ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം, ഈ രീതിക്ക് ആരംഭമായത്.
കുട്ടികളെ അവരുടെ ജനനത്തോടെയോ ജീവിതത്തിന്റെ ആദ്യമാസങ്ങളിലോ പിടികൂടാറുള്ള ഒരസുഖമാണത്. മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഓട്ടിസം മുഖ്യമായും താറുമാറാക്കാറുള്ളത് മറ്റുള്ളവരുമായുള്ള ഇടപഴകല്‍, ആശയവിനിമയം, പെരുമാറ്റങ്ങള്‍, വ്യക്തിപരമായ താല്പര്യങ്ങള് എന്നീ മേഖലകളെയാണ്. നൂറിലൊരാളെ വെച്ച് ഈയസുഖം ബാധിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു രോഗമാണ് ഇതെങ്കിലും മരുന്നുകളും മനശ്ശാസ്ത്രചികിത്സകളും ശാസ്ത്രീയ പരിശീലനങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു ശതമാനം രോഗികള്‍ക്കും മിക്ക ലക്ഷണങ്ങള്‍ക്കും ഏറെ ശമനം കിട്ടാറുണ്ട്.
എന്തു കാരണത്താലാണ് ഓട്ടിസം ആവിര്‍ഭവിക്കുന്നതെന്നതിന് കൃത്യമായ ഒരുത്തരം ലഭ്യമല്ല. ഗര്‍ഭാവസ്ഥയില്‍ വിവിധ കാരണങ്ങളാല്‍ തലച്ചോറിനേല്‍ക്കുന്ന കേടുപാടുകളാണ് ഓട്ടിസത്തിനു കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജനിതക വൈകല്യങ്ങള്‍, വൈറസ് ബാധകള്‍, ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രസവവേളയില്‍ വേണ്ടത്ര ഓക്സിജന്‍ ലഭിക്കാതെ പോകുന്നത് എന്നിങ്ങനെ നാനാതരം പ്രശ്നങ്ങള്‍ തലച്ചോറിനെ താറുമാറാക്കി ഓട്ടിസത്തിനു വഴിയൊരുക്കാം. ‘ഫ്രജൈല്‍ എക്സ് സിണ്ട്രോം’ പോലുള്ള ചില രോഗങ്ങളുള്ളവര്‍ക്ക് ഒപ്പം ഓട്ടിസവും വരാന്‍ സാദ്ധ്യതയേറുന്നുണ്ട്. അച്ഛനമ്മമാര്‍ക്ക് പ്രായക്കൂടുതലുണ്ടാകുന്നതും ജനനസമയത്ത് തൂക്കക്കുറവുണ്ടാകുന്നതും ഓട്ടിസത്തിനു സാദ്ധ്യത കൂട്ടുന്നുണ്ട്. വാക്സിനുകള്‍ ഓട്ടിസമുണ്ടാക്കുമെന്ന പ്രചരണം വ്യാപകമാണെങ്കിലും അത് ശാസ്ത്രീയാടിത്തറ തീരെയില്ലാത്തൊരു വ്യാജാരോപണം മാത്രമാണ്.
പിന്നീട് ഓട്ടിസം നിര്‍ണയിക്കപ്പെടുന്ന പല കുട്ടികളുടെയും മാതാപിതാക്കള്‍ക്ക് കുട്ടിക്ക് ഒരൊന്നര വയസ്സ് ആകുന്നതോടെതന്നെ കുട്ടിയുടെ വളര്‍ച്ചയെയും പെരുമാറ്റങ്ങളെയും പറ്റി സംശയം തോന്നിത്തുടങ്ങാറുണ്ട്. പക്ഷേ, ഇങ്ങിനെയൊരു രോഗത്തെപ്പറ്റിയുള്ള അറിവുകുറവു മൂലം, പലപ്പോഴും വിദഗ്ദ്ധ പരിശോധന ലഭ്യമാകാനും രോഗനിര്‍ണയം സാദ്ധ്യമാകാനും മൂന്നു വയസ്സോ അതിലുമധികമോ കഴിഞ്ഞേ അവസരമൊരുങ്ങാറുള്ളൂ. ഈയൊരു കാലതാമസം ചികിത്സ യഥാസമയം തുടങ്ങാനും പല ലക്ഷണങ്ങളും തലപൊക്കുന്നതു തടയാന്‍ പോലുമുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുന്നുണ്ട്.
