍ അഡിക്ഷനായവരുടേതിനു സമാനമായ പല ലക്ഷണങ്ങളും ലൌ അഡിക്ഷന്‍ ബാധിതരും കാണിക്കാം. സ്നേഹം പ്രാപിക്കാനായി കൂടുതല്‍ക്കൂടുതല്‍ സമയംചെലവിടുക, അതില്‍നിന്നു പിന്മാറാന്‍ ശ്രമിച്ചാലും സാദ്ധ്യമല്ലാതെ വരികയും അങ്ങിനെത്തന്നെ തുടരാന്‍ ആസക്തിയനുഭവപ്പെടുകയും ചെയ്യുക, ബന്ധങ്ങളിലൊന്നും അല്ലാതിരിക്കുമ്പോള്‍ വല്ലാത്ത ഏകാന്തതയും നൈരാശ്യവും തോന്നുക എന്നിവ ഉദാഹരണങ്ങളാണ്.

പ്രേമത്തിനു മാന്ത്രികശക്തിയുണ്ട്, ഏതു വിഘ്നത്തെയും പ്രേമത്താല്‍ അതിജയിക്കാം എന്നൊക്കെയുള്ള അബദ്ധധാരണകളും ഇവര്‍ പുലര്‍ത്താം. തങ്ങളുടെ
താല്‍പര്യങ്ങളോട് പങ്കാളി അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇവര്‍ പ്രതികാരവാഞ്ഛയോടെ പെരുമാറാനും മറ്റൊരു ബന്ധത്തിലേക്കു നീങ്ങാനും സാദ്ധ്യതയുമുണ്ട്.

മനോരോഗങ്ങളുടെ ഔദ്യോഗിക പട്ടികകളില്‍ ലൌ അഡിക്ഷന്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഈ പ്രശ്നത്താല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ക്കു ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അന്തര്‍സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും വികലമായ പ്രണയസങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതാനും മനശ്ശാസ്ത്രചികിത്സ കൊണ്ടുപകരിക്കും. വിഷാദമോ ഉത്ക്കണ്ഠയോ പരിഹരിക്കാന്‍ മരുന്നുകളും ആവശ്യമാവാം.

പ്രണയത്തിനു മരുന്നുണ്ടോ?

വിവാഹമോചനങ്ങളും പ്രണയമേശാത്ത ദാമ്പത്യങ്ങളും സാധാരണമാവുമ്പോള്‍, പരസ്പരപ്രണയം വര്‍ദ്ധിപ്പിക്കാന്‍ വല്ല മരുന്നുകളുമുണ്ടോ? മറുവശത്ത്, അനുകൂല മറുപടി തരാത്ത പ്രേമഭാജനത്തെയോ വിവാഹം നിഷിദ്ധമായ ഒരാളോടുള്ള ഇഷ്ടത്തെയോ മറന്നൊഴിവാക്കാന്‍ വെമ്പുന്നവര്‍ക്കും മറ്റുമെടുക്കാന്‍, പ്രണയത്തെ മനസ്സില്‍നിന്നു കുടിയിറക്കാനുള്ള മരുന്നുകള്‍ വല്ലതുമുണ്ടോ?

“ഇല്ല” എന്നാണ് ലളിതമായ ഉത്തരം. എന്നാല്‍ പ്രതീക്ഷള്‍ക്കും ഒപ്പം ആശങ്കകള്‍ക്കും വകതരുന്ന ഏറെ ഗവേഷണങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്.

