കന്നു ചെന്നാല്‍ കന്നിന്‍പറ്റത്തില്‍

കന്നു ചെന്നാല്‍ കന്നിന്‍പറ്റത്തില്‍

കാലങ്ങളായിട്ടു പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമായി ചേര്‍ന്നുപോവാത്ത വിവരങ്ങളെയോ ആശയങ്ങളെയോ പുതുതായിപ്പരിചയപ്പെടാന്‍ മിക്കവരും വിമുഖരാണെന്ന് മുന്‍കാല മനശ്ശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നിലുള്ളതോ, പതിഞ്ഞുകഴിഞ്ഞ ശീലങ്ങളില്‍നിന്നു പുറംകടക്കാനുള്ള വൈമനസ്യവും “പാടുപെട്ട് പുതുകാര്യങ്ങള്‍ മനസ്സിലാക്കിയിട്ടിപ്പൊ എന്താണിത്ര പ്രയോജന”മെന്ന മനസ്ഥിതിയുമൊക്കെയാണ്. ഇന്‍റര്‍നെറ്റിനു പ്രാചുര്യം കിട്ടിത്തുടങ്ങിയപ്പോള്‍, വിവിധ ആശയങ്ങളെയും ചിന്താഗതിക്കാരെയും അനായാസം കണ്ടുമുട്ടാന്‍ അവിടെ അവസരമുള്ളതിനാല്‍ത്തന്നെ, ഈയൊരവസ്ഥക്കു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് സൂചനകള്‍. ഉദാഹരണത്തിന്, അറുപത്തേഴ് ഫേസ്ബുക്ക് പേജുകളിലെ അഞ്ചുവര്‍ഷത്തെ പോസ്റ്റുകള്‍ വിശകലനം ചെയ്തയൊരു പഠനത്തിന്‍റെ കണ്ടെത്തല്‍, അവിടെയൊക്കെ മിക്കവരും സ്വതാല്‍പര്യങ്ങള്‍ക്കനുസൃതമായി മാത്രം കൂട്ടുകൂടുകയും എതിര്‍ചിന്താഗതികളെ തീര്‍ത്തും അവഗണിക്കുകയും വല്ലാത്ത ധ്രുവീകരണത്തിനു വിധേയരാവുകയും ആണെന്നാണ്‌.

ടെക്നോളജിക്കലും സൈക്കോളജിക്കലുമായ ഘടകങ്ങള്‍ ഇവിടെ പ്രശ്നകാരണമാവുന്നുണ്ട്.

ടെക്നോളജിക്കല്‍ കാരണങ്ങള്‍

നമ്മുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തി നമ്മെ സുഖിപ്പിച്ചുനിര്‍ത്തുകയും അതുവഴി ലാഭമുണ്ടാക്കുകയുമാണ് ഗൂഗിളും ഫേസ്ബുക്കും പോലുള്ള കമ്പനികളുടെ രീതി. ജിമെയില്‍ അടക്കമുള്ള നിരവധി സ്രോതസ്സുകളിലും മുമ്പുനടത്തിയ സര്‍ച്ചുകളില്‍ നാം ഏതുതരം ലിങ്കുകളിലാണ് ക്ലിക്ക് ചെയ്തത് എന്നതിലുമൊക്കെനിന്നു നമ്മുടെ ഇഷ്ടതാല്‍പര്യങ്ങളെപ്പറ്റി നല്ല ഉള്‍ക്കാഴ്ച കൈപ്പെടുത്തി, അതിനനുസൃതമായി നാമോരോരുത്തര്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ സര്‍ച്ച് റിസല്‍റ്റുകളാണ് ഗൂഗിള്‍ ഓരോ പ്രാവശ്യവും വിളമ്പുക. ഫേസ്ബുക്കിലാവട്ടെ, നാം ലൈക്കോ കമന്റോ ചെയ്യാറുള്ളവരുടെ പോസ്റ്റുകള്‍ക്കു ന്യൂസ്ഫീഡില്‍ പ്രാമുഖ്യം കിട്ടുകയും അങ്ങിനെയല്ലാത്ത വ്യക്തികളുടെയോ പേജുകളുടെയോ പോസ്റ്റുകള്‍ കാലക്രമത്തില്‍ എഫ്ബി നമ്മെ കാണിക്കാതാവുകയും ചെയ്യുന്നുണ്ട്. അനിഷ്ടമുളവാക്കുന്നവരെ നിഷ്പ്രയാസം ബ്ലോക്ക് ചെയ്യാനുള്ള സൌകര്യം വിപരീതാഭിപ്രായങ്ങള്‍ എക്കാലത്തേക്കുമായി നമ്മുടെ കണ്മുമ്പിലെത്താതെ തടയപ്പെടാനിടയൊരുക്കുകയും ചെയ്യാം.

