സ്വവര്‍ഗാനുരാഗം - മുന്‍വിധികളും വസ്തുതകളും

സ്വവര്‍ഗാനുരാഗം - മുന്‍വിധികളും വസ്തുതകളും

പ്രധാനമായും തന്‍റെയതേ ലിംഗത്തില്‍ പെട്ടവരോട് വൈകാരിക ആകര്‍ഷണവും  ലൈംഗികാഭിമുഖ്യവും തോന്നുന്നതിനെയാണ് സ്വവര്‍ഗാനുരാഗം എന്നു വിളിക്കുന്നത്. സ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയേറെ മുന്‍വിധികളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഈ അജ്ഞത പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമൊക്കെ കാരണമാകാറുമുണ്ട്‌. തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളും പല സ്വവര്‍ഗാനുരാഗികളെയും കടുത്ത മാനസികസംഘര്‍ഷത്തിലേക്കും, ലഹരിയുപയോഗത്തിലേക്കും, ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശാസ്ത്രീയകണ്ടെത്തലുകളുടെ ഒരു അവലോകനം പ്രസക്തമാണ്. 

ലൈംഗികാഭിമുഖ്യത്തെപ്പറ്റി ചിലത്

മിക്ക ആളുകളിലും സ്വലിംഗത്തോടും എതിര്‍ലിംഗത്തോടുമുള്ള ആകര്‍ഷണം കുറഞ്ഞ അളവിലെങ്കിലും ഉണ്ടാവാം. അതുകൊണ്ടുതന്നെ സ്വവര്‍ഗാനുരാഗവും പരലൈംഗികാഭിമുഖ്യവും തമ്മിലുള്ള അതിര്‍ത്തി കണിശമായി നിര്‍വചിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. തന്‍റെ ലൈംഗികാഭിമുഖ്യം ഒരു വ്യക്തിയും അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുന്നതല്ല. ഭൂരിപക്ഷത്തിന്‍റെയും ലൈംഗികാഭിമുഖ്യം അവരുടെ ആദ്യ ലൈംഗികാനുഭവത്തിനു മുമ്പു തന്നെ അവര്‍ പോലുമറിയാതെ രൂപപ്പെടുന്നതാണ്. സ്വവര്‍ഗാനുരാഗം എന്നൊന്നുണ്ടെന്ന് ആദ്യമായി അറിയുന്നതിനു മുമ്പു തന്നെ ചില കുട്ടികളില്‍ സ്വവര്‍ഗാനുരാഗം രൂപപ്പെടാറുണ്ട്. ദീര്‍ഘകാലം പ്രയത്നിച്ചാലും തങ്ങളുടെ ലൈംഗികാഭിമുഖ്യം മാറ്റിയെടുക്കാന്‍ പലര്‍ക്കും കഴിയാറില്ല. അതേ സമയം ചിലരിലെങ്കിലും പ്രായം ചെല്ലുന്നതിനനുസരിച്ച് ലൈംഗികാഭിമുഖ്യത്തില്‍ മാറ്റം വരാറുമുണ്ട്.

സ്വവര്‍ഗരതിയും സ്വവര്‍ഗാനുരാഗവും ഒന്നല്ല. ഇടക്കെപ്പോഴെങ്കിലും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുകയോ അത്തരം പകല്‍ക്കിനാവുകള്‍ കാണുകയോ ചെയ്യുന്നതു കൊണ്ട് മാത്രം ഒരാള്‍ സ്വവര്‍ഗാനുരാഗിയാകുന്നില്ല. കൌമാരത്തില്‍ സാന്ദര്‍ഭികവശാല്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ സ്വവര്‍ഗാനുരാഗികളായി വളരണമെന്നില്ല. പരലൈംഗികാഭിമുഖ്യമുള്ളവര്‍‍ക്ക്‌ എതിര്‍ലിംഗത്തില്‍പ്പെട്ട എല്ലാവരോടും അനുരാഗം തോന്നാത്തതു പോലെ തന്നെ സ്വവര്‍ഗാനുരാഗികള്‍‍ക്കും ആ ലിംഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകളോടുമൊന്നും ആകര്‍ഷണം അനുഭവപ്പെടാറില്ല.

