പ്രായമായവര്‍ക്കും പറ്റും സ്മാര്‍ട്ട്ഫോണും മറ്റും

“ഞാനിനിയൊന്നും പഠിക്കാനേയില്ല എന്നാരെങ്കിലും നിശ്ചയിച്ചാല്‍, അത് എണ്‍പതാം വയസ്സിലാണെങ്കിലും ഇരുപതാം വയസ്സിലാണെങ്കിലും, അവര്‍ക്കു വാര്‍ദ്ധക്യമായി എന്നു പറയാം. എപ്പോഴുമെന്തെങ്കിലും പുതുതായി പഠിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കോ, എന്നും ചെറുപ്പവുമായിരിക്കും.”
– ഹെന്‍റി ഫോഡ്

1997-ല്‍ ഇദംപ്രഥമമായി കേരളത്തിലൊരു മൊബൈല്‍ക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യത്തെ കോള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ “ചെത്തുപിള്ളേരില്‍” നിന്നൊരാളായിരുന്നില്ല; മറിച്ച് സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട്, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടുകയും സ്മാര്‍ട്ട്ഫോണുകള്‍ രംഗത്തെത്തുകയുമൊക്കെച്ചെയ്തപ്പോള്‍, ഇതൊക്കെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാത്രമുള്ള കാര്യങ്ങളാണ് എന്നുറപ്പിച്ചപോലെ നമ്മുടെ പ്രായമായവരില്‍ നല്ലൊരുപങ്കും അവയോടൊക്കെ വൈമുഖ്യം കാണിക്കുകയാണുണ്ടായത്. ജീവിതനിലവാരം ഉയരുകയും ചികിത്സകള്‍ക്കു ഫലസിദ്ധിയേറുകയും ജനന, മരണനിരക്കുകള്‍ താഴുകയും മൂലം നാട്ടില്‍ അറുപതു കഴിഞ്ഞവരുടെയെണ്ണം കൂടുകയും, അവരില്‍ നല്ലൊരു വിഭാഗം മക്കള്‍ മറുനാട്ടിലാകയാലും മറ്റും തനിച്ചുപാര്‍ക്കേണ്ടി വരികയും, ഈ ഏകാന്തത അവര്‍ക്കു പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കുമിടയാക്കുകയും ചെയ്യുമ്പോള്‍ മറുവശത്താവട്ടെ, സൌഹൃദങ്ങളുണ്ടാക്കലും പല ദൈനംദിന കാര്യങ്ങളും സുഗമമാക്കിയ വിവരസാങ്കേതികവിപ്ലവത്തിന്‍റെ ഗുണഫലങ്ങളില്‍നിന്ന് ഈയൊരു വിഭാഗം മാറിനില്‍ക്കുകയോ പുറന്തള്ളപ്പെടുകയോ ആണുണ്ടായത്. ബ്രിട്ടനും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങളിലടക്കം നിരീക്ഷിക്കപ്പെട്ടിട്ടുള്ള, നവസാങ്കേതികതയുടെ അനുഗ്രഹങ്ങള്‍ വയസ്സുചെന്നവര്‍ക്കു ലഭ്യമാവാതെപോവുക (“grey digital divide”) എന്ന പ്രവണതക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും പ്രായമായവരും അവരെ സ്നേഹിക്കുന്നവരും അവശ്യമറിഞ്ഞിരിക്കേണ്ട പല പരിഹാരനടപടികളും നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മുമ്പേ ആര്‍ജിച്ചുവെച്ച കഴിവുകളോ വിവരങ്ങളോ ആയി ഒരു ബന്ധവുമില്ലാത്ത പുതിയ പ്രശ്നങ്ങളെ അപഗ്രഥിക്കാനും അവക്കു പരിഹാരം കാണാനുമുള്ള കഴിവ് - fluid intelligence - ഒരു മുപ്പതുനാല്‍പ്പതു വയസ്സിനു ശേഷം ക്ഷയിക്കുന്നുവെന്നത് നവസാങ്കേതികവിദ്യകള്‍ പഠിച്ചെടുക്കാന്‍ പ്രായമായവര്‍ക്കല്‍പം തടസ്സമാവുന്നുണ്ട്. ഒരറുപതു വയസ്സിനു ശേഷം കാഴ്ചയും കേള്‍വിയും ഓര്‍മയും കൈത്തഴക്കവും ദുര്‍ബലമാവുന്നതും വിവരങ്ങളെയുള്‍ക്കൊണ്ടെടുക്കാന്‍ തലച്ചോറിന് കൂടുതല്‍ സമയമാവശ്യം വരുന്നതും സ്മാര്‍ട്ട്ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുക ദുഷ്കരമാക്കാം. ഇപ്പറഞ്ഞ ശാരീരികമാറ്റങ്ങള്‍ക്കൊപ്പം ചില മാനസികഘടകങ്ങളും വിഘ്നഹേതുവാകാം. “എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും” എന്ന ഘട്ടമെത്തുമ്പോള്‍ ശിഷ്ടകാലം പരാജയസാദ്ധ്യതകളില്ലാത്ത, മനസ്സമ്മര്‍ദ്ദമുളവാക്കാത്ത, ചിരപരിചിത കാര്യങ്ങള്‍ക്കു മാത്രം ചെലവിട്ടാല്‍ മതി എന്നു പലരും നിശ്ചയിക്കാം. അല്ലെങ്കില്‍ “പ്രായമിത്രയുമായില്ലേ, ഇനിയിപ്പൊ ഒരു കാര്യവും തലയില്‍ക്കേറില്ല” എന്നങ്ങനുമാനിക്കാം. സാങ്കേതികത വീട്ടിലും നാട്ടിലും പ്രശ്നകാരിയാകും, പാരമ്പര്യമൂല്യങ്ങളുടെ അന്തികൃസ്തുവാകും എന്നൊക്കെയുള്ള അന്ധമായ ആശങ്കകള്‍ (technophobia) കൂടുതലായിക്കണ്ടുവരുന്നതും പ്രായംചെന്നവരിലാണ്. ഒപ്പം, പുതുതലമുറക്ക് വയസ്സായവരെപ്പറ്റിയുള്ള “ഇതൊന്നും ഇവര്‍ കൂട്ടിയാല്‍ കൂടില്ല” എന്നൊക്കെയുള്ള മുന്‍വിധികളും നവസാങ്കേതികതയോ സാമൂഹ്യമാധ്യമങ്ങളോ ഉപയോഗിക്കുന്ന പ്രായംചെന്നവരോടുള്ള പരിഹാസമനോഭാവവും പ്രസക്തമാണ്. 