സൈക്കോളജിക്കല്‍ കാരണങ്ങള്‍

എല്ലാ വാര്‍ത്തകളും മറ്റും മുഴുവനായി വായിച്ചും വിശകലനംചെയ്തും അവയോരോന്നിന്‍റെയും പ്രാധാന്യവും പ്രസക്തിയും നിശ്ചയിക്കുക ഒരാള്‍ക്കും സാദ്ധ്യമാവില്ല. അതിനാല്‍ത്തന്നെ, ഈയൊരാവശ്യത്തിനു നമ്മുടെ മനസ്സ് ചില എളുപ്പവഴികള്‍ (heuristics) കൈക്കൊള്ളുന്നുണ്ട്. പത്രമാസികകളിലാണെങ്കില്‍ പ്രസിദ്ധീകരണത്തിന്‍റെ പേര്, ഓരോ ഉള്ളടക്കത്തിനും നല്‍കപ്പെട്ട സ്ഥാനം, തലക്കെട്ടിന്‍റെ വലിപ്പം എന്നിവയൊക്കെയാണു നാമിതിന്, ബോധപൂര്‍വമല്ലെങ്കിലും, ആശ്രയമാക്കാറ്. സോഷ്യല്‍മീഡിയയിലാണെങ്കില്‍ ഇതിനുപയോഗിക്കപ്പെടുന്നത് ആരാണു ഷെയര്‍ ചെയ്തത്, എത്ര പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട് എന്നതൊക്കെയാണ്. ഏറെപ്പേര്‍ ലൈക്കോ ഷെയറോ ചെയ്ത കാര്യങ്ങള്‍ വിശ്വസിക്കാവുന്നതും പ്രാധാന്യമുള്ളതും നടപടിയര്‍ഹിക്കുന്നതുമാണെന്നു നാം പെട്ടെന്നനുമാനിച്ചേക്കാം — ഈ പ്രവണതക്ക് bandwagon heuristic എന്നാണു പേര്. സമാനചിന്താഗതിക്കാരെ ഫ്രണ്ട്സ് ആക്കാനുള്ള പ്രവണതയും എഫ്ബിയുടെ തന്നെ മേല്‍നിരത്തിയ കൈകടത്തലുകളും മൂലം, നമ്മുടെ കണ്മുമ്പിലെത്തുന്ന അത്തരം പോസ്റ്റുകള്‍ മിക്കതും നമ്മുടെ വിശ്വാസതാല്‍പര്യങ്ങളെ ചോദ്യംചെയ്യാത്തവയുമാകാം.

പ്രതീക്ഷക്കു വിരുദ്ധമായി വല്ലതും നടന്നാല്‍ നമുക്കുള്ളില്‍ cognitive dissonance എന്നൊരസ്വസ്ഥത പൊട്ടിപ്പുറപ്പെടുകയും ഉടന്‍ നാം അതില്‍നിന്നൊരു മോചനത്തിനു നടപടിയെടുക്കുകയും ചെയ്യാം. (മുന്തിരി കിട്ടാഞ്ഞ കുറുക്കന്‍ അതിനു പുളിയാണ് എന്നനുമാനിച്ച് ആശ്വസിച്ച പോലെ!) മനസ്സിലുറച്ചുകഴിഞ്ഞ വിശ്വാസങ്ങള്‍ക്ക് ഇളക്കമേല്‍പിക്കാവുന്ന പോസ്റ്റുകളും ഇമ്മട്ടില്‍ cognitive dissonance സംജാതമാക്കുകയും ആശ്വാസത്തിനായി നാം പോസ്റ്റുടമയെ അണ്‍ഫോളോ ചെയ്യുകയോ നമ്മുടെ ധാരണകള്‍ക്കു യെസ്സുമൂളുന്ന ഗ്രൂപ്പുകളിലോ ലിങ്കുകളിലോ അഭയംതേടുകയോ ഒക്കെച്ചെയ്യാം. ഇത്തരം “പരിഹാര നടപടികള്‍” നെറ്റില്‍ പുറംലോകത്തേതിനെക്കാള്‍ സുഗമവുമാണ്.