പാപം? രോഗം? സ്വാഭാവികം?

ഒരു കാലത്ത് സ്വവര്‍ഗാനുരാഗം ഒരു മനോരോഗമായി പരിഗണിക്കപ്പെട്ടിരുന്നു. അന്നത്തെ മനോരോഗവിദഗ്ദ്ധര്‍ക്ക് തങ്ങളുടെയടുത്ത് ചികിത്സ തേടിയെത്തുന്ന സ്വവര്‍ഗാനുരാഗികളെക്കുറിച്ചു മാത്രമേ പരിജ്ഞാനമുണ്ടായിരുന്നുള്ളൂ എന്നതാണ് ഈ തെറ്റിദ്ധാരണക്കു കാരണമായത്‌. എന്നാല്‍ പൊതുസമൂഹത്തില്‍ സ്വവര്‍ഗാനുരാഗത്തിന്‍റെ പ്രചാരം  മുന്‍ധാരണകളെക്കാള്‍ കൂടുതലാണെന്നും, ലൈംഗികാഭിമുഖ്യമൊഴിച്ചുള്ള മനോവ്യാപാരങ്ങള്‍ സ്വവര്‍ഗാനുരാഗികളിലും  പരലൈംഗികാഭിമുഖ്യമുള്ളവരിലും  ഒരുപോലെത്തന്നെയാണെന്നും, നാനാവിധത്തിലുള്ള സമൂഹങ്ങളിലും ജീവജാലങ്ങളിലും സ്വവര്‍ഗാനുരാഗം നിലനില്പ്പുണ്ടെന്നുമൊക്കെയുള്ള കണ്ടെത്തലുകള്‍ ഈ സങ്കല്‍പ്പത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുത്തി. 1973-ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷനും 1975-ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷനും 1992-ല്‍ ലോകാരോഗ്യസംഘടനയും സ്വവര്‍ഗാനുരാഗം ഒരു രോഗമല്ലെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി.

സ്വവര്‍ഗാനുരാഗം എന്തല്ല?

സ്വവര്‍ഗാനുരാഗികളെ ചില രോഗങ്ങള്‍ ബാധിച്ചവരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാവാറുണ്ട്.  അതില്‍ ഒന്നാണ് ജെന്‍റര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍. എതിര്‍ലിംഗത്തിന്‍റെ ശരീരവും സാമൂഹ്യസ്ഥാനവും കിട്ടാനുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. ഈ അസുഖമുള്ള ആണ്‍കുട്ടികള്‍ മുതിരുമ്പോള്‍ സ്വവര്‍ഗാനുരാഗികളാവാന്‍ സാദ്ധ്യത കൂടുതലാണെങ്കിലും ഭൂരിപക്ഷം സ്വവര്‍ഗാനുരാഗികളും ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറേയില്ല.

ഹിജഡകളെ സ്വവര്‍ഗാനുരാഗികളുമായി കൂട്ടിക്കുഴക്കുന്നവരുമുണ്ട്. ഹിജഡകള്‍ ഭൂരിഭാഗവും ജെന്‍റര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍ ബാധിച്ചവരാണ്. പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്യപ്പെട്ടവരും ജന്മനാ ഇരു ലിംഗങ്ങളുടെയും ലൈംഗികാവയവങ്ങള്‍ പേറുന്നവരും ഹിജഡകളുടെ ഗണത്തില്‍ പെടാറുണ്ട്. സ്വവര്‍ഗാനുരാഗം ഈ വിഭാഗങ്ങളുടെയൊന്നും മുഖമുദ്രയല്ല. അതുപോലെ, എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വസ്ത്രങ്ങളണിയുന്നതില്‍ ലൈംഗികസുഖം കണ്ടെത്തുന്നവര്‍ക്ക് ട്രാന്‍സ്‌വെസ്റ്റിസം എന്ന അസുഖമാണുള്ളത്. ഇത്തരക്കാരും സ്വലിംഗത്തില്‍പ്പെട്ടവരോട് ലൈംഗികതാല്പര്യം തോന്നുന്നവരല്ല. ഭൂരിപക്ഷം സ്വവര്‍ഗാനുരാഗികളും രൂപഭാവങ്ങളില്‍ പരലൈംഗികാഭിമുഖ്യമുള്ളവരില്‍ നിന്ന് വ്യത്യസ്തരേയല്ല.

