By accepting you will be accessing a service provided by a third-party external to http://mind.in/

ആരും ജയിക്കാത്ത വഴക്കുകള്‍

ആരും ജയിക്കാത്ത വഴക്കുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്ന ഒരു കാര്‍ട്ടൂണുണ്ട് — രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന ഒരാളോട് ഭാര്യ “ഇന്നെന്താ ഉറങ്ങുന്നില്ലേ?” എന്നന്വേഷിക്കുമ്പോള്‍ സ്ക്രീനില്‍നിന്നു കണ്ണുപറിക്കാതെ അയാള്‍ പറയുന്നു: “ദേ, ഇന്‍റര്‍നെറ്റിലൊരാള്‍ പൊട്ടത്തരം വിളമ്പുന്നു; അങ്ങേരെയൊന്നു വാസ്തവം ബോദ്ധ്യപ്പെടുത്തിയിട്ട് ഇപ്പൊ വരാം!”

ലോകത്തിന്‍റെ മറ്റേതോ ഭാഗങ്ങളില്‍ക്കിടക്കുന്ന മുന്‍പരിചയം പോലുമില്ലാത്ത എത്രയോ പേരുമായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്താനും, പുതിയ ആശയങ്ങളും വിജ്ഞാനശകലങ്ങളും വീക്ഷണകോണുകളും പരസ്പരം കൈമാറാനും, മറ്റൊരാള്‍ക്കിത്തിരി വിവരം പകര്‍ന്നുകൊടുക്കാനായെന്ന ചാരിതാര്‍ത്ഥ്യം കൈവരിക്കാനുമെല്ലാം ഇന്‍റര്‍നെറ്റ് നമുക്കായൊരുക്കിയിരിക്കുന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സൌകര്യങ്ങളാണ്. എന്നാല്‍ നെറ്റില്‍ സംവാദങ്ങള്‍ക്കോ മറ്റുള്ളവരുടെ പിഴവുകളെയോ വികലധാരണകളെയോ തിരുത്താനോ മിനക്കെടുന്നവര്‍ക്കു നിത്യേന കിട്ടുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതു പക്ഷേ സാഹചര്യം അത്രക്കങ്ങു സ്വപ്നസമാനമല്ല എന്നാണ്. എത്രതന്നെ മറുതെളിവുകളോ യുക്തിഭദ്രമായ എതിര്‍വാദങ്ങളോ നിരത്തപ്പെട്ടാലും സ്വന്തം പിശകുകള്‍ തിരുത്താന്‍ ഒട്ടുമേ തയ്യാറില്ലാത്തവരും, വിയോജിപ്പു പ്രകടിപ്പിക്കുന്നവരെയും അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെയും പരിഹാസത്തിലൂടെയും അസഭ്യവര്‍ഷത്തിലൂടെയും നേരിടുന്നവരും, മിക്ക ചര്‍ച്ചകളും ദ്രുതവേഗം മുട്ടന്‍വഴക്കുകളിലും തെറിയഭിഷേകങ്ങളിലും മനോവൈഷമ്യങ്ങളിലുമൊക്കെ വഴുതിച്ചെന്നെത്തുന്നതുമെല്ലാം ഓണ്‍ലൈന്‍ “ആല്‍ത്തറ”കളിലെ സ്ഥിരംകാഴ്ചകളാണ്.