പ്രണയത്തിന് ലൈംഗികതാല്‍പര്യം, മാനസികാകര്‍ഷണം, മാനസികയടുപ്പം എന്നിങ്ങനെ മൂന്നു ഘടകഭാഗങ്ങളുണ്ട്. ഇവ മൂന്നിനെയും നിര്‍ണയിക്കുന്ന രാസപദാര്‍ത്ഥങ്ങളെ ശക്തിപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്ത് പ്രണയതീവ്രതയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കാനാണ് ഗവേഷകരുടെ പ്ലാന്‍. ഉദാഹരണത്തിന്, പുരുഷ ലൈംഗികഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഇരുലിംഗങ്ങളിലും ലൈംഗികതാല്‍പര്യം ഉണര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട് എന്നതിനാല്‍ അതിന്‍റെ പ്രവര്‍ത്തനം കൂട്ടുകയോ കുറക്കുകയോ ചെയ്യുന്ന മരുന്നുകളിലൂടെ ലൈംഗികാസക്തിയില്‍ മാറ്റങ്ങളുളവാക്കാന്‍ ശ്രമംനടക്കുന്നുണ്ട്. ഉത്ക്കണ്ഠാചികിത്സയില്‍ ഉപയോഗിക്കപ്പെടാറുള്ള ചില മരുന്നുകള്‍ പങ്കാളിയോടുള്ള മാനസികാകര്‍ഷണം, പ്രത്യേകിച്ച് ആ വ്യക്തിയെക്കുറിച്ചുള്ള വിടാതെ പിന്തുടരുന്ന ചിന്തകള്‍, കുറയ്ക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. തന്റേതില്‍നിന്നു വിഭിന്നമായ ഘടനയുള്ള രോഗപ്രതിരോധവ്യവസ്ഥയുള്ളവരുടെ ശരീരഗന്ധമാണ് ഏതൊരാള്‍ക്കും കൂടുതലിഷ്ടമാവുന്നത് എന്ന കണ്ടെത്തലിലൂന്നി, ഒരാള്‍ക്ക് മറ്റൊരാളോടു മാനസികാകര്‍ഷണം ജനിപ്പിക്കുന്ന തരം ഗന്ധങ്ങള്‍ പ്രത്യേകം രൂപപ്പെടുത്താനാവുമെന്നു പ്രതീക്ഷകളുണ്ട്. മറ്റുള്ളവരോടു മാനസികയടുപ്പം തോന്നാന്‍ നമ്മെ സഹായിക്കുന്ന ഓക്സിട്ടോസിന്‍ എന്ന ഹോര്‍മോണിന്‍റെ അളവു ക്രമപ്പെടുത്തി മാനസികയടുപ്പത്തെ സ്വാധീനിക്കാനും ശ്രമങ്ങളുണ്ട്.

ഒപ്പം, മരുന്നു കഴിച്ചുളവാക്കുന്ന പ്രേമം കൃത്രിമമാവില്ലേ, ബന്ധം വിച്ഛേദിച്ചു പുറത്തുകടക്കാന്‍ തീരുമാനിച്ച പങ്കാളിയെ മറ്റേയാള്‍ പ്രേമം കൂട്ടാനുള്ള മരുന്നെടുക്കാന്‍ പ്രേരിപ്പിച്ചാലോ, സ്വവര്‍ഗാനുരാഗികളിലോ സമൂഹമിഷ്ടപ്പെടാത്ത തരം പ്രേമത്തിലേര്‍പ്പെടുന്നവരിലോ പ്രണയം കുറയാനുള്ള മരുന്നുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടേക്കില്ലേ എന്നൊക്കെയുള്ള സന്ദേഹങ്ങളും സജീവമാണ്.

വ്യക്തിത്വരോഗങ്ങള്‍ ബന്ധങ്ങളില്‍

ചിലരുടെ വിശ്വാസമനോഭാവങ്ങളും വികാരപ്രകടന ശൈലിയും പെരുമാറ്റരീതികളും സമൂഹത്തില്‍ പൊതുവെ കാണപ്പെടാറുള്ളവയില്‍നിന്ന് ഏറെ വ്യത്യസ്തമാവാറുണ്ട്. ഇത്തരം വ്യത്യസ്തതകള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൃശ്യമാവുകയും കുഴപ്പങ്ങള്‍ക്കു കാരണമാവുകയും ചെയ്താലതിനെയാണ് “വ്യക്തിത്വരോഗം” എന്നുവിളിക്കുന്നത്. പല വ്യക്തിത്വരോഗങ്ങളും ബന്ധങ്ങളിലും പ്രതിഫലിക്കുകയും പ്രശ്നനിമിത്തമാവുകയും ചെയ്യാറുണ്ട്. ചില ഉദാഹരണങ്ങളിതാ:

ആന്‍റിസോഷ്യല്‍: പങ്കാളിയുടെ വികാരങ്ങളെയും അവകാശങ്ങളെയും സദാ തൃണവല്‍ക്കരിക്കുക. ഉത്തരവാദിത്തമില്ലാതെ മാത്രം പെരുമാറുക. കള്ളവും ചതിയും സ്വാര്‍ത്ഥതയും മറ്റുള്ളവരെ അപമാനിക്കലും ശാരീരികമായി ഉപദ്രവിക്കലും ജീവിതരീതിയാക്കുക.
ബോര്‍ഡര്‍ലൈന്‍: ബന്ധങ്ങളില്‍ സംതൃപ്തി കിട്ടാതെ ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് പിന്നെയുംപിന്നെയും മാറുക. പങ്കാളി തന്നെ ഉപേക്ഷിക്കുമോ എന്ന് സദാ ഭയക്കുക. മനസ്സിലെപ്പോഴും വല്ലാത്ത ശൂന്യത തോന്നുക. ആത്മഹത്യാപ്രവണതയും എടുത്തുചാട്ടവും കാണപ്പെടുക.
ഡിപ്പെന്‍ഡന്‍റ്: തീരുമാനങ്ങളൊക്കെ പങ്കാളിക്കും മറ്റും വിട്ടുകൊടുക്കുക. യാതൊരു നിര്‍ബന്ധങ്ങളും പുലര്‍ത്താതെ, പങ്കാളിക്ക് അടിയൊതുങ്ങി, പങ്കാളിയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുത്തു ജീവിച്ചുപോവുക. ഒറ്റക്കു കഴിയാന്‍ വൈമനസ്യമുണ്ടാവുക.
ഹിസ്റ്റ്റിയോണിക്ക്: ബന്ധങ്ങളില്‍ ഏറെ വൈകാരികതയും ലൈംഗികവശീകരണവും കൗശലോപായങ്ങളും പ്രകടമാക്കുക.
നാഴ്സിസ്സിസ്റ്റിക്ക്: വല്ലാത്ത താന്‍പോരിമയും സ്വയംപുകഴ്ത്തലും അസൂയയും കുശുമ്പും ധാര്‍ഷ്ട്യവും കൊണ്ടുനടക്കുക. പങ്കാളിയോട് പരിഗണനയോ സഹാനുഭൂതിയോ ഇല്ലാതിരിക്കുക. തനിക്കു പ്രത്യേകം ശ്രദ്ധക്കും ബഹുമാനത്തിനും പരിചരണത്തിനും അര്‍ഹതയുണ്ടെന്നും ഇക്കാര്യത്തോടു വിയോജിപ്പുള്ളവര്‍ ശിക്ഷയര്‍ഹിക്കുന്നുണ്ടെന്നും വിശ്വസിക്കുക.
സ്കിസോയ്ഡ്: അധികം സ്നേഹവായ്പ്പോ വികാരങ്ങളോ ലൈംഗികതാല്‍പര്യങ്ങളോ പ്രദര്‍ശിപ്പിക്കാതിരിക്കുക. ഒറ്റക്കിരിക്കാനും ആലോചനയില്‍ മുഴുകാനും പ്രതിപത്തി കാണിക്കുക. പ്രശംസിച്ചാലോ വിമര്‍ശിച്ചാലോ ഒന്നും ഒരു കുലുക്കവുമില്ലാതിരിക്കുക.

ഇത്തരമാളുകളുടെ പങ്കാളികള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്:

 • മരുന്നോ മനശ്ശാസ്ത്ര ചികിത്സയോ മുഖേന ചില ലക്ഷണങ്ങള്‍ക്കു ശമനം കിട്ടിയേക്കാം എന്നല്ലാതെ, വ്യക്തിത്വരോഗങ്ങള്‍ ചികിത്സ കൊണ്ടോ സ്നേഹം കൊണ്ടോ നിങ്ങളുടെ രീതികളില്‍ മാറ്റങ്ങള്‍ വരുത്തിയോ പൂര്‍ണമായി ഭേദപ്പെടുത്താനാവില്ല. പൊതുവെയവ മരണംവരെ നിലനില്‍ക്കാറുണ്ട്.
 • പങ്കാളിയുടെ ഇത്തരം രീതികളുടെ ഉത്തരവാദിത്തം ഒരു കാരണവശാലും നിങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല.
 • അവരുടെ പെരുമാറ്റങ്ങള്‍ നിങ്ങളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ തകര്‍ക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക.

പ്രണയപ്പൂന്തോപ്പിലെ സംശയമുള്ളുകള്‍

പ്രേമത്തിലെയോ വിവാഹത്തിലെയോ തന്‍റെ പങ്കാളിക്ക് മറ്റൊരാളോടു മനസ്സുകൊണ്ടും ലൈംഗികമായും അഭിനിവേശമുണ്ട് എന്ന ആശങ്കയോ വിശ്വാസമോ ഒരടിത്തറയുമില്ലാതെ വെച്ചുപുലര്‍ത്തുന്ന അനേകരുണ്ട്. ഇത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നുമാണ് — ഭാര്യയെ വധിച്ചതിന് തമിഴ്’നാട്ടില്‍ ജയിലിലടക്കപ്പെട്ട നാല്‍പത്തൊന്നാളുകളില്‍ നടത്തപ്പെട്ടൊരു പഴയ പഠനത്തിന്‍റെ കണ്ടെത്തല്‍, അതില്‍ പതിനേഴു പേര്‍ക്ക് കൃത്യത്തിനു പ്രേരണയായത് ഭാര്യയെപ്പറ്റിയുള്ള സംശയമായിരുന്നെന്നാണ്.

