മത്സരപ്പരീക്ഷകള്‍ മനസ്സിനെ പരിക്ഷീണമാക്കാതിരിക്കാന്‍

മത്സരപ്പരീക്ഷകള്‍ മനസ്സിനെ പരിക്ഷീണമാക്കാതിരിക്കാന്‍

മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന കാലം പലര്‍ക്കും കനത്ത മന:സംഘര്‍ഷത്തിന്‍റെ വേള കൂടിയാണ്. ഏകാഗ്രതയും ഓര്‍മയുമൊക്കെ എങ്ങിനെയാണു പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അജ്ഞത പലര്‍ക്കും ചെയ്യുന്ന പ്രയത്നത്തിനനുസൃതമായ ഫലപ്രാപ്തി കിട്ടാതെ പോവാന്‍ ഇടയൊരുക്കാറുമുണ്ട്. പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാവാനും അമിതാകുലതകളില്ലാതെ പരീക്ഷാനാളുകളെ അതിജീവിക്കാനാവാനും അവശ്യമറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ:

ആത്മവിശകലനത്തോടെ തുടങ്ങാം

തുടക്കത്തിലേ ചെയ്തുവെക്കാനുള്ള ഒരു കാര്യം സ്വന്തം കഴിവുകള്‍, പരിമിതികള്‍, തനിക്ക് അനുകൂലമോ പ്രതികൂലമോ ആയി നിലകൊള്ളുന്ന ഘടകങ്ങള്‍ എന്നിവയുടെ ഒരു പട്ടികയുണ്ടാക്കുകയും അവയുടെ വിശകലനം നടത്തുകയുമാണ്. (SWOT Analysis എന്നാണ് ഇതിനു പേര്.) എഴുതാനുള്ള കഴിവ്, കയ്യക്ഷരം, വായനാപാടവം, വിവിധ പാഠ്യവിഷയങ്ങളിലെ അവഗാഹം, ടൈം മാനേജ്മെന്‍റ്, ഏകാഗ്രത, അടുക്കും ചിട്ടയും എന്നിങ്ങനെ വിവിധ മേഖലകളില്‍ ഏതിലൊക്കെയാണ് താന്‍ മുന്നിട്ടും പിന്നിട്ടും നില്‍ക്കുന്നത് എന്ന ഉള്‍ക്കാഴ്ച നേടുക; എന്നിട്ട് കൈവശമുള്ള കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പരീക്ഷാ തയ്യാറെടുപ്പിനുള്ള പദ്ധതി തയ്യാറാക്കുക. പെര്‍ഫോമന്‍സിനെ ബാധിച്ചേക്കാമെന്നു തോന്നുന്ന ദൌര്‍ബല്യങ്ങളെ മറികടക്കാനുള്ള കോച്ചിങ്ങുകളോ വിദഗ്ദ്ധസഹായമോ തേടുക. അപരിഹാര്യമായ വല്ല ദൌര്‍ബല്യങ്ങളും ഉണ്ടെങ്കില്‍ അവയുടെ പ്രഭാവം കഴിവത്ര ലഘൂകരിക്കപ്പെടുന്ന രീതിയില്‍ പദ്ധതികളെ പുന:ക്രമീകരിക്കുക. പരീക്ഷക്കായുള്ള കാര്യക്ഷമമായൊരു തയ്യാറെടുപ്പിന് പ്രതിബന്ധമായേക്കാവുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്, അവയെ മറികടക്കാവുന്നത് എങ്ങിനെയൊക്കെയാണ് എന്നീ കാര്യങ്ങളും തുടക്കത്തിലേ പരിഗണനക്കെടുക്കുക. അതുപോലെതന്നെ, സ്വന്തമായി വായിച്ചാലാണോ അതോ ആരെങ്കിലും പറഞ്ഞുകേട്ടാലാണോ കാര്യങ്ങള്‍ നന്നായി ഗ്രഹിച്ചെടുക്കാനാവാറുള്ളത്, രാവിലെയാണോ അതോ രാത്രിയിലാണോ കൂടുതല്‍ ഏകാഗ്രത കിട്ടാറുള്ളത് എന്നൊക്കെയുള്ള കാര്യങ്ങളും കണക്കിലെടുക്കുക.

ഏകാഗ്രത വളര്‍ത്താം

ഓരോ അമ്പതു മിനിട്ട് പഠനത്തിനു ശേഷവും ഒരു പത്തു മിനിട്ട് ബ്രേക്ക് എടുക്കുന്നത് ഏകാഗ്രതക്കു നല്ലതാണ്. ഇത്തരം ഇടവേളകളില്‍ ഒന്നു കൈവീശി നടന്നിട്ടുവരുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടവും ടെന്‍ഷനെക്കുറക്കുന്ന നോറെപ്പിനെഫ്രിനും എന്‍ഡോര്‍ഫിനുകളും പോലുള്ള നാഡീരസങ്ങളുടെ ഉത്പാദനവും കൂടാന്‍ സഹായിക്കും.