പലര്‍ക്കും ആശ്ചര്യമുളവാക്കാറുള്ള കാര്യമാണ്, കൊച്ചുപൈതലുകള്‍ക്ക് മിക്ക ഗാഡ്ജെറ്റുകളും പെട്ടെന്നു ഗ്രഹിച്ചെടുക്കാനാവുന്നത്. അവര്‍ക്കതു സാദ്ധ്യമാവുന്നത് മുമ്പുസൂചിപ്പിച്ച fluid intelligence വേണ്ടത്രയുള്ളതുകൊണ്ടു മാത്രമല്ല, ഡിവൈസുകളെയും മറ്റും ഭയാശങ്കയന്യേ സമീപിക്കാനും മറ്റുള്ളവരെ അനുകരിക്കാനും അറിയാക്കാര്യങ്ങള്‍ കൂട്ടുകാരോടു ചോദിച്ചുമനസ്സിലാക്കാനുമുള്ള മനസ്ഥിതികൊണ്ടു കൂടിയാണ്. ഇതേ ഗുണങ്ങളെ ആയുധമാക്കുകയും ക്ഷമയോടെ നിരന്തരം ശ്രമിക്കുകയും ചെയ്‌താല്‍ നവസാങ്കേതികത പ്രായമായവര്‍ക്കും ബാലികേറാമലയല്ലാതാവും; അതിന്‍റെ പ്രയോജനങ്ങള്‍ അവര്‍ക്കും പ്രാപ്യമാവും.

സ്മാര്‍ട്ട്ഫോണോ കമ്പ്യൂട്ടറോ പഠിച്ചെടുക്കുന്നത് തനിച്ചുകഴിയുന്ന പ്രായംചെന്നവര്‍ക്ക് സാമൂഹ്യബന്ധങ്ങള്‍ കിട്ടാനുതകുമെന്ന് വിവിധ രാജ്യങ്ങളില്‍ നടന്ന 14 പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഏതുനാട്ടിലുമുള്ള കുടുംബാംഗങ്ങളോടും മുന്‍പരിചയക്കാരോടും കുറഞ്ഞ ചെലവില്‍ ആശയവിനിമയം നടത്താനും കടന്നുവന്ന വഴികളെ ഗൂഗിള്‍മാപ്പിലോ മറ്റോ ഗൃഹാതുരതയോടെ നോക്കിക്കാണാനും ജീവിതകാലത്താര്‍ജിച്ച കഴിവറിവുകള്‍ ബ്ലോഗോ മറ്റോ വഴി പങ്കുവെക്കാനും പ്രായാധിക്യം ഉപയോഗശൂന്യമാക്കിയ വസ്തുവകകളെ ഓണ്‍ലൈനില്‍ വിറ്റഴിച്ച് കാശുണ്ടാക്കാനും ഭക്ഷണക്രമവും ആരോഗ്യകാര്യങ്ങളും കുറിച്ചുസൂക്ഷിക്കാനുമൊക്കെ സാങ്കേതികത കൈത്താങ്ങാവും. ഗെയിമുകളും സമാന ഡിജിറ്റല്‍ അനുഭവങ്ങളും തലച്ചോറിനെ ഷാര്‍പ്പാക്കി നിര്‍ത്താനും ഡെമന്‍ഷ്യയെ പ്രതിരോധിക്കുകയോ വൈകിക്കുകയോ ചെയ്യാനും വിഷാദം തടയാനും കൂട്ടാവും.