സംസാരിക്കുമ്പോള്‍ കേള്‍വിക്കാരുടെ മുഖത്തു യഥാവിധി നോക്കാനും അനുയോജ്യമായ ശരീരഭാഷ ഉപയോഗിക്കാനുമൊക്കെയുള്ള പരിശീലനം ഓട്ടിസം ചികിത്സയില്‍ പരമപ്രധാനമാണ്. ഇത്തരം പരിശീലനങ്ങള്‍ എത്ര നേരത്തേ തുടങ്ങുന്നോ, അത്രയും ഗുണകരവുമാണ്. തലച്ചോറിന് അധികം വളര്‍ച്ചയെത്തുന്നതിനു മുമ്പുള്ള കുഞ്ഞുപ്രായങ്ങളില്‍ത്തന്നെ ചികിത്സയാരംഭിക്കുന്നത് രോഗസംബന്ധിയായ മസ്തിഷ്കവ്യതിയാനങ്ങളെ ലഘൂകരിക്കാനും പ്രതിരോധിക്കാനും സഹായകമാകും. ആരോടുമധികം ഇടപഴകാത്ത കുട്ടിയെ വീട്ടുകാരും തിരിച്ച് അവഗണിക്കാന്‍ തുടങ്ങുകയും അങ്ങിനെ കുട്ടിയുടെ വൈഷമ്യങ്ങള്‍ പിന്നെയും വഷളാവുകയും ചെയ്യുന്നത് പൊതുവെ കണ്ടുവരുന്നൊരു പ്രവണതയാണ്. പ്രശ്നം കുട്ടി മനപൂര്‍വം ചെയ്യുന്നതല്ല, മറിച്ച് രോഗത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ഇതിനു തടയാകും. ഓട്ടിസമുള്ള കുട്ടിയുമായി ജീവിക്കാന്‍ വേണ്ട വൈകാരികവും മാനസികവുമായ തയ്യാറെടുപ്പിന് കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സമയം കിട്ടാനും, ചികിത്സകര്‍ക്ക് കുട്ടിയെ ചെറുപ്രായത്തിലേ പരിചയമാകാനുമെല്ലാം വിളംബമില്ലാതുള്ള രോഗനിര്‍ണയം ഉപകരിക്കും.
ഒന്നര മുതല്‍ രണ്ടു വരെ വയസ്സു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ താഴെക്കൊടുത്ത ചോദ്യാവലിക്ക് ഉത്തരം പറയുന്നത് കുട്ടിക്ക് ഓട്ടിസമുണ്ടോ എന്നറിയാന്‍ സഹായിക്കും: (ചോദ്യാവലിയുടെ PDF രൂപം ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.)
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ചോദ്യങ്ങളിലേതിനെങ്കിലും C,D,E എന്നിവയിലേതെങ്കിലും ഉത്തരം തന്നിട്ടുണ്ടെങ്കില്‍ അതിനോരോന്നിനും ഒരു മാര്‍ക്കു വീതമിടുക. പത്താം ചോദ്യത്തിന് A,B,C എന്നിവയിലേതെങ്കിലും ഉത്തരമാണ് പറഞ്ഞതെങ്കില്‍ അതിനും ഒരു മാര്‍ക്ക് ഇടുക. മാര്‍ക്കുകള്‍ കൂട്ടുക. ആകെ മാര്‍ക്ക് മൂന്നിലധികമാണെങ്കില്‍ കുട്ടിക്ക് ഓട്ടിസമാണോ എന്നു തീരുമാനിക്കാനുള്ള വിദഗ്ദ്ധ പരിശോധനകള്‍ ആവശ്യമാവാം.
(2017 ഏപ്രില്‍ ലക്കം ഡെന്റ്കെയര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.
By accepting you will be accessing a service provided by a third-party external to http://mind.in/