ആരോഗ്യകരമായ ആഹാരമെടുക്കുക, ചിട്ടയ്ക്കു വ്യായാമം ചെയ്യുക, രോഗങ്ങളെപ്പറ്റി അറിവു നേടുക, വന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക എന്നതൊക്കെ ആയുസ്സിനുമാരോഗ്യത്തിനും ഉത്തമമാണെങ്കിലും ചെയ്യാന്‍ പക്ഷേ മിക്കവര്‍ക്കും താല്പര്യം തോന്നാത്ത ബോറിംഗ് ഏര്‍പ്പാടുകളാണ്. ഇത്തരം കാര്യങ്ങളെ ഒരു കളിയുടെ രസവും ആസ്വാദ്യതയും കലര്‍ത്തി ആകര്‍ഷകമാക്കാനുള്ള ശ്രമം ആപ്പുകളും ഹെല്‍ത്ത് ഡിവൈസുകളും തുടങ്ങിയിട്ടുണ്ട്. ‘ഗെയിമിഫിക്കേഷന്‍’ എന്നാണീ വിദ്യയ്ക്കു പേര്. ഒരു കഥ ചുരുളഴിയുന്ന രീതി സ്വീകരിക്കുക, പുതിയ നാഴികക്കല്ലുകളിലെത്തിയാലോ മറ്റുള്ളവരെ കടത്തിവെട്ടിയാലോ ഒക്കെ പോയിന്റുകളോ ബാഡ്ജുകളോ മറ്റോ സമ്മാനം കൊടുക്കുക തുടങ്ങിയ കളിരീതികള്‍ ഗെയിമിഫിക്കേഷനില്‍ ഉപയുക്തമാക്കുന്നുണ്ട്. ഹെല്‍ത്ത് ആപ്പുകള്‍ ഒരുലക്ഷത്തിഅറുപത്തയ്യായിരത്തിലധികം രംഗത്തുണ്ടെങ്കിലും അവയ്ക്കു പൊതുവെ പ്രചാരവും സ്വീകാര്യതയും കുറവാണ്, ഡൌണ്‍ലോഡ് ചെയ്യുന്ന മിക്കവരും അവ ഏറെനാള്‍ ഉപയോഗിക്കുന്നില്ല, ശാസ്ത്രീയപഠനങ്ങളില്‍ കാര്യക്ഷമത തെളിയിക്കാന്‍ മിക്ക ആപ്പുകള്‍ക്കും കഴിഞ്ഞിട്ടില്ല എന്നൊക്കെയിരിക്കെ ഇത്തരം പരിമിതികളെ മറികടക്കാന്‍ ഗെയിമിഫിക്കേഷന്‍ കൊണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്.