എന്താണിതുകൊണ്ടു കുഴപ്പം?

വാക്സിനെടുക്കേണ്ടതുണ്ടോ, ഏതേതു ചികിത്സകളാണ് ഫലപ്രദവും ഹാനികരവും എന്നൊക്കെ തീരുമാനിക്കുംനേരം ഇത്തരം സ്വാധീനങ്ങള്‍ വഴിതെറ്റിക്കാം. വിവരങ്ങളുടെ സ്രോതസ്സുകള്‍ പരിമിതമായിപ്പോയാലത് നാനാതരം വീക്ഷണകോണുകളെയും വിവിധ മേഖലകളില്‍ നടക്കുന്ന മാറ്റങ്ങളെയും പറ്റി നാമറിയാതെ പോവാനിടവരുത്തുകയും, ആരോഗ്യകരമായ സംവാദങ്ങള്‍ക്കും പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വങ്ങള്‍ക്കും വിഘാതമാവുകയും, പല വിഷയങ്ങളിലും സന്ദിഗ്ധതകള്‍ നിലനില്‍ക്കുന്നുണ്ടെന്നതു വിസ്മരിക്കപ്പെടാനും സര്‍വതിനും കൃത്യമായ ഉത്തരങ്ങളുണ്ടെന്ന ധാരണയുളവാകാനും കാരണമാവുകയും, കിംവദന്തികള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും സ്പര്‍ദ്ധകള്‍ക്കും പ്രോത്സാഹനമാവുകയും ചെയ്യാം.

ഗ്രൂപ്പുകളെന്ന മാറ്റൊലിയറകള്‍

സ്വന്തം കാഴ്ചപ്പാടുകളിലെ പിഴവുകള്‍ തിരിച്ചറിയാനാവാതെ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ എമ്പാടും സമാനമനസ്ക്കരെക്കണ്ടുകിട്ടിയാല്‍ അതും പ്രശ്നമാവാം. ആത്മഹത്യോന്മുഖരോ ലഹരിയെടുക്കുന്നവരോ ചൈല്‍ഡ് പോണ്‍ ഉപാസകരോ തീവ്രവാദചായ്’വുള്ളവരോ ഒക്കെ അതേ തരക്കാരുടെ കൂട്ടായ്മകളില്‍ ചെന്നുപെടുന്നത് പ്രസ്തുത ചിന്താഗതികള്‍ പുഷ്ടിപ്പെടാനിടയാക്കാം. ഭിന്നാഭിപ്രായക്കാരെ പുറത്തുനിര്‍ത്തുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുകയെന്ന ചില ഗ്രൂപ്പുകളുടെ പതിവുരീതി കുഴപ്പം പിന്നെയും കൂട്ടാം. ഇത്തരം ദുഷ്ഫലങ്ങള്‍ വരുത്തുന്ന ഗ്രൂപ്പുകള്‍, “നമ്മുടെതന്നെ ശബ്ദത്തെ പലയാവര്‍ത്തി പ്രതിധ്വനിപ്പിച്ച് ഗാംഭീര്യസമേതം തിരിച്ചുകേള്‍പ്പിക്കുന്നവ” എന്നയര്‍ത്ഥത്തില്‍, “echo chambers” എന്നു വിളിക്കപ്പെടുന്നുണ്ട്.

ചില പരിഹാരനടപടികള്‍

  • വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള അനേകരെ ഫോളോ ചെയ്യുക. അവരുടെയെല്ലാം പോസ്റ്റുകളില്‍ ഇടക്കെങ്കിലും ഇടപഴകുക.
  • സുഹൃദ് വലയത്തിലുള്ളവര്‍ നന്നല്ലെന്നു പറയുന്ന സിനിമകളോ പുസ്തകങ്ങളോ ഒക്കെ ഇടക്കൊന്നു പരീക്ഷിക്കുക.
  • ആശയങ്ങള്‍ക്കും വിവരങ്ങള്‍ക്കുമൊന്നും നെറ്റിനെ മാത്രം ആശ്രയമാക്കാതിരിക്കുക.

(2016 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: The New York Times

ഷോപ്പിങ്ങിന്‍റെ ഉള്ളുകള്ളികള്‍
അല്‍ഷൈമേഴ്സ് രോഗം മുന്‍കൂട്ടിയറിയാം
 

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
DMC Firewall is a Joomla Security extension!