ഇന്‍റര്‍നെറ്റിന്‍റെ പല സവിശേഷതകളും അതിനെ സാര്‍ത്ഥക ചര്‍ച്ചകള്‍ക്ക് അനുരൂപമല്ലാതാക്കുന്നുണ്ട് എന്നതാണു വാസ്തവം. ഉദാഹരണത്തിന്, മുഖാമുഖമുള്ള സംവാദങ്ങളില്‍ ആരെങ്കിലും അബദ്ധമോ അസഭ്യമോ വിളമ്പിത്തുടങ്ങിയാല്‍ അവരതു മുഴുമിക്കുംമുന്നേതന്നെ മറ്റുള്ളവരാരെങ്കിലും ഇടപെട്ടേക്കും — എന്നാല്‍ നെറ്റിലാവട്ടെ, എത്ര ദൈര്‍ഘ്യം വേണമെങ്കിലുമുള്ള ഏതുതരം കമന്‍റും ഒരു വിഘ്നവുമില്ലാതെ പോസ്റ്റാനാവും. മറ്റുള്ളവര്‍ തെറ്റു ചൂണ്ടിക്കാണിച്ചാല്‍ ഒന്നുംമിണ്ടാതെ സ്ഥലംവിടാനോ താന്‍ തമാശ പറയുകയായിരുന്നെന്ന് കള്ളംപറയാനോ ഒക്കെയുള്ള, ഓഫ്‌ലൈന്‍ജീവിതത്തില്‍ കിട്ടാത്ത, സൌകര്യങ്ങള്‍ നെറ്റു തരുന്നുമുണ്ട്. അതുപോലെതന്നെ, ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് ഉപോദ്ബലകമായി നാം സ്വന്തമനുഭവങ്ങളെ മുന്നോട്ടുവെച്ചാല്‍ നമ്മെ നേരിട്ടറിയാവുന്നവര്‍ക്ക് അതു സ്വീകാര്യമായേക്കാമെങ്കിലും നെറ്റിലെ അപരിചിതര്‍ക്ക് അങ്ങിനെയാവണമെന്നില്ല. ഏതൊരു സംഭാഷണത്തിലും, നമ്മോട് അഭിപ്രായവ്യത്യാസമുള്ളവരുമായുള്ള സംവാദങ്ങളില്‍ പ്രത്യേകിച്ചും, നാമവലംബിക്കുന്ന ശരീരഭാഷക്ക് നാം വാകൊണ്ടുപറയുന്ന കാര്യങ്ങളെക്കാള്‍ ഏറെ പ്രാധാന്യമുണ്ട് — എന്താംഗ്യങ്ങളാണു കാണിക്കുന്നത്, ഏതു വാക്കുകള്‍ക്കാണ് ഊന്നല്‍കൊടുക്കുന്നത്, എന്തു മുഖഭാവമാണ് പ്രകടിപ്പിക്കുന്നത് എന്നിവക്കൊക്കെ നമ്മുടെ പറച്ചിലുകളെ കേള്‍വിക്കാര്‍ എങ്ങിനെയുള്‍ക്കൊള്ളുന്നു എന്നു നിര്‍ണയിക്കുന്നതില്‍ പ്രസക്തിയുണ്ട്. എന്നാല്‍ എഴുത്തിലൂടെ മാത്രം നടക്കുന്ന ഓണ്‍ലൈന്‍ചര്‍ച്ചകളില്‍ ഇതിനൊന്നും അവസരങ്ങളുണ്ടാവാറില്ല.

“Backfire effect” എന്ന മനശ്ശാസ്ത്രതത്വത്തിന് ഓണ്‍ലൈന്‍ ഉപദേശാവബോധനങ്ങള്‍ ഏശാതെ പോവുന്നതിനു പിന്നില്‍ നല്ലൊരു പങ്കുണ്ട് എന്നാണ് “You can beat your brain” എന്ന പുസ്തകത്തില്‍ ഡേവിഡ് മക്റാനി സമര്‍ത്ഥിക്കുന്നത് . നാം അടിയുറച്ചുവിശ്വസിക്കുന്ന കാര്യങ്ങളോടു വിയോജിക്കുന്നതോ അവയെ പൊളിച്ചെഴുതുന്നതോ ആയ വല്ല വസ്തുതകളും ആരെങ്കിലും എടുത്തിട്ടാല്‍ സസന്തോഷം മുന്‍വിശ്വാസങ്ങളെ ത്യജിക്കുകയും പുത്തനറിവുകളെ പുണരുകയുമല്ല നാം ചെയ്യുക; മറിച്ച് നമ്മുടെ ഒറിജിനല്‍ വിശ്വാസങ്ങള്‍, അവ എത്രതന്നെ അബദ്ധജടിലമോ യുക്തിരഹിതമോ ആണെങ്കിലും, കൂടുതല്‍ സുദൃഢമായിത്തീരുകയാണു സംഭവിക്കുക എന്നാണ് ഈ തത്വത്തിന്‍റെ പൊരുള്‍. മനസ്സിനരുമകളായി നാം കൊണ്ടുനടക്കുന്ന വിശ്വാസങ്ങളെ ആരോ പൊളിച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന തോന്നല്‍ നമുക്കൊരുതരം ബൌദ്ധികാസ്വാരസ്യം (cognitive dissonance) ജനിപ്പിക്കുകയും, അതില്‍നിന്നു വിടുതി നേടാന്‍ നമ്മുടെ മനസ്സില്‍ നാം പോലുമറിയാതെ “ഇവര്‍ മന:പൂര്‍വം നുണ പറയുകയാണ്” എന്നൊക്കെപ്പോലുള്ള സാന്ത്വനവാദങ്ങള്‍ ഉറവെടുക്കുകയും, ഉടനടി നാം നമ്മുടെ മുന്‍ധാരണകള്‍ തരുന്ന സുഖാശ്വാസങ്ങളിലേക്കു മടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെയൊരു വിരോധാഭാസം സംഭവിക്കുന്നത്. സ്വന്തം വാദത്തിനു ബലം കിട്ടാന്‍ നിങ്ങള്‍ കുറേ കണക്കുകളും ലിങ്കുകളുമൊക്കെ സ്വരുക്കൂട്ടിയെടുത്തിട്ടാല്‍ അതിന്‍റെ പരിണിതഫലം എതിരാളികള്‍ അവരുടെ വിശ്വാസങ്ങളില്‍ കൂടുതല്‍ തീവ്രതയോടെ അള്ളിപ്പിടിക്കുകയാവും എന്നു ചുരുക്കം!