ഒരേ വിഷയം തന്നെയോ സമാനമായ വിഷയങ്ങളോ തുടര്‍ച്ചയായി വായിക്കാതെ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ മാറിമാറി വായിക്കുന്നതാണ് നല്ലത്. (ഉദാഹരണത്തിന്, കണക്കിനു ശേഷം ഫിസിക്സ് വായിക്കാതെ ഏതെങ്കിലും ഭാഷാവിഷയം വായിക്കാം.) വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് തലച്ചോറിന്‍റെ വ്യത്യസ്ത ഭാഗങ്ങളാണ് എന്നതുകൊണ്ടാണ് ഈ വിദ്യ പ്രസക്തമാവുന്നത്.

സ്മാര്‍ട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും നിന്നുള്ള നിരന്തരമായ നോട്ടിഫിക്കേഷനുകള്‍ ആധുനിക കാലത്തെ ഏറ്റവും വലിയ കോണ്‍സന്‍ട്രേഷന്‍കൊല്ലികളിലൊന്നാണെന്ന്‍ വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പുതരുന്നുണ്ട്. അവക്കെതിരെയും തക്ക മുന്‍കരുതലുകളെടുക്കുക.

ഓര്‍മശക്തിയെ പുഷ്ടിപ്പെടുത്താം

കാര്യങ്ങളെ നിമിഷനേരത്തേക്കും ദീര്‍ഘകാലത്തേക്കും ഓര്‍ത്തുവെക്കാന്‍ തലച്ചോര്‍ രണ്ടു വ്യത്യസ്ത രീതികളാണ് ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഫോണില്‍ നോക്കി ആര്‍ക്കെങ്കിലും നാം വല്ല നമ്പറും പറഞ്ഞുകൊടുക്കുമ്പോള്‍ ആ ഒരല്‍പനേരത്തേക്കു മാത്രമേ തലച്ചോര്‍ ആ അക്കങ്ങളെ ഓര്‍മയില്‍നിര്‍ത്താന്‍ നോക്കൂ. എന്നാല്‍ മറുവശത്ത്‌ ഭാവിയിലേക്കും ആവശ്യമുള്ളതെന്നു തോന്നുന്ന വിവരങ്ങളെ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാന്‍ തലച്ചോര്‍ പ്രത്യേകം ശ്രദ്ധിക്കും. പരീക്ഷകള്‍ക്കായി പഠിച്ചെടുക്കുന്ന കാര്യങ്ങളെ long term memory എന്നറിയപ്പെടുന്ന ഈ രണ്ടാമതുപറഞ്ഞ തരം ഓര്‍മയിലേക്കെത്തിച്ചാലേ പരീക്ഷാനാള്‍ വരെ അവ മനസ്സില്‍ നില്‍ക്കൂ. പലയാവര്‍ത്തി റിവൈസ് ചെയ്യുക, പുതിയ വിവരങ്ങളെ അന്യോന്യവും മുന്നേയറിയാമായിരുന്ന കാര്യങ്ങളുമായും ബന്ധപ്പെടുത്തി ഉള്‍ക്കൊള്ളുക, പുത്തനറിവുകള്‍ ആര്‍ക്കെങ്കിലും വിശദീകരിച്ചു കൊടുക്കുകയോ അവയെപ്പറ്റിയുള്ള ചര്‍ച്ചകളിലേര്‍പ്പെടുകയോ ചെയ്യുക തുടങ്ങിയ വിദ്യകള്‍ ഇതിനു സഹായകമാവും.

SQ3R, KWL എന്നൊക്കെയറിയപ്പെടുന്ന പഠനരീതികള്‍ സ്വായത്തമാക്കുന്നതും നല്ല ഏകാഗ്രതയും ഓര്‍മശക്തിയും കൈവരുത്തും.

തലച്ചോറിനെ സഹായിക്കാം

തലച്ചോറിന്‍റെ ഒരുവശം വിവരങ്ങളെ വാക്കുകളിലൂടെ ഉള്‍ക്കൊള്ളുമ്പോള്‍ മറ്റേ വശം കാര്യങ്ങള്‍ ഗ്രഹിക്കുന്നത് ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയുമാണ്. അതുകൊണ്ടുതന്നെ, വിവരങ്ങളെ ചാര്‍ട്ടുകളും ഫ്ലോഡയഗ്രങ്ങളുമൊക്കെയാക്കി അവയെ മനസ്സിലുറപ്പിക്കാന്‍ നോക്കുന്നത് നല്ല നടപടിയാണ്.