സ്വവര്‍ഗാനുരാഗികള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണെന്ന ധാരണ പ്രബലമാണ്. എന്നാല്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്യുന്നവരില്‍ ഭൂരിഭാഗവും പീഡോഫീലിയ എന്ന രോഗം ബാധിച്ചവരോ മനോരോഗമൊന്നുമില്ലാത്ത ക്രിമിനലുകളോ ആണ്. പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിരന്തരമായ ആസക്തിയുണ്ടാക്കുന്ന അസുഖമാണ് പീഡോഫീലിയ. ഇത്തരക്കാര്‍ക്ക് ലൈംഗികപങ്കാളിയുടെ ലിംഗമല്ല, പ്രായമാണ് പ്രധാനം. അതുകൊണ്ടു തന്നെ ഇത് സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് വ്യത്യസ്തമാണ്. പീഡോഫീലിയ ബാധിതരല്ലാത്ത ബാലപീഡകരില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് മുന്‍തൂക്കമില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വവര്‍ഗാനുരാഗം ആവിര്‍ഭവിക്കുന്നത്

എന്തുകൊണ്ട് സ്വവര്‍ഗാനുരാഗം രൂപപ്പെടുന്നു എന്നതിന് ഒരു വ്യക്തമായ ഉത്തരം ഇപ്പോള്‍ ലഭ്യമല്ല. സ്വവര്‍ഗാനുരാഗവും പരലൈംഗികതയും തമ്മിലുള്ള അതിര്‍രേഖ അത്ര കൃത്യമല്ല എന്നതും, സ്വവര്‍ഗാനുരാഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കണ്ടെത്തിയാല്‍ ആ ഘടകങ്ങള്‍ പേറുന്നവര്‍ ‍ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലപ്പെട്ടേക്കാമെന്ന ആശങ്കയുമൊക്കെ ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ലഭ്യമായ വിവരങ്ങള്‍ വെച്ച്, ജനിതകവും ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ചില ഘടകങ്ങള്‍ ‍ജീവിതത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തലച്ചോറിലുണ്ടാക്കുന്ന ചില വ്യതിയാനങ്ങളാണ് സ്വവര്‍ഗാനുരാഗത്തിന് കാരണമാകുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

ഒന്നില്‍ക്കൂടുതല്‍ ആണ്‍കുട്ടികളുള്ള അമ്മമാര്‍ക്ക് ജനിക്കുന്നത്, ഗര്‍ഭിണികളിലെ പുകവലിയും ചില മരുന്നുകളുടെ ഉപയോഗവും, പുരുഷഹോര്‍മോണുകളായ ആണ്ട്രോജനുകളുടെ അളവില്‍ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍,  ഫെറോമോണുകളുടെ സ്വാധീനം തുടങ്ങിയവ സ്വവര്‍ഗാനുരാഗത്തിലേക്ക്‌ നയിച്ചേക്കാമെന്ന് സൂചനകളുണ്ട്. തലച്ചോറിലെ ഇന്‍റസ്റ്റീഷ്യല്‍ ന്യൂക്ലിയസ് ഓഫ് ദി  ആന്റീരിയര്‍ ഹൈപ്പോതലാമസ്, സൂപ്രാഓപ്റ്റിക്ക് ന്യൂക്ലിയസ്, ആന്റീരിയര്‍ കമ്മീഷര്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് സ്വവര്‍ഗാനുരാഗത്തിന്‍റെ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാമെന്നും വാദങ്ങളുണ്ട്. പക്ഷേ ഇതൊന്നും തന്നെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

കുട്ടിക്കാലത്തേല്‍ക്കുന്ന പീഡനങ്ങള്‍ സ്വവര്‍ഗാനുരാഗത്തിലേക്ക്‌ നയിച്ചേക്കാമെന്ന്‍ വാദങ്ങളുണ്ടെങ്കിലും സ്വവര്‍ഗാനുരാഗികളില്‍ ഏകദേശം പത്തു ശതമാനത്തിനു മാത്രമേ ഇങ്ങിനെയൊരു പൂര്‍വചരിത്രമുള്ളൂവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികളെ വളര്‍ത്തുന്ന രീതിയിലെ പിഴവുകള്‍ സ്വവര്‍ഗാനുരാഗത്തിന് കാരണമായേക്കാമെന്ന ആശങ്കക്കും തെളിവുകളുടെ പിന്‍ബലമില്ല.

