കുട്ടികളിലെ ആത്മഹത്യാപ്രവണത

കുട്ടികളിലെ ആത്മഹത്യാപ്രവണത

കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊക്കെ ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.

കുട്ടികളില്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍

1. വ്യക്തിപരമായ കാരണങ്ങള്‍

 • മാനസികപ്രശ്നങ്ങള്‍: ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 90 ശതമാനവും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണ്. അമിതമായ സ്വയംവിമര്‍ശനം, എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുടെ സാന്നിദ്ധ്യം വിഷാദരോഗമുള്ള കൌമാരക്കാരില്‍ ആത്മഹത്യയുടെ സാദ്ധ്യത കൂട്ടുന്നുണ്ട്.
 • സ്വഭാവവൈകല്യങ്ങള്‍: ശുഭാപ്തിവിശ്വാസമില്ലായ്മ, മനോവികാരങ്ങളില്‍ അകാരണമായി വ്യതിയാനങ്ങള്‍ വരുന്ന ശീലം, സ്ഥായിയായ ആക്രമണോത്സുകത, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, മുന്‍കോപം തുടങ്ങിയവ ആത്മഹത്യയിലേക്കു നയിച്ചേക്കാം.
 • ശാരീരിക കാരണങ്ങള്‍: തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസത്തിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആത്മഹത്യോന്മുഖതക്കു കാരണമാവാം. ആത്മഹത്യാപ്രവണതയുള്ള കുട്ടികളില്‍ ഡെക്സാമെതസോണ്‍ സപ്പ്രഷന്‍ എന്ന ടെസ്റ്റ് നടത്തുമ്പോഴും ഉറങ്ങാന്‍ തുടങ്ങുന്ന സമയത്തും രക്തത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് പതിവിലും കൂടുതലാണെന്ന് ചില പഠനങ്ങള്‍ ‍രേഖപ്പെടുത്തിയിട്ടുണ്ട്. ജനനസമയത്ത് ശ്വാസതടസ്സം പോലുള്ള വൈഷമ്യങ്ങള്‍ നേരിട്ട കുട്ടികളില്‍ കൌമാരത്തില്‍ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള കഴിവ് കുറയുകയും അത്തരം സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയില്‍ അഭയം തേടാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നും സൂചനകളുണ്ട്.
 • ആത്മഹത്യാശ്രമം: മുമ്പ് ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ടവര്‍‍, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍, വീണ്ടും ശ്രമിക്കാനുള്ള സാദ്ധ്യത ഏറെയാണ്.

തലച്ചോറില്‍ സിറോട്ടോണിന്‍ എന്ന നാഡീരസത്തിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആത്മഹത്യോന്മുഖതക്കു കാരണമാവാം. 

2. പാരമ്പര്യം

മുമ്പ് ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളിലും, അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്.

3. പ്രതികൂലസാഹചര്യങ്ങള്‍

കഠിനമായ ശിക്ഷാനടപടികള്‍, ശാരീരികമോ ലൈംഗികമോ ആയ പീഢനങ്ങള്‍, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിട്ടേക്കാം. മാതാപിതാക്കളുടെ വഴിപിരിയല്‍, കുടുംബാംഗങ്ങളുടെ മരണം, നിരന്തരമുള്ള കുടുംബകലഹങ്ങള്‍ തുടങ്ങിയവയും അവരില്‍ ആത്മഹത്യാചിന്തകളുടെ വിത്തുപാകിയേക്കാം. തക്കതായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വൈഷമ്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും മുതിര്‍ന്നവര്‍ ആരും ലഭ്യമല്ലാത്ത അവസ്ഥയും ആത്മഹത്യാസാദ്ധ്യത വര്‍ദ്ധിപ്പിച്ചേക്കാം.