തുടര്‍ച്ചയായി അഞ്ചാറു മണിക്കൂര്‍ പഠിക്കുന്നതിനെക്കാള്‍ ഫലപ്രദം മൂന്നോ നാലോ തവണയായി ഓരോ മണിക്കൂര്‍ വീതം വായിക്കുന്നതാണ് —ഇടതടവില്ലാതെ വായിക്കുമ്പോള്‍ ആ വിവരങ്ങളെ പുതിയ പ്രോട്ടീനുകളുണ്ടാക്കി കോശങ്ങളില്‍ രേഖപ്പെടുത്തിവെക്കാന്‍ തലച്ചോറിന് അവസരം കിട്ടാതെ പോവാം. ബഹളങ്ങള്‍ക്കിടയിലിരുന്നോ, മറ്റു തിരക്കുകള്‍ മനസ്സിനെ പിടിച്ചുവലിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ, വികാരവിക്ഷുബ്ധരായിരിക്കുമ്പോഴോ ഒക്കെ പഠിക്കാന്‍ ശ്രമിച്ച് തലച്ചോറിനെ പെടാപ്പാടുപെടീക്കാതിരിക്കാനും നോക്കുക.

ജീവിതശൈലിയില്‍ ശ്രദ്ധിക്കാം

ഓര്‍മകള്‍ തലച്ചോറില്‍ നന്നായിപ്പതിയാന്‍ പോഷകസമ്പന്നമായ ഭക്ഷണം അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമൊക്കെ കൂടുതലായിക്കഴിക്കാനും, എണ്ണമയമുള്ള പലഹാരങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും, ചായയോ കാപ്പിയോ അമിതമാവാതിരിക്കാനും ശ്രദ്ധിക്കുക. സമീകൃതാഹാരം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും അതുവഴി പരീക്ഷാട്ടെന്‍ഷന്‍ അസുഖങ്ങള്‍ക്കിടയാക്കാനുള്ള സാദ്ധ്യത കുറക്കുകയും ചെയ്യും. ചിട്ടയായ ശാരീരിക വ്യായാമം നല്ല ഏകാഗ്രത കിട്ടാനും മാനസികസമ്മര്‍ദ്ദം കുറയാനും മുതല്‍ക്കൂട്ടാവും.

പഠനത്തില്‍ മുഴുകുന്നേരം അഡിനോസിന്‍ എന്നൊരു രാസവസ്തു നമ്മുടെ തലച്ചോറില്‍ കുമിഞ്ഞുകൂടുകയും അതു നമ്മുടെ ഏകാഗ്രതയെയും ഉണര്‍വിനെയും ക്ഷയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ അഡിനോസിനെ ശരീരം വിഘടിപ്പിച്ചില്ലാതാക്കുന്നത് ഉറക്കത്തിന്‍റെ REM എന്ന ഘട്ടത്തിലാണ്. പുതിയ അറിവുകളെ long term memory-യില്‍ പതിപ്പിക്കുന്ന പ്രക്രിയയുടെ നല്ലൊരു പങ്കും നടക്കുന്നതും REM ഉറക്കത്തില്‍ത്തന്നെയാണ്. ഇതുകൊണ്ടൊക്കെത്തന്നെ പഠിക്കുന്ന ദിവസങ്ങളില്‍ നന്നായുറങ്ങേണ്ടത് പ്രധാനമാണ്.

പരീക്ഷ ഫലപ്രദമായെഴുതാം

ചോദ്യങ്ങള്‍ക്ക് ക്രമത്തില്‍ ഉത്തരമെഴുതുന്നതിനു പകരം നന്നായറിയാവുന്ന ചോദ്യങ്ങളെ ആദ്യം അറ്റന്‍ഡ് ചെയ്യുന്നത് ആത്മവിശ്വാസം ലഭിക്കാനും ടെന്‍ഷനൊഴിവാകാനും സഹായിക്കുമെന്നു മാത്രമല്ല, പ്രയാസമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളെ തലച്ചോറിലെ “അറകളില്‍” നിന്നു പുറത്തെടുക്കുന്ന പ്രക്രിയ സുഗമമാക്കുകയും ചെയ്യും. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി വരുമ്പോഴേക്ക് “നാക്കിന്‍റെ തുമ്പത്തു വന്നുനില്‍ക്കുന്ന” തരം പോയിന്‍റുകളും മുഴുവനായി ബോധമനസ്സിലേക്കു വരാം. ഒരേ പരീക്ഷയില്‍ MCQ-വും അല്ലാത്തതുമായ ചോദ്യങ്ങളുണ്ടെങ്കില്‍ ആദ്യം MCQകള്‍ ശ്രമിക്കുന്നതും ഇതേ ഫലംചെയ്യും.

ഏറ്റവുമാദ്യം മനസ്സിലേക്കു വരുന്ന ഊഹമാണ് ശരിയുത്തരമായിരിക്കാന്‍ കൂടുതല്‍ സാദ്ധ്യത എന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മതിയായ കാരണമില്ലാതെ ഒരിക്കലെഴുതിയ ഉത്തരങ്ങള്‍ തിരുത്താന്‍ പോവാതിരിക്കുക.

(2015 ജൂണ്‍ 10-ലെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Painting: A Woman Eating by Vincent van Gogh

പുതുകാലം മനസ്സുകളോടു ചെയ്യുന്നത്
ഡിജിറ്റല്‍ക്കാലത്തെ #മനസ്സുകള്‍

Related Posts