ഇല്ലാത്ത രോഗത്തിന് വല്ലാത്ത ചികിത്സ

തങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ലൈംഗികാഭിമുഖ്യം ചികിത്സിച്ചു "മാറ്റുക" എന്ന ആഗ്രഹത്തോടെ ചിലരെങ്കിലും വിദഗ്ധരെ സമീപിക്കാറുണ്ട്. പൊതുമാധ്യമങ്ങളിലും ഇന്‍റര്‍നെറ്റിലും സ്വവര്‍ഗാനുരാഗം ചികിത്സിച്ചു മാറ്റിയെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. എന്നാല്‍ ഇത്തരം ചികിത്സകളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്നും, ചികിത്സക്ക് ഒരാളുടെ ലൈംഗികാഭിമുഖ്യത്തില്‍ സ്ഥായിയായ മാറ്റമുണ്ടാക്കാനാകുന്നത് അപൂര്‍വമാണെന്നും, ഇത്തരം ചികിത്സകള്‍ അവക്കു വിധേയരാകുന്നവരില്‍ മാനസികവൈഷമ്യങ്ങള്‍ സൃഷിച്ചേക്കാം എന്നുമാണ് ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി അടക്കമുള്ള പ്രൊഫഷണല്‍ സംഘടനകളുടെ നിലപാട്. സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകളെ സ്വാംശീകരിക്കുന്നതു കൊണ്ടാണ് പല സ്വവര്‍ഗാനുരാഗികളും തങ്ങളുടെ ലൈംഗികാഭിമുഖ്യം മാറ്റിയെടുക്കാന്‍ തുനിഞ്ഞിറങ്ങുന്നതെന്നും, ആ അബദ്ധധാരണകളെ ദൂരീകരിച്ച് സംതൃപ്തമായ ഒരു ജീവിതം നയിക്കാന്‍ അവരെ സഹായിക്കുകയാണ് വിദഗ്ദ്ധര്‍ ചെയ്യേണ്ടത് എന്നുമാണ് സൈക്ക്യാട്രിസ്റ്റുമാരുടെയും സൈക്കോളജിസ്റ്റുകളുടെയും പൊതുവായ അഭിപ്രായം.

ബഹിര്‍ഗമനം എന്ത്, എങ്ങിനെ

സ്വവര്‍ഗാനുരാഗിയായ ഒരാള്‍ തന്‍റെ ലൈംഗികാഭിമുഖ്യം പരസ്യപ്പെടുത്തുന്നതിനെ ബഹിര്‍ഗമനം എന്നു വിളിക്കുന്നു.