4. അനുകരണം

ആത്മഹത്യയെക്കുറിച്ച് വായിക്കുകയോ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കുകയോ, നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകള്‍ കാണുകയോ ചെയ്താല്‍ ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന്‍ സ്വയം വെടിവെച്ചു മരിക്കുന്ന നായകന്‍റെ കഥ പറഞ്ഞ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച് പത്തൊമ്പതാം നൂറ്റാണ്ടില്‍ അനേകം കൌമാരപ്രായക്കാര്‍ ആത്മഹത്യ ചെയ്തതാണ് ഇത്തരത്തിലുള്ള ആദ്യ പ്രധാനസംഭവം. മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകള്‍ “വെര്‍തര്‍ എഫക്റ്റ്” എന്നാണ് ഇന്നും അറിയപ്പെടുന്നത്. വസ്തുതാപരമായ വിവരങ്ങളുള്ള ആത്മഹത്യാവാര്‍ത്തകളല്ല, മറിച്ച് പൈങ്കിളിവല്‍ക്കരിക്കപ്പെട്ട വിവരണങ്ങളുള്ളവയാണ് പ്രധാനമായും ഇത്തരം അനുകരണങ്ങള്‍ക്ക് വഴിവെക്കുന്നത്.

മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകള്‍ “വെര്‍തര്‍ എഫക്റ്റ്” എന്നാണ് അറിയപ്പെടുന്നത്.

ആത്മഹത്യക്കൊരുങ്ങുന്ന കുട്ടികളെ എങ്ങിനെ തിരിച്ചറിയാം?

ആത്മഹത്യക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

 1. മുന്നറിയിപ്പുകള്‍: ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുന്‍കൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്.
 2. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍: അകാരണമായ നിരാശയും ദേഷ്യവും, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മെലിച്ചില്‍, തളര്‍ച്ച, നെഞ്ചിടിപ്പ്, ശ്രദ്ധക്കുറവ്, മറവി, വിനോദങ്ങളില്‍ താല്പര്യമില്ലായ്മ, അസ്ഥാനത്തുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, മരണചിന്തകള്‍, ശുഭാപ്തിവിശ്വാസമില്ലായ്മ തുടങ്ങിയവ വിഷാദരോഗത്തിന്‍റെ സൂചനകളാവാം. ഇതില്‍ നാലിലേറെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അത് സാഹചര്യം വിദഗ്ദ്ധസഹായം അര്‍ഹിക്കുന്നത്ര ഗൌരവമുള്ളതാണ് എന്നതിന്‍റെ സൂചനയാണ്.
 3. പഠനനിലവാരത്തില്‍ പെട്ടെന്നുള്ള തകര്‍ച്ച
 4. മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ അമിതമായ ഉപയോഗം
 5. അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള പുതിയ പ്രവണത
 6. ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍

ഈ ലക്ഷണങ്ങള്‍ പൊടുന്നനെ തലപൊക്കുകയും, ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും, ജീവിതത്തിന്‍റെ സമസ്തമേഖലകളെയും ബാധിക്കുകയും ചെയ്യുമ്പോഴാണ് അവയെ കൂടുതല്‍ ഗൌരവമായെടുക്കേണ്ടത്.

ആത്മഹത്യാപ്രവണതയുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?

 1. അവരുടെ പ്രശ്നങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചതിന് നന്ദി പറയുക.
 2. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഏതൊരാള്‍ക്കും സങ്കടവും മനോവേദനയും പ്രത്യാശയില്ലായ്മയുമൊക്കെ അനുഭവപ്പെടാമെന്നും, നിങ്ങള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനാവുന്നുണ്ടെന്നും ബോദ്ധ്യപ്പെടുത്തുക.
 3. അവര്‍ തനിച്ചല്ലെന്ന തിരിച്ചറിവുണ്ടാക്കി അവരുടെ വിഷമങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുക.
 4. കേട്ടു പഴകിയ ഉപദേശങ്ങളും അനാവശ്യ വാദപ്രതിവാദങ്ങളും ഒഴിവാക്കുക.
 5. ആത്മഹത്യാചിന്ത എത്രത്തോളം വളര്‍ന്നിട്ടുണ്ട്, എന്തെങ്കിലും ആസൂത്രണങ്ങള്‍ ചെയ്തു തുടങ്ങിയിട്ടുണ്ടോ, മുമ്പ് വല്ല ശ്രമങ്ങളും നടത്തിയിട്ടുണ്ടോ, ആത്മഹത്യാ ഉപാധികള്‍ യഥേഷ്ടം ലഭ്യമാണോ, വല്ല മാനസികരോഗങ്ങളും ഉള്ളതിന്‍റെ സൂചനകള്‍ ഉണ്ടോ, കുടുംബസാഹചര്യങ്ങള്‍ അനുകൂലമാണോ അതോ പ്രതികൂലമാണോ എന്നൊക്കെ ചോദിച്ചറിയുക.
 6. ശക്തമായ ആത്മഹത്യാപ്രവണതയുള്ളവരെ തനിച്ചുവിടാതിരിക്കുക. അവര്‍ക്ക് വിദഗ്ദ്ധസഹായം നിര്‍ദ്ദേശിക്കുക.
 7. ആത്മഹത്യക്ക് ഉപയോഗിച്ചേക്കാവുന്ന വസ്തുക്കള്‍ വീട്ടില്‍ നിന്നും സ്കൂള്‍ പരിസരത്തു നിന്നും മാറ്റാന്‍ ശ്രമിക്കുക.
 8. കാര്യം രഹസ്യമാക്കി വെക്കാതിരിക്കുക. ആത്മഹത്യ തടയുകയെന്ന ഉത്തരവാദിത്തം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് കൂടുതല്‍ ഫലപ്രദമാവുമെന്ന് ഓര്‍ക്കുക.