ഡെസ്ക്ടോപ്പുകള്‍ക്കും മറ്റും പിറകെ പോവാതെ കൈകാര്യംചെയ്യാനെളുപ്പമുള്ള സ്മാര്‍ട്ട്ഫോണുകളോ ടാബുകളോ തെരഞ്ഞെടുക്കുക, ആവശ്യമെങ്കില്‍ എഴുത്തുകളുടെ വലിപ്പവും ശബ്ദത്തിന്‍റെ വോള്യവും കൂട്ടിവെക്കുകയോ മലയാളം വേര്‍ഷനുകള്‍ ഉപയുക്തമാക്കുകയോ ചെയ്യുക തുടങ്ങിയ നടപടികള്‍ പ്രായമായവര്‍ക്ക് സാങ്കേതികയിലേക്കുള്ള ജ്ഞാനസ്നാനം ക്ലേശരഹിതമാക്കും. ഇന്‍റര്‍നെറ്റ് സെക്യൂരിറ്റിയുടെ പ്രാഥമികപാഠങ്ങള്‍ അറിഞ്ഞുവെക്കേണ്ടതും പ്രധാനമാണ്.

പ്രായമായവരെ ഈ വിഷയത്തില്‍ സഹായിക്കാനാഗ്രഹിക്കുന്ന മക്കളും മറ്റും ചില കാര്യങ്ങള്‍ മനസ്സിരുത്താനുണ്ട്. സാങ്കേതികതയോടു പ്രതിപത്തിയുളവാക്കാന്‍ ശ്രമിക്കുമ്പോള്‍ “ആണ്ട്രോയ്ഡ്” “ബ്രോഡ്ബാന്‍റ് “ തുടങ്ങിയ കടിച്ചാല്‍പ്പൊട്ടാത്ത വാക്കുകളും “കാലത്തിനൊത്തു കോലം മാറണം” എന്നൊക്കെപ്പോലുള്ള അവരെ താഴ്ത്തിക്കെട്ടുന്ന പ്രയോഗങ്ങളും ഒഴിവാക്കുക. പകരം, എന്തൊക്കെ പ്രായോഗികഗുണങ്ങളാണ് നവസാങ്കേതികതകൊണ്ടവര്‍ക്കു കിട്ടുക എന്ന് പച്ചമലയാളത്തില്‍ പറഞ്ഞുകൊടുക്കുക (“കരണ്ടിന്‍റെയും ഫോണിന്‍റെയും ബില്ലുകള്‍ വീട്ടിലിരുന്നുതന്നെ അടക്കാം”, “ആരോഗ്യസംബന്ധിയായ സംശയങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ത്തെടുക്കാം”). ഒരു പഠനം പറയുന്നത്, “ഇതുകൊണ്ടൊന്നും ഞങ്ങള്‍ക്കൊരു ഗുണവുമുണ്ടാവില്ല” എന്ന ചിന്ത പുലര്‍ത്തിയിരുന്ന വയോധികരില്‍ നല്ലൊരു വിഭാഗവും നവസാങ്കേതികതയുടെ പ്രയോജനങ്ങള്‍ വിശദമാക്കുന്ന അഞ്ചുമിനിട്ടു വീഡിയോ കണ്ടപ്പോള്‍ അഭിപ്രായം മാറ്റി എന്നാണ്. ഇതിനൊക്കെ വലിയ കാശാവില്ലേ, താനെങ്ങാനും വല്ലിടത്തും മാറിഞെക്കിപ്പോയാല്‍ സാധനം കേടായിപ്പോവില്ലേ, ഇടക്കുവെച്ച് ബാറ്ററി തീര്‍ന്നാല്‍ വലിയ പ്രശ്നമാവില്ലേ എന്നൊക്കെ ആശങ്ക പ്രകടിപ്പിക്കുന്നവരെ സമാധാനിപ്പിക്കുകയും ചെയ്യുക.

സ്വന്തം ഡിജിറ്റല്‍ ഇഷ്ടങ്ങള്‍ അവരില്‍ കുത്തിച്ചെലുത്താതെ അവരുടെ താല്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്‍‌ഗണന കൊടുക്കുക. വയസ്സുചെന്നവര്‍ക്കായുള്ള Simple Senior Phone തുടങ്ങിയ ആപ്പുകള്‍ പരിചയപ്പെടുത്തുക. പ്രായസഹജമായ മസ്തിഷ്കദുര്‍ബലതകള്‍ പരിഗണിച്ച്, പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ വീണ്ടുമോര്‍മിപ്പിക്കലും പുതുകാര്യങ്ങള്‍ പരിചയപ്പെടുത്തലും ഒരു തുടര്‍പ്രക്രിയയാക്കുക. ഇതിനെല്ലാം കൊച്ചുമക്കളെ രംഗത്തിറക്കുന്നത് “പഠനം പാല്‍പ്പായസമാവാ”നും സഹായിക്കും.

(2016 ഏപ്രില്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.