സംശയം അമിതമാവുന്നത് രണ്ടു തരത്തിലാവാം. “ഒബ്’സഷണല്‍ ജലസി” എന്നയിനം ബാധിച്ചവര്‍ക്ക് സ്വന്തം സംശയങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ബോദ്ധ്യമുണ്ടാവും. എന്നാല്‍ എത്ര പാടുപെട്ടാലും അവര്‍ക്കാ ചിന്തകളെ പുറന്തള്ളാനായേക്കില്ല. അതെല്ലാമുളവാക്കുന്ന മനസ്സംഘര്‍ഷം കുറക്കാനവര്‍ മനസ്സില്ലാമനസ്സോടെ പങ്കാളിയെ നിരീക്ഷിക്കുകയും ചോദ്യംചെയ്യുകയുമൊക്കെച്ചെയ്യാം. ലൈംഗികപ്രശ്നങ്ങളും അരക്ഷിതത്വബോധവും കാര്യങ്ങളെ സദാ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രകൃതവുമൊക്കെയാണ് ഒബ്’സഷണല്‍ ജലസിക്കു വഴിവെക്കാറ്.

“ഡെല്യൂഷണല്‍ ജലസി” എന്ന, കൂടുതല്‍ തീവ്രമായ, അടുത്തയിനം പിടിപെട്ടവര്‍ പങ്കാളിക്ക് നിരവധിപ്പേരോടു ബന്ധമുണ്ട്, പങ്കാളിയും പ്രേമപാത്രങ്ങളും ചേര്‍ന്ന് തന്‍റെ ലൈംഗികശേഷി നശിപ്പിക്കുന്നുണ്ട്, തന്നെക്കൊല്ലാന്‍ നോക്കുന്നുണ്ട് എന്നൊക്കെ, എത്രതന്നെ മറുതെളിവുകള്‍ നിരത്തപ്പെട്ടാലും, ഉറച്ചുവിശ്വസിക്കാം. ഓര്‍മകളെയും ദൈനംദിന സംഭവങ്ങളെയും അവര്‍ തങ്ങളുടെ ആരോപണങ്ങള്‍ക്ക് ഉപോദ്ബലകമാവുന്ന രീതിയില്‍ സ്വയമറിയാതെ ദുര്‍വ്യാഖ്യാനം ചെയ്യാം. അമിതമദ്യപാനം തൊട്ട് തലച്ചോറിനെ ബാധിക്കുന്ന പരിക്കുകളും ട്യൂമറുകളും വരെ ഡെല്യൂഷണല്‍ ജലസിക്കു നിമിത്തമാവാറുണ്ട്.

അമിതസംശയം പുലര്‍ത്തുന്നവര്‍ക്ക് വിദഗ്ദ്ധ പരിശോധന സൌകര്യപ്പെടുത്തേണ്ടതും മരുന്നുകളും മനശ്ശാസ്ത്ര ചികിത്സകളും ലഭ്യമാക്കേണ്ടതും പ്രധാനമാണ്.

പ്രേമം അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തമാവുമ്പോള്‍

സാമ്പത്തികമായും സാമൂഹികമായും തന്നെക്കാള്‍ ഉന്നതിയിലുള്ള, വിവാഹം കഴിഞ്ഞതിനാലോ ഇതര കാരണങ്ങളാലോ ഒരു ബന്ധത്തിനു സാദ്ധ്യതയേ വിരളം പോലുമായ, ഒരാള്‍ തന്നോടു പ്രേമത്തിലാണ് എന്ന് ഒരടിസ്ഥാനവുമില്ലാതെ ഉറച്ചുവിശ്വസിക്കുന്നത് മനോരോഗ ലക്ഷണമാവാം. (“പ്രിയങ്കാഗാന്ധിക്ക് എന്നോടിഷ്ടമാണ്” എന്ന ധാരണയില്‍ ട്ടെന്‍ത്ത് ജന്‍പഥിനു മുന്നില്‍ കറങ്ങിനടന്നൊരു യുവാവ് വര്‍ഷങ്ങള്‍മുമ്പ് പോലീസിന്‍റെ പിടിയിലായിരുന്നു.) “ഡെല്യൂഷന്‍ ഓഫ് ലൌ” എന്നു വിളിക്കപ്പെടുന്ന ഈ പ്രശ്നം പൊതുവെ കണ്ടുവരാറുള്ളത് സ്കിസോഫ്രീനിയ പോലുള്ള രോഗങ്ങളുടെ ഭാഗമായാണ്. ഇതു ബാധിച്ചവരോട് മറുതെളിവുകള്‍ നിരത്താനോ വാദിച്ചു ജയിക്കാനോ ചെല്ലുന്നത് നിഷ്പ്രയോജനമാവുകയേ ഉള്ളൂ. മരുന്നുകള്‍കൊണ്ടേ ഇതില്‍നിന്നു മോചനം കിട്ടിയേക്കൂ.

(2016 ജൂലൈ 1-ലെ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Wallpaper Up

ഷെയറിങ്ങിലെ ശരികേടുകള്‍
ഡെലീരിയം തിരിച്ചറിയാതെപോവരുത്