സ്വവര്‍ഗാനുരാഗിയായ ഒരാള്‍ തന്‍റെ ലൈംഗികാഭിമുഖ്യം പരസ്യപ്പെടുത്തുന്നതിനെയാണ് ബഹിര്‍ഗമനം എന്നു വിളിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന്‍ സ്വയം ബോദ്ധ്യപ്പെടുക, ഇക്കാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തുക, ഒരു സ്വവര്‍ഗാനുരാഗിയെന്ന മേല്‍വിലാസത്തോടെ ജീവിക്കാന്‍ തുടങ്ങുക എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ബഹിര്‍ഗമനത്തിന് ഉള്ളത്. പല സ്വവര്‍ഗാനുരാഗികള്‍ക്കും, പ്രത്യേകിച്ച് തങ്ങളുടെ ലൈംഗികാഭിമുഖ്യത്തോട് സ്വയം പൊരുത്തപ്പെട്ടിട്ടില്ലാത്തവര്‍ക്ക്, വളരെയധികം സംഘര്‍ഷമുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്. പക്ഷേ ഭൂരിഭാഗത്തിനും ബഹിര്‍ഗമനം അവര്‍ ആശങ്കപ്പെട്ടയത്ര ക്ലേശകരമാവാറില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ ലൈംഗികാഭിമുഖ്യം ഒളിച്ചുവെച്ച് കടുത്ത മാനസികസംഘര്‍ഷവും സഹിച്ച് ജീവിക്കുകയോ ലഹരിയിലോ ആത്മഹത്യയിലോ ആശ്വാസം തേടുകയോ ചെയ്യുന്നതിലും നല്ലത് ആലോചിച്ചുറപ്പിച്ച് ബഹിര്‍ഗമനം നടത്തുന്നതാണ്. സമാനചിന്താഗതിയുള്ളവരെ കണ്ടെത്തുന്നതിനും കൂടുതല്‍ വിവരങ്ങളും സഹായസഹകരണങ്ങളും ലഭ്യമാകുന്നതിനുമെല്ലാം ബഹിര്‍ഗമനം സഹായകമാകാറുണ്ട്. ധൃതിപിടിക്കാതെ ആവശ്യമുള്ളത്ര സമയമെടുക്കുന്നതും, സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെയോ മനശാസ്ത്രവിദഗ്ദ്ധരുടെയോ സഹായം തേടുന്നതുമൊക്കെ ബഹിര്‍ഗമനം ആയാസരഹിതമാക്കാന്‍ സഹായിക്കാറുണ്ട്.

ശാരീരികപ്രശ്നങ്ങളും അവയുടെ പ്രതിരോധവും

സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ എയ്ഡ്സ്, ഗൊണോറിയ, സിഫിലിസ്, ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ്‌ബാധ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി കാണപ്പെടാറുണ്ട്. പങ്കാളിയുടെ സ്രവങ്ങളിലും ലൈംഗികാവയവങ്ങളിലെ മുറിവുകളിലും തൊടാതെ ശ്രദ്ധിച്ചും, കോണ്ടം ഉപയോഗിച്ചും ഈ അസുഖങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്. മലദ്വാരത്തിലൂടെ ബന്ധപ്പെടുന്നത് ക്യാന്‍സര്‍, അര്‍ശസ്, ഫിഷര്‍, പരിക്കുകള്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്ക് ലൈംഗികരോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലല്ല.

വിവാഹവും കുടുംബജീവിതവും

ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ചില രാജ്യങ്ങളില്‍ നിയമവിധേയമാണ്.

ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം ചില രാജ്യങ്ങളില്‍ നിയമവിധേയമാണ്. വിവാഹം ഇക്കൂട്ടരുടെ മാനസികാരോഗ്യത്തെ സഹായിക്കുന്നുണ്ടെന്നും, പങ്കാളികളുടെ സംതൃപ്തിയിലോ, ബന്ധങ്ങളുടെ ആഴത്തിലോ, നീണ്ടുനില്പ്പിന്‍റെ കാര്യത്തിലോ ഇത്തരം വിവാഹങ്ങള്‍ സാധാരണ വിവാഹങ്ങളെക്കാള്‍ ഒട്ടും പിറകിലല്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വവര്‍ഗവിവാഹം കഴിച്ചവര്‍ സന്താനോല്പാദനത്തിനായി ഗര്‍ഭപാത്രം കടമെടുക്കുക, ബീജദാനം തുടങ്ങിയ ആധുനികരീതികള്‍ കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ഒട്ടും പിറകിലല്ലെന്നും, ഇവരുടെ കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച്  മാനസികപ്രശ്നങ്ങള്‍ കൂടുതലൊന്നുമല്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം കുട്ടികള്‍ പീഡിപ്പിക്കപ്പെടാനും സ്വവര്‍ഗാനുരാഗികളായിത്തീരാനുമൊക്കെ സാദ്ധ്യത കൂടുതലാണെന്ന ആശങ്കകളെയും പഠനഫലങ്ങള്‍ അസ്ഥാനത്താക്കുന്നുണ്ട്‌.