‘ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി’ പോലുള്ള വ്യക്തിത്വവൈകല്യങ്ങളുള്ളവര്‍ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കി രസിക്കാന്‍ ഓണ്‍ലൈന്‍വേദികളില്‍ കറങ്ങിനടക്കുകയും ഇല്ലാത്ത കാരണമുണ്ടാക്കിപ്പോലും സഭ്യേതര പെരുമാറ്റം രംഗത്തിറക്കുകയും ചെയ്തേക്കാം. എന്നാല്‍ നിത്യജീവിതത്തില്‍ ഏറെ മാന്യതയോടും ആത്മനിയന്ത്രണത്തോടും മാത്രം അന്യരോടിടപഴകാറുള്ളവര്‍ പോലും ഓണ്‍ലൈന്‍ വേദികളില്‍ സംയമനവും സഭ്യതയുമില്ലാതെ പ്രതികരിക്കാറുണ്ട് എന്നതാണു സത്യം. ഇതിനു പല കാരണങ്ങളുമുണ്ട്: ചെറിയ ഇഷ്ടക്കേടുകളെ ശരീരഭാഷയിലൂടെ മാത്രം പ്രകടിപ്പിക്കുന്നതിനും ശ്രോതാവിന്‍റെ ഭാവമാറ്റങ്ങളില്‍ നിന്നുകിട്ടുന്ന ദുസ്സൂചനകളുടെ വെളിച്ചത്തില്‍ സ്വന്തം പ്രതികരണങ്ങളെ മയപ്പെടുത്തുന്നതിനുമൊക്കെ നിത്യജീവിതത്തില്‍ സൌകര്യങ്ങളുണ്ടെങ്കിലും ഓണ്‍ലൈന്‍ വേദികളില്‍ അങ്ങിനെയില്ല. വഷളത്തരം കാണിച്ചാല്‍ സമൂഹത്തിലെ സല്‍പ്പേരു പൊയ്പ്പോവാം, അടികിട്ടുക പോലും ചെയ്യാം എന്നൊക്കെയുള്ള “പഴഞ്ചന്‍” ആശങ്കകള്‍ക്ക് ഓണ്‍ലൈന്‍ തര്‍ക്കസദസ്സുകളില്‍ പ്രാധാന്യമേതുമില്ല എന്നതും പ്രശ്നമാണ്. ഒരാളോടു നേരിട്ടുസംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും എവിടെയോ കിടക്കുന്ന ഓണ്‍ലൈന്‍ചര്‍ച്ചാപങ്കാളികളോടു കാണിക്കേണ്ടതില്ല എന്ന ദുര്‍മനോഭാവവും പ്രബലമാണ്. നെറ്റില്‍ ചര്‍ച്ചകള്‍ക്കിറങ്ങാന്‍ സ്വന്തം പേരോ വിലാസമോ പരസ്യപ്പെടുത്തുക നിര്‍ബന്ധമല്ല എന്നതും പലരെയുമവിടെ നിര്‍മര്യാദക്കാരും അക്രമോത്സുകരും ആക്കുന്നുണ്ട്. സംസാരത്തെയപേക്ഷിച്ച് എഴുത്ത് എന്ന മാധ്യമം അതുപയോഗിക്കുന്നവര്‍ മര്യാദകേടിലേക്കു വഴുതാന്‍ സാദ്ധ്യത കൂടുതലുള്ള ഒന്നാണ് എന്ന കുഴപ്പവും ഉണ്ട്.

ഓണ്‍ലൈന്‍ സംവാദങ്ങള്‍ മുഖേന ആര്‍ക്കെങ്കിലും പുതിയ ഉള്‍ക്കാഴ്ചകളോ ബോധോദയങ്ങളോ പകരാന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാണ് എന്നാണ് ഈ പറഞ്ഞതിന്‍റെയെല്ലാം വിവക്ഷ. (അര്‍ബന്‍ ഡിക്ഷ്ണറി “internet argument”-നു നല്‍കുന്ന നിര്‍വചനം “something that idiots do online” എന്നാണ്!) എന്നാലും ഒന്നു ശ്രമിച്ചുനോക്കാം എന്നാണെങ്കില്‍ കൈത്താങ്ങാക്കാവുന്ന ചില വിദ്യകള്‍ ഇതാ:

  • എതിരാളിയുടെ വാദങ്ങള്‍ തെറ്റാണ് എന്നുമാത്രം സമര്‍ത്ഥിച്ച് പിന്‍വാങ്ങാതെ, കൂടെ എന്താണു ശരി എന്നതും വസ്തുതകളുടെയും ചിത്രങ്ങളുടെയുമെല്ലാം പിന്‍ബലത്തോടെ വ്യക്തമാക്കുക.
  • തിരുത്താന്‍ ശ്രമിക്കുന്ന വികലധാരണകളെ ചുരുങ്ങിയ വാക്കുകളില്‍ മാത്രം പരാമര്‍ശിച്ച്, നിങ്ങള്‍ക്കുയര്‍ത്താനുള്ള എതിര്‍വാദങ്ങളെ വിശദമായവതരിപ്പിക്കുക.
  • കുറേയേറെ മറുവാദങ്ങള്‍ നിരത്താതെ സുപ്രധാനമായ മൂന്നോനാലോ പോയിന്‍റുകള്‍ മാത്രം മുന്നോട്ടുവെക്കുക.
  • നിങ്ങളുടെ വാദങ്ങള്‍ വിശ്വസിച്ചാല്‍ എതിരാളിക്കു കിട്ടിയേക്കാവുന്ന പ്രയോജനങ്ങള്‍ എണ്ണിപ്പറയുക.
  • ശരീരഭാഷ സഹായത്തിനെത്തില്ല എന്ന ബോദ്ധ്യത്തോടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടംകൊടുക്കാത്ത വ്യക്തവും ലളിതവുമായ ഭാഷയും അനുയോജ്യമായ സ്മൈലികളും ഉപയോഗിക്കുക.
  • കമന്‍റിന്‍റെ തുടക്കാവസാനങ്ങളില്‍ പ്രകോപനകരമല്ലാത്ത കാര്യങ്ങള്‍ മാത്രം എഴുതുന്നതും അഭിപ്രായവ്യത്യാസങ്ങള്‍ മദ്ധ്യത്തിലെവിടെയെങ്കിലും മാത്രം കുറിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന്, “പൊതുവെ ഞാന്‍ താങ്കളുടെ പോസ്റ്റുകളെല്ലാം ഇഷ്ടപ്പെടുന്ന ഒരാളാണ്‌. എന്നാല്‍ ഈ പോസ്റ്റിന്‍റെ രണ്ടാമത്തെ ഖണ്ഡികയില്‍ വസ്തുതാപരമായ ഇന്നയിന്ന പിഴവുകളുണ്ട്. ഏതായാലും ഇതില്‍ താങ്കള്‍ പറഞ്ഞ മറ്റു പോയിന്‍റുകളോടെല്ലാം ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.” എന്നെഴുതാം.
  • നിങ്ങള്‍ സ്വയം backfire effect-നു കീഴ്പ്പെടുന്നില്ല എന്നു ജാഗ്രത വെക്കുക — എതിരാളിയുടെ വാദങ്ങളെ മുന്‍വിധിയോടെ പുച്ഛിച്ചുതള്ളാതെ അവയെയും തുറന്ന മനസ്സോടെ പരിശോധിക്കുക.
  • ചര്‍ച്ച വഴക്കിലേക്കു വഴുതുന്നു എന്ന പ്രതീതി കിട്ടിയാല്‍ എല്ലാം ഒന്നാറിത്തണുക്കാനുള്ള സമയംകിട്ടാന്‍ തല്‍ക്കാലത്തേക്കു വെടിനിര്‍ത്തുക.
  • തീരെ മുന്‍പരിചയമില്ലാത്തവരോടാണെങ്കില്‍ വിമര്‍ശനത്തിലേക്കു കടക്കുംമുമ്പ് അവരുടെ വാദങ്ങളെക്കുറിച്ചുള്ള കൌതുകമോ ജിജ്ഞാസയോ പങ്കുവെക്കാം. “അതെന്താ ഇങ്ങിനെ പറയാന്‍ കാര്യം?” “താങ്കളീ പറഞ്ഞതാണോ ഈ വിഷയത്തില്‍ പൊതുസമ്മതിയുള്ള വാദം?” എന്നൊക്കെ ചോദിക്കാം.
  • ദുഷ്ടലാക്കോടെ പ്രകോപനമുണ്ടാക്കുന്നു എന്നു തോന്നുന്നവരെ തീര്‍ത്തും അവഗണിക്കുക.

(2016 ജനുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ സൈബര്‍സൈക്കോളജിയെക്കുറിച്ചുള്ള Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image: Echo Chamber by Hugh McLeod

അവഗണിക്കപ്പെടരുതാത്ത അന്ത്യാഭ്യര്‍ത്ഥനകള്‍
കണ്ണീരുണക്കാന്‍ പുതുതണല്‍ തേടുമ്പോള്‍
 

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
DMC Firewall is developed by Dean Marshall Consultancy Ltd