അദ്ധ്യാപകരുടെ പങ്ക്

 1. ആത്മഹത്യാപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പി.റ്റി.എ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യുക.
 2. ലഹരിപദാര്‍ത്ഥങ്ങളുടെ ദൂഷ്യവശങ്ങള്‍ മാനസികരോഗങ്ങളുടെ ലക്ഷണങ്ങള്‍, അവയുടെ ചികിത്സകള്‍, ആത്മഹത്യാപ്രവണത തുടങ്ങിയവയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക.
 3. പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കുക.
 4. അച്ചടക്കനടപടികള്‍ക്ക് വിധേയരായി സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ മാനസികപ്രശ്നങ്ങള്‍ക്ക് സാദ്ധ്യത കൂടുതലായതിനാല്‍ അവര്‍ക്ക് വിദഗ്ദ്ധോപദേശം നിര്‍ദ്ദേശിക്കുക.

സുഹൃത്തുക്കളുടെ പങ്ക്

പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ തങ്ങള്‍ ആദ്യം സമീപിക്കുക കൂട്ടുകാരെയായിരിക്കുമെന്ന് ഒരു പഠനത്തില്‍ 93 ശതമാനം കുട്ടികള്‍ വ്യക്തമാക്കുകയുണ്ടായി. ആത്മഹത്യാചിന്ത പങ്കുവെക്കുന്ന കൂട്ടുകാരെ സ്വന്തംനിലയില്‍ സഹായിക്കുന്നതിനൊപ്പം മുതിര്‍ന്നവരുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

ആത്മഹത്യകള്‍ തടയാന്‍ സമൂഹത്തിനു ചെയ്യാനുള്ളത്

അദ്ധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മതപണ്ഡിതര്‍ തുടങ്ങിയവര്‍ ആത്മഹത്യാസാദ്ധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നതെങ്ങനെ, അങ്ങിനെ തിരിച്ചറിയപ്പെടുന്ന കുട്ടികള്‍ക്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതെവിടെ തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടുന്നത് ഫലപ്രദമാണ്. ആത്മഹത്യാ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാദ്ധ്യമപ്രവര്‍ത്തകര്‍ അവബോധം നേടുന്നതും നല്ലതാണ്. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത നിയന്ത്രിക്കാനുള്ള നടപടികളും പ്രസക്തമാണ്.

(2013 ഡിസംബര്‍ ലക്കം അവര്‍ കിഡ്സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Drawing: Child's Suicide by Thatonegirludontknow

മുതിര്‍ന്നവരിലെ അശ്രദ്ധയും വികൃതിയും
തൊഴിലോ ദാമ്പത്യമോ യൌവനത്തില്‍ ടെന്‍ഷന്‍ നിറക്കുമ്പ...

Related Posts

 

By accepting you will be accessing a service provided by a third-party external to http://mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
Our website is protected by DMC Firewall!