പതിവ് മറുവാദങ്ങള്‍ക്കുള്ള  ഉത്തരങ്ങള്‍

സ്വവര്‍ഗാനുരാഗത്തിന് സ്വീകാര്യത ലഭിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതും കൂടുതല്‍ ആളുകള്‍ അതിലേക്കു നീങ്ങാനിടയാക്കുമെന്ന വാദങ്ങള്‍ക്ക് പഠനങ്ങളുടെ പിന്‍ബലമില്ല. നേരത്തേ സൂചിപ്പിച്ചതു പോലെ ലൈംഗികാഭിമുഖ്യം ജീവിതത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ രൂപപ്പെടുന്നതാണ്. തങ്ങളുടെ ലൈംഗികാഭിമുഖ്യം അടക്കിപ്പൂട്ടിവെച്ച് ജീവിക്കുന്ന ചിലര്‍ക്ക് ബഹിര്‍ഗമനത്തിനുള്ള ധൈര്യം ലഭിക്കുക മാത്രമാണ് ഇങ്ങിനെയൊരു സ്വീകാര്യത കൊണ്ട് സംഭവിക്കുന്നത്.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാകുമെന്ന വാദത്തില്‍ കഴമ്പില്ല. ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാകുന്നത് സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എയിഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തടസ്സമാകാറുമുണ്ട്.

സന്താനോല്പാദനം നടക്കാത്തതു കൊണ്ട് സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഈ മാനദണ്ഡം വെച്ച്ബ്രഹ്മചര്യവും സ്വയംഭോഗവുമെല്ലാം പ്രകൃതിവിരുദ്ധവും നിരോധിതവും ആകേണ്ടതാണ്.ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ശരാശരി നാല്‍പ്പതു കോടി ബീജങ്ങളുണ്ട് എന്നിരിക്കെ, ഒരു പുരുഷന്‍ തന്‍റെ ജീവിതകാലത്ത് പുറംതള്ളുന്ന ബീജങ്ങളില്‍ എത്ര ശതമാനത്തിന് സന്താനോല്പാദനം എന്ന "പ്രകൃതിദൌത്യം" നിര്‍വഹിക്കാനാകും എന്നും ആലോചിക്കേണ്ടതാണ്. 

ഹോമോഫോബിയ

സ്വവര്‍ഗാനുരാഗികല്‍ക്കെതിരെയുള്ള അടിസ്ഥാനമില്ലാത്ത പേടിയും മുന്‍വിധികളും വിവേചനവും വെച്ചുപുലര്‍ത്തുന്നതിനെ ഹോമോഫോബിയ എന്ന് വിളിക്കുന്നു. കളിയാക്കലും ചീത്തവിളിക്കലും തൊട്ടു കൊലപാതകങ്ങള്‍ വരെ ഇതിന്‍റെ ബഹിര്‍സ്ഫുരണമാകാറുണ്ട്. പലപ്പോഴും അനാവശ്യപേടികളില്‍ നിന്നും അജ്ഞതയില്‍ നിന്നുമാണ് ഇത് ഉടലെടുക്കുന്നത്. ലോകത്തെല്ലാവരും ഹെറ്ററോസെക്ഷ്വലുകളാണെന്നും ഹെറ്ററോസെക്ഷ്വാലിറ്റിയാണ് ഏറ്റവും മികച്ഛതെന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിനെ ഹെറ്ററോസെക്സിസം എന്നും പറയുന്നു. സ്വവര്‍ഗാനുരാഗികളുമായി അടുത്ത പരിചയമുള്ളവരില്‍ ഇത്തരം പ്രവണതകള്‍ കുറവാണ്.

(2012 ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

വ്യക്തിത്വവികാസത്തിന് ഒരു രൂപരേഖ
എ.ഡി.എച്ച്.ഡി.യുടെ ചികിത്സകള്‍ : മാതാപിതാക്കള്‍ അറ...

Related Posts

 

By accepting you will be accessing a service provided by a third-party external to http://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
DMC Firewall is developed by Dean Marshall Consultancy Ltd